Salman Khan: സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് രണ്ട് കോടി, പോലീസ് അന്വേഷണം ആരംഭിച്ചു
Salman Khan Gets Death Threath Again: അജ്ഞാത കേന്ദ്രത്തിൽ നിന്നും വന്ന ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത് മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നത് രണ്ട് കോടി രൂപയാണ്. പണം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. അജ്ഞാത കേന്ദ്രത്തിൽ നിന്നും വന്ന സന്ദേശം ലഭിച്ചിരിക്കുന്നത് മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ്. ഇതുമായി ബന്ധപ്പെട്ട്, മുംബൈയിലെ വോർലി ജില്ലയിലെ പോലീസ് ഒരു അജ്ഞാതനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
നേരത്തെ സൽമാൻ ഖാനെതിരെയും, കൊല്ലപ്പെട്ട മുൻ മന്ത്രി ബാബ സിദ്ധിഖിയുടെ മകൻ സീഷൻ സിദ്ധിഖിക്കുമെതിരെ വധഭീഷണി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് പോലീസ് കഴിഞ്ഞ ദിവസം 20-കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുർഫാൻ ഖാൻ എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. ഇതിന് മുമ്പ്, ഇത്തരത്തിൽ വന്ന ഒരു ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് പച്ചക്കറി വില്പനക്കാരനായ 24-കാരനെയും പോലീസ് ജംഷദ്‌പൂരിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. അന്നത്തെ ഭീഷണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു.
ALSO READ: അഞ്ച് കോടി തന്നാൽ പ്രശ്നം തീർക്കാം; സൽമാൻ ഖാന് വധഭീഷണി
അതേസമയം, അഞ്ച് കോടി ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശവും മുംബൈ ട്രാഫിക് പോലീസിനാണ് ലഭിച്ചത്. അഞ്ച് കോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്‌ണോയിക്ക് സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന രീതിയിലാരുന്നു ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസിന് വാട്‌സാപ്പ് സന്ദേശമായാണ് ഭീഷണി ലഭിച്ചത്. ഇതിനു പിന്നാലെ, താരത്തിനു ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ആറ് പേര്‍ക്കാണ് സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ പണം വാഗ്‍ദാനം ചെയ്തിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.