Actor Mukesh : ‘പരാതിക്കാരിയെ ആദ്യം കാണുന്നത് 2009ൽ, 2022ൽ ഈ സ്ത്രീ പണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടു’; ആരോപണങ്ങൾക്ക് മറുപടിയുമായി മുകേഷ്
Actor Mukesh On Allegations Against Him : മുകേഷ് ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ വെളിപ്പെടുത്തികൊണ്ടാണ് നടി പരാതിയുമായി രംഗത്തെത്തിയത്. ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ മുകേഷ് കടന്നുപിടിച്ചുയെന്നായിരുന്നു ആരോപണം.
കൊല്ലം : നടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎയും നടനുമായ മുകേഷ് (Actor Mukesh). തന്നെ ഒരിക്കൽ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘമാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിക്കാരിയെ ആദ്യമായി കാണുന്നത് 2009ലാണ്, അന്ന് അവസരങ്ങൾക്കായി സഹായിക്കണമെന്നാവശ്യപ്പെട്ട നടിയോട് താൻ ശ്രമിക്കാമെന്ന് മാത്രമാണ് പ്രതികരിച്ചത്. പിന്നീട് 2022ലാണ് പരാതിക്കാരിയായ നടിയെ കാണുന്നത്. സാമ്പത്തിക സഹായമായി വലിയ ഒരു തുക ആവശ്യപ്പെട്ടെങ്കിലും അത് നൽകാനായില്ല. പിന്നീട് ഇവർക്കൊപ്പം മറ്റുള്ളവരും ചേർന്ന് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചു. അതിൻ്റെ ബാക്കിയാണ് ഇപ്പോഴുള്ള ആരോപണമെന്ന് നടൻ മുകേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഈ ആരോപണങ്ങളിലെ തൻ്റെ നിരപരാധിത്വം എന്താണെന്ന് വിശദീകരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎം എംഎൽഎയും കൂടിയായ നടൻ. നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നും വന്ന തനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും മനസ്സിലാക്കാൻ മറ്റാരെക്കാളും സാധിക്കും. 2018ൽ സമാനമായി ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞുയെന്നും മുകേഷ് തൻ്റെ നീണ്ട കുറിപ്പിൽ അറിയിച്ചു. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് നടൻ തൻ്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ALSO READ : Mohanlal resignation: മമ്മൂട്ടിയുൾപ്പെടെ രാജിവയ്ക്കാനാണ് മോഹൻലാലിന് നിർദേശം നൽകിയതെന്ന് റിപ്പോർട്ട്
നടൻ മകേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
സത്യം പുറത്ത് വരണം… നിയമപരമായി നേരിടും
ഞാൻ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്. എങ്കിൽ മാത്രമേ പൊതുസമൂഹം ചർച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളൂ.
നടൻ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്.നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന എനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും മനസ്സിലാക്കാൻ മറ്റാരെക്കാളും നന്നായി സാധിക്കും പതിനാലാം വയസ്സിൽ അഭിനയം തുടങ്ങിയ എന്റെ അമ്മ 87 വയസ്സിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉയർത്തി 2018 ൽ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു എനിക്കെതിരെ വിധിയെഴുതുന്നവർക്ക് മുന്നിൽ എന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചില വിശദീകരണങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
2009ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണിൽ ബന്ധപ്പെട്ടു വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആൽബവുമായി എന്റെ വീട്ടിൽ വന്ന അവർ മീനു കൂര്യൻ എന്ന് പരിചയപ്പെടുത്തി. അവസരങ്ങൾക്കായി സഹായിക്കണമെന്ന് അവർ പറഞ്ഞപ്പോൾ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവർ ലാപ്ടോപ് സന്ദേശം അയക്കുകയുണ്ടായി. ആ സമയത്തൊന്നും അവർ എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. 2022 ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവർ മീനു മുനീർ എന്നാണ് പരിചയപ്പെടുത്തിയത്. തുടർന്നവർ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാൻ നിസ്സഹായത അറിയിച്ചപ്പോൾ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചു. ഞാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു.
പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവർ എനിക്ക് അയച്ച സന്ദേശങ്ങൾ സംബന്ധിച്ച് തെളിവുകളുടെ പിൻബലത്തിലാണ് ഞാൻ ഈ കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാൻ കൂട്ടുനിൽക്കുന്ന ഒരാൾ അല്ല ഞാൻ. എന്നാൽ ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാർത്ഥ്യങ്ങൾ പുറത്തുവരണം ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കെണി വെക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും.
ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും
എം മുകേഷ് എംഎൽഎ കൊല്ലം
അതേസമയം മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ നടി പോലീസിന് പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ അന്വേഷിക്കാൻ സര്ക്കാര് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു ഇ-മെയിൽ മുഖേനയാണ് നടി പരാതി നല്കിയത്. മുകേഷിന് പുറമെ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു നിർമാതാവായ അഡ്വ. ചന്ദ്രശേഖർ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.
പൃഥ്വിരാജിൻ്റെ കലണ്ടർ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹോട്ടലിൽ വച്ചാണ് മുകേഷിൽ നിന്നും ലൈംഗിക അതിക്രമം ഉണ്ടായതെന്നാണ് നടിയുടെ ആരോപണം. ഹോട്ടലിൽ വെച്ച് മുകേഷ് തന്നെ കടന്നുപിടിക്കുകയായിരുന്നുയെന്ന് നടിയുടെ മാധ്യമങ്ങളോടായി പറഞ്ഞു. താൻ എതിർത്തതിൻ്റെ പേരിൽ അമ്മ സംഘടനയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപ്പെട്ട് തടസ്സപ്പെടുത്തിയെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. ബാലചന്ദ്ര മേനോൻ്റെ ദേ ഇങ്ങോട്ട് നോക്കിയെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് ജയസൂര്യയിൽ നിന്ന് മോശം അനുഭവമുണ്ടായതെന്ന് നടി പറഞ്ഞത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിൽ വച്ച നടന്ന ഷൂട്ടിങിനിടെ ടോയ്ലറ്റിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽ നിന്ന് വന്ന് കടന്നുപിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴും ഉപദ്രവം തുടർന്നു. തള്ളി മാറ്റിയശേഷം അവിടെനിന്നും ഓടിപോവുകയായിരുന്നു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ടെന്നും താൽപര്യമുണ്ടെങ്കിൽ പറയണമെന്നുമാണ് ജയസൂര്യ അതിന് ശേഷം തന്നോട് പറഞ്ഞതായി നടി മാധ്യമങ്ങളോട് പറഞ്ഞു.