Sagar Surya : ‘പണിയിലെ ആ സീനുകളെക്കുറിച്ച് കേട്ടപ്പോള്‍ മടിയുണ്ടായിരുന്നു, ഞാനും ഒരു നാട്ടിന്‍പുറത്തുകാരനാണ്’; തുറന്നുപറഞ്ഞ് സാഗര്‍ സൂര്യ
Actor Sagar Surya Responds : പരമാവധി എത്രത്തോളം തിയേറ്ററില്‍ ഓടാന്‍ പറ്റുമോ, അത്രത്തോളം ഓടിയിട്ടുണ്ട്. സിനിമ കാണാതെ വിമര്‍ശിച്ചവരുണ്ട്. വിമര്‍ശനങ്ങള്‍ ചെറിയ രീതിയില്‍ വിഷമിപ്പിച്ചിരുന്നു. ഏത് സിനിമ വന്നാലും കാണാതെ വിമര്‍ശിക്കുന്നവരുണ്ട്. ഒടിടിയില്‍ സിനിമ വന്നപ്പോള്‍ അതിനൊക്കെ വ്യക്തമായ ക്ലാരിഫിക്കേഷന്‍ വന്നുവെന്നും സാഗര്‍

സാഗര്‍ സൂര്യ
തട്ടിയും മുട്ടിയും എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച താരമാണ് സാഗര്‍ സൂര്യ. 2021ല്‍ പുറത്തിറക്കിയ കുരുതി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. കുരുതിയില്‍ സാഗര്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണിയാണ് അവസാനമായി സാഗര്‍ അഭിനയിച്ച ചിത്രം. പണിയില്‍ സാഗര്‍ അവതരിപ്പിച്ച ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലന്‍ കഥാപാത്രം ഏറെ മികച്ചുനിന്നു. ‘പണി’യെക്കുറിച്ചും, ചിത്രത്തിലെ വിവാദരംഗങ്ങളെക്കുറിച്ചും സാഗര്‍ അടുത്തിടെ മനസ് തുറന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു താരം.
ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് കേട്ടപ്പോള്‍ തനിക്കും മടിയുണ്ടായിരുന്നുവെന്ന് സാഗര്‍ പറഞ്ഞു. നടനെന്ന നിലയില്‍ ഇത്തരം രംഗങ്ങളും ചെയ്യണം. എന്നാല്‍ ഒരു നാട്ടിന്‍പുറത്തുകാരന്‍ തന്റെ മനസിലുമുണ്ടെന്ന് സാഗര്‍ പറഞ്ഞു.
ഡോൺ സെബാസ്റ്റ്യൻ എന്ന ക്യാരക്ടര്‍ ഇങ്ങനെയാണെന്ന് കാണിക്കുന്ന സീന്‍ സിനിമയില്‍ അത്യാവശ്യമായിരുന്നു. ആ സീന്‍ കാണിക്കാതെ മറ്റ് ഓപ്ഷനില്ല. സിനിമ കാണുമ്പോള്‍ അത് മനസിലാകും. ആദ്യമായിട്ടാണ് ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത്. പേടിയുണ്ടായിരുന്നു. എന്നാല്‍ തന്നെ കംഫര്‍ട്ടബിളാക്കിയിട്ടാണ് അത് ഷൂട്ട് ചെയ്തതെന്നും സാഗര്‍ വ്യക്തമാക്കി.
തട്ടിയും മുട്ടിയില്‍ നിന്നാണ് തുടക്കം. പണി സിനിമ ഇറങ്ങിയപ്പോള്‍ രാജു ചേട്ടന് (പൃഥിരാജ്) ഒരു മെസേജ് അയച്ചിരുന്നു. സിനിമ റിലീസായ കാര്യവും, പറ്റുമെങ്കില്‍ അത് ഒന്ന് കാണണമെന്നും പറഞ്ഞു. ഉറപ്പായിട്ടും കാണുമെന്ന് പറഞ്ഞ് രാജു ചേട്ടന്‍ മറുപടിയും അയച്ചു. ദുബായില്‍ സിനിമയുടെ പ്രമോഷന് പോയപ്പോള്‍, അവിടെ എമ്പുരാന്റെ ഷൂട്ടിംഗും നടക്കുന്നുണ്ടായിരുന്നു. അവിടെയെത്തി രാജു ചേട്ടനെ കണ്ടു. സിനിമയ്ക്ക് നല്ല പ്രതികരണമാണല്ലോ എന്ന് അദ്ദേഹം ചോദിച്ചു. ഷൂട്ടിംഗ് തിരക്ക് കാരണം പടം കാണാന്‍ പറ്റിയില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും സാഗര്‍ കൂട്ടിച്ചേര്‍ത്തു.
പരമാവധി എത്രത്തോളം തിയേറ്ററില്‍ ഓടാന്‍ പറ്റുമോ, അത്രത്തോളം പണി ഓടിയിട്ടുണ്ട്. സിനിമ കാണാതെ വിമര്‍ശിച്ചവരുണ്ട്. വിമര്‍ശനങ്ങള്‍ ചെറിയ രീതിയില്‍ വിഷമിപ്പിച്ചിരുന്നു. ഏത് സിനിമ വന്നാലും കാണാതെ വിമര്‍ശിക്കുന്നവരുണ്ട്. ഒടിടിയില്‍ സിനിമ വന്നപ്പോള്‍ അതിനൊക്കെ വ്യക്തമായ ക്ലാരിഫിക്കേഷന്‍ വന്നു. സിനിമയ്ക്ക് വേണ്ട ഹുക്ക് പോയിന്റാണ് ആ ഘടകമെന്നും അതില്ലാതെ ഈ സിനിമ മുന്നോട്ട് പോകില്ലെന്നും വിവാദരംഗത്തെക്കുറിച്ച് പ്രതികരിക്കവെ സാഗര്‍ പറഞ്ഞു.
”സിനിമ കണ്ടിട്ടുള്ളവര്‍ക്കും അതിന് വ്യക്തമായ ഉത്തരം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളെല്ലാം ഇപ്പോള്‍ ഹാപ്പിയാണ്. ഒടിടിയില്‍ സിനിമ ചര്‍ച്ചയായി. സിനിമയിലും, ഒടിടിയിലും മികച്ച പ്രതികരണം ലഭിച്ചു. അത് എല്ലാ ഭാഷകളില്‍ നിന്നും കിട്ടുന്നുമുണ്ട്. സിനിമയുടെ ക്രാഫ്റ്റ് അടിപൊളിയാണെങ്കില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കില്ല. ഒരാള്‍ മാത്രം വിചാരിച്ചതുകൊണ്ട് സിനിമയെ ബാധിക്കില്ല. ഈ സിനിമയ്ക്ക് രണ്ട് വര്‍ഷത്തെ കഷ്ടപ്പാടുണ്ട്. റേസിങ് സീനുകളില്‍ റിസ്‌കുണ്ടായിരുന്നു. ദൈവം സഹായിച്ച് അത് അടിപൊളിയായിട്ട് വന്നു”-താരം പറഞ്ഞു.