Actor Ravikumar Passed Away: പ്രണയനായകൻ ഇനി ഓർമ്മയിൽ; നടൻ രവികുമാർ അന്തരിച്ചു
Ravikumar Passed Away: അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നു രാവിലെ ഒൻപത് മണിയോടെ ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു മരണം. തൃശ്ശൂർ സ്വദേശിയാണ് രവികുമാർ. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ചെന്നൈ: പ്രണയനായകൻ രവികുമാർ ഇനി ഓർമ്മ. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകനായിരുന്ന നടൻ രവികുമാർ (71) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നു രാവിലെ ഒൻപത് മണിയോടെ ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു മരണം. സംസ്കാരം നാളെ ചെന്നൈ പോരൂരില്‍ വച്ച് നടക്കും.
തൃശ്ശൂർ സ്വദേശിയാണ് രവികുമാർ. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന് ചെന്നൈ വൽസരവാക്കത്തെ വസതിയിലെത്തിക്കും സംസ്കാരം നാളെ. തൃശൂർ സ്വദേശികളായ കെ എം കെ മേനോന്റെയും ആർ ഭാരതിയുടെയും മകനാണ് രവികുമാർ. ചെന്നൈയിലാണ് അദ്ദേഹം ജനിച്ചത്.
1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിൻ്റെ അരങ്ങേറ്റം. എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ ശ്രദ്ധേയനാക്കി മാറ്റിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ മറ്റ് പ്രധാന ചിത്രങ്ങൾ. അവസാനമായി അദ്ദേഹം അഭിനയിച്ചത് ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളിലാണ്.