Salim Kumar: ‘നടി ആക്രമിക്കപ്പെട്ട കാര്യം ചോദിച്ചപ്പോള്‍ ദിലീപ് മക്കളെ പിടിച്ച് സത്യമിട്ടു’: സലിം കുമാര്‍
Salim Kumar About Actress Attack Case: ദിലീപ് അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ വിശ്വാസം ചിലപ്പോള്‍ ശരിയാകാം തെറ്റാകാം. എന്തായാലും ആ വിഷയം കോടതി തീരുമാനിക്കട്ടെ. ദിലീപിനെതിരെ സിനിമയില്‍ ലോബിയുണ്ടോ എന്നൊന്നും എനിക്കറിയില്ല. ആ വിഷയത്തില്‍ കൂടുതലായി സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല.
മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി മാറിയ ഒരാളാണ് സലിം കുമാര്‍. മിമിക്രി വേദികളിലൂടെയാണ് സലിം കുമാര്‍ സിനിമയിലേക്കെത്തുന്നത്. കോമഡി വേഷങ്ങളാണ് സലിം കുമാറിനെ ശ്രദ്ധേയനാക്കുന്നത്. പുലിവാല്‍ കല്യാണത്തിലെ മണവാളനും കല്യാണ രാമനിലെ പ്യാരിയുമെല്ലാം അവയില്‍ ചിലതുമാത്രം. മലയാളികളെ കുടുകുടാ ചിരിപ്പിച്ചുകൊണ്ട് ഉയര്‍ന്ന സലിം പിന്നീട് സീരിയസ് വേഷങ്ങളിലേക്ക് ചുവടുമാറ്റിയതും നമ്മള്‍ കണ്ടു. ആദാമിന്റെ മകന്‍ അബുവിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും താരത്തെ തേടിയെത്തി. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ മികച്ച കൊമേഡിയനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സലിം സ്വന്തമാക്കിയിട്ടുണ്ട്. ഇതുമാത്രമല്ല, അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിനും സലിമീനെ തേടി സംസ്ഥാന അവാര്‍ഡ് എത്തിയിരുന്നു.
നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും സലിം കുമാര്‍ ശ്രദ്ധേയനാണ്. സലിം കുമാറിന്റെ നല്ലൊരു സുഹൃത്ത് തന്നെയാണ് നടന്‍ ദിലീപ്. ദിലീപ് ഉള്‍പ്പെടെയുള്ള ആളുകളാണ് താരത്തെ സിനിമയിലേക്ക് എത്തിച്ചതും. പിന്നീട് ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ചെത്തുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സലിം കുമാര്‍ സ്വീകരിച്ച നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ സൗഹൃദം തന്നെയായിരുന്നു സലിം കുമാറിനെ പ്രതികൂട്ടില്‍ നിര്‍ത്തിയത്.
എന്നാല്‍ നടി ആക്രമിപ്പിക്കപ്പെട്ട കേസില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് തോന്നിയിട്ടില്ലെന്നാണ് സലിം കുമാര്‍ പറയുന്നത്. ദിലീപ് ചെയ്ത കാര്യങ്ങള്‍ ശരിയാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ദിലീപിനെ വിധിക്കേണ്ട ആളുകള്‍ നമ്മളല്ലന്നേ പറഞ്ഞിട്ടുള്ളൂവെന്നും സലിം കുമാര്‍ പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘കോടതിയാണ് വിധി നടപ്പിലാക്കേണ്ടത്. അത് മാത്രമാണ് ഞാന്‍ അന്ന് പറഞ്ഞത്. അല്ലാതെ ദിലീപ് ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാന്‍ പോയിട്ടില്ല. അതിന്റെ പേരില്‍ അനുഭവിക്കാനുള്ളതൊക്കെ ഞാന്‍ അനുഭവിക്കുന്നുണ്ട്. അതില്‍ കുഴപ്പമില്ല. അന്ന് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ല.
ജഡ്ജ് ചെയ്യാന്‍ നമ്മളാരുമല്ല. ചിലപ്പോള്‍ അയാള്‍ തെറ്റുകാരനല്ലെങ്കില്ലോ. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമല്ലേ, അതുകൊണ്ട് അയാള്‍ തെറ്റുകാരനല്ലെങ്കില്‍ നമ്മളെന്ത് ചെയ്യും. ഇങ്ങനെയൊന്ന് ചെയ്തിട്ടുണ്ടോയെന്ന് ഞാന്‍ ദിലീപിനോട് ചോദിച്ചു. അപ്പോള്‍ മക്കളെ പിടിച്ച് സത്യമിട്ട് പറഞ്ഞു, ഞാന്‍ ചെയ്തിട്ടില്ലെന്ന്. ഇതേ കുറിച്ച് ഞാനും ആലോചിച്ചപ്പോള്‍ ഒരു മനുഷ്യനും ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റില്ല.
അതുകൊണ്ട് ദിലീപ് അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ വിശ്വാസം ചിലപ്പോള്‍ ശരിയാകാം തെറ്റാകാം. എന്തായാലും ആ വിഷയം കോടതി തീരുമാനിക്കട്ടെ. ദിലീപിനെതിരെ സിനിമയില്‍ ലോബിയുണ്ടോ എന്നൊന്നും എനിക്കറിയില്ല. ആ വിഷയത്തില്‍ കൂടുതലായി സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. ഇവിടെ എന്റേതായ കാര്യങ്ങള്‍ ചോദിച്ചാല്‍ മതി. അദ്ദേഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയങ്ങള്‍ അറിയണമെങ്കില്‍ ദിലീപുമായി അഭിമുഖം സെറ്റ് ചെയ്തിട്ട് സംസാരിക്കൂ,’ സലിം കുമാര്‍ പറഞ്ഞു.
സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ചും സലിം കുമാര്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സിനിമയിലേക്ക് തിരിച്ചുവരണമെന്ന് തന്നെയാണ് ആഗ്രഹം. അഭിനയിക്കാന്‍ ഇല്ലങ്കിലും ഇതുപോലെ എങ്കിലും മുന്നോട്ട് പോയാല്‍ മതി. ഒന്നും പ്ലാന്‍ ചെയ്തിട്ട് വന്നയാളല്ല താന്‍. ഇങ്ങനെ ആയി തീരണമെന്നാകും വിധി. നമുക്കൊരു ഗതിയുണ്ട്, അതിനനുസരിച്ച് മാത്രമേ പോവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.