Shine Tom Chacko: പൊലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോ, പട്രോളിങ്ങാണെന്ന് തെറ്റിദ്ധരിച്ച് ബൈക്ക് ബ്രേക്കിട്ടപ്പോള്‍ അപകടം; യുവാവിന് പരിക്ക്
Shine Tom Chacko Movie Shooting: നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തില്‍ നില്‍ക്കുന്നത് കണ്ട് യുവാവ് തെറ്റിദ്ധരിച്ചു. യഥാര്‍ത്ഥ പൊലീസാണെന്നാണ് യുവാവ് കരുതിയത്. യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല
മലപ്പുറം: സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. മലപ്പുറം എടപ്പാളിലാണ് സംഭവം. സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ പൊലീസ് പട്രോളിങ്ങാണെന്ന് തെറ്റിദ്ധരിച്ച് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്.
നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തില്‍ നില്‍ക്കുന്നത് കണ്ട് യുവാവ് തെറ്റിദ്ധരിച്ചു. യഥാര്‍ത്ഥ പൊലീസാണെന്നാണ് യുവാവ് കരുതിയത്. യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം. മഴ പെയ്തത് മൂലം റോഡില്‍ തെന്നലുണ്ടായിരുന്നു.
എടപ്പാള്‍-പൊന്നാനി റോഡില്‍ ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവമുണ്ടായത്. യുവാവിന്റെ പരിക്ക് ഗുരുതരമല്ല. അപകടം നടന്നയുടന്‍ ഷൈന്‍ ടോം ചാക്കോയാണ് യുവാവിനെ വാഹനത്തില്‍ കയറ്റി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് യുവാവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഫോട്ടോ കൂടി എടുത്തതിന് ശേഷമാണ് ഷൈന്‍ തിരിച്ചുപോയത്.
പുതുമുഖമായ യുജീൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത ചിത്രമാണ് സൂത്രവാക്യം. ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന, സിനിമാബണ്ടിയുടെ ഏറ്റവും പുതിയ ചിത്രമാണിത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി സൂത്രവാക്യത്തിനുണ്ട്. ഇതിനകം മൂന്ന് ചിത്രങ്ങളും, നാല് വെബ് സീരിസുകളും സിനിമാബണ്ടി നിര്‍മ്മിച്ചിട്ടുണ്ട്.
ഷൈന്‍ ടോം ചാക്കോയെ കൂടാതെ വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ യുജീന്‍ ജോസ് ചിറമ്മല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവിന്റേതാണ് കഥ.
ശ്രീരാം ചന്ദ്രശേഖരൻ ഛായാഗ്രഹണവും, ജീന്‍ പി ജോണ്‍സണ്‍ സംഗീതവും, നിതീഷ് കെടിആര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. പ്രശാന്ത് പി മേനോൻ (സൗണ്ട് ഡിസൈൻ),സിനോയ് ജോസഫ് (ഫൈനൽ മിക്സിംഗ്), അപ്പുണ്ണി സാജൻ (പ്രൊഡക്ഷൻ ഡിസൈൻ), ഡി ഗിരീഷ് റെഡ്ഡി (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), സൗജന്യ വർമ്മ (അസ്സോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജോബ് ജോർജ് (പ്രൊഡക്ഷൻ കൺട്രോളർ), വിപിൻ ദാസ് (വസ്ത്രാലങ്കാരം), റോണി വെള്ളത്തൂവൽ (മേക്കപ്പ്), അബ്രു സൈമൺ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), മാർക്കറ്റിംഗ്, ബ്രാൻഡിംഗ് & പോസ്റ്റർ റാബിറ്റ് ബോക്സ് ആഡ്‌സ്, പിആർഒ എ എസ് ദിനേശ്, ശബരി തുടങ്ങിയവരും ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.