5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Happy Birthday Suresh Gopi : വെള്ളിത്തിരയിലെ തീപ്പൊരി പൊതുവിടത്തിലെത്തിച്ച രാഷ്ട്രീയക്കാരൻ; സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാൾ

Suresh Gopi Turns 66 : നടനും എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് ഇന്ന് 66ആം പിറന്നാൾ. ഏഴാം വയസിൽ ബാലതാരമായി ചലച്ചിത്ര ജീവിതം ആരംഭിച്ച സുരേഷ് ഗോപി തൻ്റെ കഥാപാത്രങ്ങളിലെ തീപ്പൊരി ഡയലോഗുകൾ പൊതുവിടത്തിലും പ്രയോഗിച്ച് വിജയിച്ച താരമാണ്. രണ്ട് തവണ കൈവിട്ട തൃശൂർ മൂന്നാം തവണ അദ്ദേഹത്തിനു കൈകൊടുത്തപ്പോൾ ബിജെപിക്ക് ലഭിച്ചത് കേരളത്തിൽ ആദ്യത്തെ ലോക്സഭാ സീറ്റ്.

Happy Birthday Suresh Gopi : വെള്ളിത്തിരയിലെ തീപ്പൊരി പൊതുവിടത്തിലെത്തിച്ച രാഷ്ട്രീയക്കാരൻ; സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാൾ
Suresh Gopi Turns 66 (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 26 Jun 2024 10:22 AM

നടനും തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാൾ. 66ആം പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിയ്ക്ക് സിനിമ, രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും ആശംസയർപ്പിച്ചു. തീപ്പൊരി വേഷങ്ങളിലൂടെ വെള്ളിത്തരയിൽ നിറഞ്ഞുനിൽക്കുന്ന സുരേഷ് ഗോപി അത് പൊതുവിടത്തിലെത്തിച്ച രാഷ്ട്രീയക്കാരനാണ്. പലപ്പോഴും അത്തരം ഡയലോഗുകൾ വിവാദമായിട്ടുണ്ടെങ്കിലും തൃശൂരിലൂടെ കേരളത്തിലെ ബിജെപിയുടെ ആദ്യ എംപി ആയാണ് സുരേഷ് ഗോപി വിവാദങ്ങൾക്ക് മറുപടി നൽകിയത്.

തൻ്റെ ഏഴാം വയസിൽ ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയ താരമാണ് സുരേഷ് ഗോപി. പി കേശവദേവിൻ്റെ ഓടയിൽ നിന്ന് എന്ന് നോവലിൻ്റെ അതേപേരിലുള്ള ചലച്ചിത്രാവിഷ്കാരം 1965ൽ കെഎസ് സേതുമാധവൻ അണിയിച്ചൊരുക്കിയപ്പോൾ കുഞ്ഞ് സുരേഷിനും ഒരു വേഷം ലഭിച്ചു. എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ നിറമുള്ള രാവുകൾ എന്ന സിനിമയിലൂടെ ഒരു നടൻ എന്ന നിലയിൽ അരങ്ങേറ്റം. അതേ വർഷം മോഹൻലാലിനെയും ശോഭനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ ടിപി ബാലഗോപാലൻ എംഎ എന്ന ചിത്രത്തിലെ ചെറിയ വേഷം ശ്രദ്ധിക്കപ്പെട്ടു. തുടർന്നങ്ങോട്ട് 80കളുടെ അവസാനത്തിലും 90കളുടെ ആദ്യത്തിലും സുരേഷ് ഗോപി വില്ലനായും സഹനടനായും അഭിനയിച്ചു. ഇരുപതാം നൂറ്റാണ്ട് (1987), ഒരു സിബിഐ ഡയറിക്കുറിപ്പ് (1988) തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. 1989ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥയിലെ ആരോമൽ ചേകവരും 90ൽ പദ്മരാജൻ അണിയിച്ചൊരുക്കിയ ഇന്നലെയിലെ നരേന്ദ്രനും സുരേഷ് ഗോപി എന്ന നടൻ്റെ ക്രാഫ്റ്റ് വ്യക്തമാക്കി.

