ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം
Shine Tom Chacko Got Bail: ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. ഇതോടെ പോലീസ് സ്റ്റേഷനിൽ നിന്ന് നടൻ മടങ്ങി.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. ഇതോടെ പോലീസ് സ്റ്റേഷനിൽ നിന്ന് നടൻ മടങ്ങി.കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച തന്നെ ഹാജരാകാമെന്ന് നടൻ അറിയിച്ചു.
ഇന്ന് രാവിലെ പത്ത് മണിക്ക് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായ നടനെ മൂന്നു മണിക്കൂറിലേറെ നടത്തിയ ചോദ്യം ചെയ്യലിനു പിന്നാലെ ഉച്ചയ്ക്ക് രണ്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ് 27, 29 ആക്ട് പ്രകാരം ലഹരി ഉപയോഗിച്ചതിനും ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനും ഗൂഡാലോചനയ്‌ക്കുമാണ് ഷൈനിനെതിരെ കേസെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
പിന്നീട് വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെയാണ് നടപടിക്രമങ്ങൾക്ക് ശേഷം ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെ അതിവേഗം കാറിൽ കയറി മടങ്ങുകയായിരുന്നു.. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെങ്കിലും ഷൈന്‍ ടോമിനെ വീണ്ടും പൊലീസ് വിളിപ്പിക്കും.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൊച്ചിയിലെ ആഢംബര ഹോട്ടലിൽ ഡാൻസാഫ് സംഘത്തെ കണ്ട് ഇറങ്ങിയോടിയത്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ താരത്തിന്റെ വീട്ടിൽ നേരിട്ടെത്തി പോലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഹാജരായത്.
അതേസമയം ചോദ്യം ചെയ്യലിൽ താൻ ലഹരി ഉപയോഗിക്കാറുണ്ടെന്ന് നടൻ ഷൈൻ ടോം മൊഴി നൽകി. എന്നാൽ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ദിവസം ഉപയോഗിച്ചില്ലെന്നും നടൻ പറഞ്ഞു. ഹോട്ടലിൽ എത്തിയത് പോലീസ് ആണെന്ന് മനസ്സിലായത് തൊട്ടടുത്ത ദിവസം സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ്. തന്നെ ആരോ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ചാടി രക്ഷപ്പെട്ടതെന്നായിരുന്നു എന്തിന് ഇറങ്ങിയോടി എന്ന ചോദ്യത്തിന് ഷൈന്റെ മറുപടി.