Siddarth: ‘സ്ത്രീകളെ മർദിച്ചും പൊക്കിളിൽ നുള്ളിയും അഭിനയിക്കാനാകില്ല, അത്തരം സിനിമ ചെയ്തിരുന്നെങ്കിൽ ഞാൻ പണ്ടേ സ്റ്റാറായേനെ’; സിദ്ധാർഥ്
Siddarth Shares Why He Rejects Scripts Male Chauvinism: സിനിമയിലെ സ്ത്രീകളെ കുറിച്ച് ഹൈദരാബാദിലെ ലിറ്റററി ഫെസ്റ്റിവലിൽ വെച്ച് നടന്ന ചർച്ചയിലാണ് നടൻ സിദ്ധാർഥ് മനസ് തുറന്നത്. പുരുഷാധിപത്യം പ്രമേയമാക്കി വരുന്ന ചിത്രങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനെ കുറിച്ചും താരം വ്യക്തമാക്കി.
![Siddarth: ‘സ്ത്രീകളെ മർദിച്ചും പൊക്കിളിൽ നുള്ളിയും അഭിനയിക്കാനാകില്ല, അത്തരം സിനിമ ചെയ്തിരുന്നെങ്കിൽ ഞാൻ പണ്ടേ സ്റ്റാറായേനെ’; സിദ്ധാർഥ് Siddarth: ‘സ്ത്രീകളെ മർദിച്ചും പൊക്കിളിൽ നുള്ളിയും അഭിനയിക്കാനാകില്ല, അത്തരം സിനിമ ചെയ്തിരുന്നെങ്കിൽ ഞാൻ പണ്ടേ സ്റ്റാറായേനെ’; സിദ്ധാർഥ്](https://images.malayalamtv9.com/uploads/2025/01/ACTOR-SIDDARTH.png?w=1280)
പുരുഷാധിപത്യം പ്രമേയമാക്കി വരുന്ന ചിത്രങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ് നടൻ സിദ്ധാർഥ്. അത്തരം സിനിമകളിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞു മാറുകയാണെന്നും ഹൈദരാബാദിൽ വെച്ച് നടന്ന ലിറ്റററി ഫെസ്റ്റിവലിൽ നടൻ പറഞ്ഞു. സ്ത്രീകളെ മർദിക്കുന്നതും, അവരുടെ പൊക്കിളിൽ നുള്ളുന്നതുമായ രംഗങ്ങളും, സ്ത്രീകളോട് അവർ എങ്ങനെ ആണ് പെരുമാറേണ്ടതെന്ന് അടിച്ചേല്പിക്കുന്നതുമായ കഥാപാത്രങ്ങൾ, ഐറ്റം പാട്ടുകൾ എന്നിവയും മറ്റുമാണ് ഒരു കമേഷ്യൽ സിനിമയ്ക്ക് അടിസ്ഥാനമായി വേണ്ടതെന്ന് കരുതുന്നവർ ഉണ്ട്. അത്തരം ആശയങ്ങൾ പ്രമേയമാക്കിയുള്ള തിരക്കഥകൾ തന്നെ തേടി എത്താറുണ്ട്. എന്നാൽ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നാണ് സിദ്ധാർഥ് വ്യക്തമാക്കിയത്.
അത്തരം സിനിമകൾ തിരഞ്ഞെടുത്തിരുന്നെങ്കിൽ താൻ ഇന്ന് വലിയ സ്റ്റാർ ആകുമായിരുന്നു എന്നും പക്ഷെ താൻ ഇതുവരെ ചെയ്തിട്ടുള്ളത് തനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളും സിനിമകളുമാണെന്നും താരം പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ് താനെന്ന് പലരും പറയാറുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ നല്ലൊരു മകനാണ്. കുട്ടികളെ സംബന്ധിച്ചടുത്തോളം അവരുടെ കണ്ണിൽ ഞാൻ നല്ലൊരു വ്യക്തിയാണ്. അവർക്ക് തന്നോട് സ്നേഹമാണ്. പതിനഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും കുട്ടികൾക്ക് തന്റെ സിനിമകൾ കാണാൻ കഴിയുന്നു എന്നത് തന്നെ എത്ര സന്തോഷകരമായ ഒരു കാര്യമാണ്. കോടികൾ കൈയിൽ കിട്ടിയാൽ പോലും ഇത്രയും സന്തോഷം ഉണ്ടാകില്ലെന്നും സിദ്ധാർഥ് പറയുന്നു.
ALSO READ: ‘അയ്യോ ഇത് എന്ത് പറ്റി’; തമന്നയും വിജയും ബ്രേക്കപ്പായോ? ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്
തനിക്ക് ചുറ്റും ഉള്ളവരെല്ലാം വളരെ ദേഷ്യത്തോടെ പെരുമാറുന്നതാണ് കാണാൻ കഴിയുന്നത്. പുരുഷന്മാർക്ക് വേദനയില്ല, വിഷമം ഇല്ല, അവർ കരയാറില്ല എന്നൊക്കെ പറയുന്നവർ ഉണ്ട്. എന്നിരുന്നാൽ പോലും സിനിമകളിലൂടെ തനിക്ക് കരഞ്ഞ് അഭിനയിക്കാൻ സാധിക്കുന്നു എന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ് എന്നും താരം അഭിപ്രായപ്പെട്ടു.
സിനിമയിലെ സ്ത്രീകളെ കുറിച്ചുള്ള ചർച്ചയിൽ എഴുത്തുകാരിയും പാട്ടുകാരിയുമായ വിദ്യ റാവുവിനൊപ്പം സംസാരിക്കുകയായിരുന്നു സിദ്ധാർഥ്. ‘മിസ് യു’ എന്ന സിനിമയിലാണ് സിദ്ധാർഥ് അവസാനമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. നയൻതാര, മാധവൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദി ടെസ്റ്റ്’ എന്ന ചിത്രമാണ് സിദ്ധാർഥിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.