Nivin Pauly: ‘എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നന്ദി’; ക്ലീന്‍ ചിറ്റിൽ പ്രതികരണവുമായി നിവിൻ പോളി
Nivin Pauly Response: ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. കേസിലെ ആറാം പ്രതിയായിരുന്നു നടൻ.
കൊച്ചി: ബലാത്സംഗ കേസിൽ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നന്ദിയെന്ന് നിവിൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി എന്ന പോസ്റ്റാണ് താരം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചത്. ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് നടന്റെ പ്രതികരണം. നിരപരാധിത്വം തെളിയിക്കാൻ ആയതിലുള്ള സന്തോഷം വാക്കുകളിൽ പ്രകടമാണ്.
പോസ്റ്റിന് താഴെ വ്യാജപരാതിയുമായി രംഗത്തെത്തിയ യുവതിക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകൾ രംഗത്തെത്തി. സ്ത്രീ സമൂഹത്തിന് തന്നെ നാണക്കേട് ആയിട്ടുള്ള സ്ത്രീക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം. ഇനിയും ഇത്തരത്തിൽ വ്യാജ പരാതികൾ ആവർത്തിക്കരുത്, വ്യാജ ആരോപണം ഉന്നയിച്ച ആ സ്ത്രീക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകണം എന്നിങ്ങനെയുള്ള കമന്റുകളാണ് നിവിന്റെ പോസ്റ്റിന് താഴെ വരുന്നത്.
“>
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതിപ്പട്ടികയിൽ നിന്ന് നിവിനെ അന്വേഷണ സംഘം ഒഴിവാക്കി. കേസിലെ ആറാം പ്രതിയായ നിവിൻ പോളിയിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചു. യുവതി പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം നിവിൻ പോളി ദുബായിൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസിലെ മറ്റ് പ്രതികളായ ശ്രേയ, സുനില്‍, ബഷീര്‍, കുട്ടന്‍, ബിനു എന്നിവർക്കെതിരെ അന്വേഷണം തുടരും. ഉൗന്നുങ്കൽ പൊലീസാണ് യുവതിയുടെ പരാതിയിൽ കേസെടുത്തത്.
യുവതിയ്ക്ക് ദുബായിൽ ജോലി തരപ്പെടുത്തി നൽകിയ ശ്രേയ എന്ന യുവതിയാണ് കേസിലെ ഒന്നാം പ്രതി. നിവിന്‍ പോളിയുടെ സുഹൃത്ത് തൃശൂര്‍ സ്വദേശി സുനിലും കേസിലെ പ്രതിയാണ്. തനിക്കെതിരായ യുവതിയുടെ ആരോപണം അടിസസ്ഥാന രഹിതമാണെന്ന് നിവിൻ പോളി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പീഡനം നടന്നെന്ന് പറയുന്ന ദിവസം സിനിമയുടെ ചിത്രീകരണത്തിൽ ആയിരുന്നെന്നും പാസ്പോർട്ട് പരിശോധിച്ചാൽ സത്യമറിയാമെന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.
ആരോപണവുമായി യുവതി രംഗത്തെത്തിയ ദിവസം തന്നെ വ്യാജ പരാതിയാണെന്ന് ചൂണ്ടിക്കാട്ടി നിവിൻ പോളി മാധ്യമങ്ങളെ കണ്ടിരുന്നു. ഇതേ വിഷയത്തിൽ യുവതി മുമ്പ് പരാതി നല്‍കിയിരുന്നുവെന്നും, അന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നതായും വാർത്താ സമ്മേളനത്തിൽ നടൻ വെളിപ്പെടുത്തിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കേസ് അന്ന് അവസാനിപ്പിച്ചിരുന്നു. യുവതിയെ തനിക്ക് പരിചയമില്ലെന്നും യുവതിയ്ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും നിവിൻ പറഞ്ഞിരുന്നു.
നടനെതിരായ യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് തെളിയുന്ന വിവരങ്ങൾ സഹപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം നിവിൻ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെെറ്റിലായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയതോടെയാണ് പരാതി വ്യാജമാണെന്ന് ഉറപ്പായത്.