Sivaji Ganesan-Prabhu: ശിവാജി ഗണേശന്റെ വസതി കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിക്കണം; പ്രഭു കോടതിയിൽ
Prabhu Approaches Madras High Court: സഹോദരങ്ങൾ തമ്മിൽ പരസ്പര ധാരണയിലെത്തിയ ശേഷം ശിവാജി ഗണേശന്റെ വീടിന്റെ ഉടമ താനാണെന്ന് വാദിച്ചു കൊണ്ടാണ് പ്രഭു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ചെന്നൈ: അന്തരിച്ച നടൻ ശിവാജി ഗണേശന്റെ വസതി കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരെ ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭു മദ്രാസ് ഹൈക്കോടതിയിൽ. ചെന്നൈ ടി നഗറിലെ ശിവാജി ഗണേശന്റെ വസതിയായ ‘അണ്ണൈ ഇല്ല”ത്തിന്റെ ഒരു ഭാഗം കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരെ ആണ് പ്രഭു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
സഹോദരങ്ങൾ തമ്മിൽ പരസ്പര ധാരണയിലെത്തിയ ശേഷം ശിവാജി ഗണേശന്റെ വീടിന്റെ ഉടമ താനാണെന്ന് വാദിച്ചു കൊണ്ടാണ് പ്രഭു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസിന്റെ ബെഞ്ചിന് മുൻപാകെ ഏപ്രിൽ മൂന്നിന് ഹർജിയിൽ വാദം കേൾക്കും.
ശിവാജി ഗണേശന്റെ സ്വത്തുക്കൾ പ്രഭുവും സഹോദരൻ രാംകുമാറും അനധികൃതമായി തട്ടിയെടുത്തെന്ന് കാണിച്ച് പെണ്മക്കളായ ശാന്തിയും തേന്മൊഴിയുമാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ അറിവില്ലാതെ ചില സ്വത്തുക്കൾ വിറ്റെന്നും, മറ്റ് ചിലത് അവരുടെ ആണ്മക്കളുടെ പേരിലാക്കിയെന്നും, പ്രഭുവും രാംകുമാറും ചേർന്ന് വ്യാജ വിൽപത്രം തയ്യാറാക്കി കബളിപ്പിച്ചുവെന്നുമാണ് പരാതി. കൂടാതെ അമ്മയുടെ സ്വത്തിന്റെ പത്ത് കോടിയോളം വിലമതിക്കുന്ന 1000 പവൻ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളുടെ വിഹിതവും ഇതുവരെ നൽകാതെ വഞ്ചിച്ചതായും പരാതിയിൽ പറയുന്നു.
സിനിമകളിൽ അഭിനയിച്ചതിൽ നിന്ന് ലഭിച്ച പ്രതിഫലം ഉപയോഗിച്ച് ശിവാജി ഗണേശൻ ചെന്നൈയിൽ പലയിടങ്ങളിലും സ്വത്തുക്കൾ വാങ്ങിയിരുന്നു. ഇവയ്‌ക്കെല്ലാം ചേർത്ത് നിലവിൽ ഏകദേശം 271 കോടി മൂല്യം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2001 ജൂലൈ 21നാണ് ശിവാജി ഗണേശൻ അന്തരിച്ചത്.