Saif Ali Khan : സമയം ശരിയല്ല ! സെയ്ഫ് അലി ഖാന് ഇത് കഷ്ടകാലം; 15000 കോടിയുടെ സ്വത്ത് നഷ്ടമായേക്കും
Saif Ali Khan Property Issue : വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി അവിടുത്തെ പൗരത്വം സ്വീകരിച്ചവര്‍ക്ക് ഇന്ത്യയിലുള്ള ആസ്തിയാണ് ശത്രു സ്വത്ത്. 1960-ൽ ഭോപ്പാൽ നവാബ് ഹമീദുള്ള ഖാന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകൾ അബിദ സുൽത്താനായിരുന്നു ഈ സ്വത്തിന്റെ അവകാശി. 1950ല്‍ തന്നെ ആബിദ പാകിസ്ഥാനിലേക്ക് താമസം മാറിയിരുന്നു. അങ്ങനെ ഈ സ്വത്ത് ശത്രുസ്വത്തായി
പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് നടന്‍ സെയ്ഫ് അലി ഖാന് നഷ്ടമായേക്കും. ഭോപ്പാലിലുള്ള വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ താരം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ നടന്റെ കുടുംബം കൈവശം വയ്ക്കുന്ന 15,000 കോടിയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സാധ്യതയേറി. കഴിഞ്ഞ ഡിസംബറില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് വിവേക് അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ച് നടന്റെ ഹര്‍ജി തള്ളിയിരുന്നു. അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിന് 30 ദിവസത്തെ സമയപരിധി അനുവദിച്ചിരുന്നു. എന്നാല്‍ സെയ്‌ഫോ കുടുംബമോ പിന്നീട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അനുവദിച്ച സമയപരിധി അവസാനിക്കുകയും ചെയ്തു.
പട്ടൗഡി കുടുംബത്തിന് ഭോപ്പാലിലുള്ള 15,000 കോടിയുടെ സ്വത്ത് കൊഹെഫിസ മുതൽ ചിക്ലോഡ് വരെ വ്യാപിച്ചുകിടക്കുന്നു. ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കൾ ശത്രു സ്വത്ത് ആയി പ്രഖ്യാപിച്ചുകൊണ്ട് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപ്പര്‍ട്ടി ഡിപ്പാര്‍ട്ട്‌മെന്റ് 2014ല്‍ ഒരു നോട്ടീസ് നല്‍കിയിരുന്നു. 2015-ൽ സെയ്ഫ് അലി ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ നേടി. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ താരത്തിന്റെ ഹര്‍ജി കോടതി തള്ളിയതോടെ സ്‌റ്റേ നീങ്ങി.
വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി അവിടുത്തെ പൗരത്വം സ്വീകരിച്ചവര്‍ക്ക് ഇന്ത്യയിലുള്ള ആസ്തിയാണ് ശത്രു സ്വത്തായി അറിയപ്പെടുന്നത്. 1960-ൽ ഭോപ്പാൽ നവാബ് ഹമീദുള്ള ഖാന്റെ മരണശേഷം, അദ്ദേഹത്തിന്റെ മകൾ അബിദ സുൽത്താനായിരുന്നു ഈ സ്വത്തിന്റെ അവകാശി.
എന്നാല്‍ 1950ല്‍ തന്നെ ആബിദ പാകിസ്ഥാനിലേക്ക് താമസം മാറിയിരുന്നു. അങ്ങനെയാണ് ഈ സ്വത്ത് ശത്രുസ്വത്തായി മാറിയത്. ഭോപ്പാൽ ജില്ലാ ഭരണകൂടത്തിന് എപ്പോൾ വേണമെങ്കിലും സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ചരിത്രപരമായ കെട്ടിടങ്ങളടക്കം ഈ സ്വത്തിന്റെ ഭാഗമാണ്.
Read Also : സെയ്ഫ് ഡബിൾ സ്ട്രോങ്! ആരാധകരെ അഭിവാദ്യം ചെയ്ത് താരം;ആശുപത്രി വിട്ടു, നേരെ പോയത് ഇവിടേക്ക്
സുരക്ഷാ ഏജന്‍സിയുടെ സേവനം
അതേസമയം, കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം ഡിസ്ചാര്‍ജായത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ താരവും കുടുംബവും സുരക്ഷ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. നടന്‍ റോണിത് റോയിയുടെ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി ഏജന്‍സിയുടെ സേവനം താരവും കുടുംബവും തേടിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ക്കെല്ലാം സുരക്ഷയൊരുക്കുന്ന ‘ഏയ്‌സ് സെക്യൂരിറ്റി ആന്‍ഡ് പ്രൊട്ടക്ഷന്‍’ കമ്പനി ഇനി സെയ്ഫ് അലി ഖാനും കുടുംബത്തിനും സുരക്ഷയൊരുക്കും. റോണിത് റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ആശുപത്രിയിലടക്കം ഏജന്‍സിയുടെ സുരക്ഷാ ജീവനക്കാര്‍ സെയ്ഫിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സെയ്ഫിന്റെ ബാന്ദ്രയിലെ വസതിക്ക് മുന്നില്‍ റോണിത് റോയി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.