92ൽ രൺജി പണിക്കർ – ഷാജി കൈലാസ് കോംബോയുടെ തലസ്ഥാനം എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി നായകനാവുന്നത്. പിന്നീട് ഷാജി കൈലാസിനും രൺജി പണിക്കർക്കുമൊപ്പം ചേർന്ന് ഏകലവ്യൻ, കമ്മീഷണർ എന്നീ സിനിമകൾ കൂടി ആയതോടെ സുരേഷ് ഗോപി മലയാള സിനിമയിൽ തൻ്റെ സ്ഥാനമുറപ്പിച്ചു. കമ്മീഷണറിലെ ഭരത് ചന്ദ്രൻ ഐപിഎസിന് അയൽ സംസ്ഥാനങ്ങളിൽ പോലും ആരാധകരുണ്ടായി. പൊലീസ് വേഷങ്ങളിൽ തിളങ്ങിയ സുരേഷ് ഗോപി തുടരെ ഹിറ്റുകൾ നൽകി. ഇതിനിടെ 1997ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയിലെ കണ്ണൻ പെരുമലയൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി മാറ്റിയ സുരേഷ് ഗോപി ഒരു നടനെന്ന നിലയിൽ താൻ എത്ര റിഫൈൻഡ് ആണെന്ന് ലോകത്തിനു കാട്ടിക്കൊടുത്തു. ആ കഥാപാത്രത്തിലൂടെ സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും സുരേഷ് ഗോപിയെ തേടിയെത്തി.

Also Read : Happy Birthday Suresh Gopi: ഒരു കോടിയുടെ ഓഡി മുതൽ 28 ലക്ഷത്തിൻ്റെ ബീറ്റിൽ വരെ, സുരേഷ് ഗോപിയുടെ കിടിലൻ കാർ ശേഖരം

2006 മുതലാണ് സുരേഷ് ഗോപിയ്ക്ക് കാലിടറിത്തുടങ്ങിയത്. അക്കൊല്ലം ഇറങ്ങിയ സിനിമകളിൽ പലതും തകർന്നടിഞ്ഞു. 2006ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിന്താമണി കൊലക്കേസ് ഒഴികെ ബാക്കി സിനിമകളെല്ലാം പരാജയപ്പെട്ടു. 2007ലും തുടർ പരാജയങ്ങൾ. പിന്നീട് നാദിയ കൊല്ലപ്പെട്ട രാത്രി, ക്രിസ്ത്യൻ ബ്രദേഴ്സ്, മേൽവിലാസം, ദി കിംഗ് ആൻഡ് ദി കമ്മീഷണർ, അപ്പോത്തിക്കിരി, ഐ തുടങ്ങിയ നല്ല സിനിമകളുടെ ഭാഗമായ സുരേഷ് ഗോപി 2015ൽ സിനിമയിൽ നിന്ന് ഇടവേളയെടുത്തു.

2020ൽ, അനൂപ് സത്യൻ അണിയിച്ചൊരുക്കിയ വരനെ ആവശ്യമുണ്ട് എന്ന് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവന്ന സുരേഷ് ഗോപി 15 വർഷത്തിനു ശേഷം ശോഭനയ്ക്കൊപ്പം അഭിനയിച്ചു. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പാപ്പൻ, കാവൽ, ഗരുഡൻ തുടങ്ങിയ ചിത്രങ്ങളിലും സുരേഷ് ഗോപി അഭിനയിച്ചു.

കോളജ് പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് സുരേഷ് ഗോപി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ദിരാഗാന്ധിയെ ആരാധിച്ചിരുന്ന സുരേഷ് ഗോപി അങ്ങനെ കോൺഗ്രസിനെയും ഇഷ്ടപ്പെട്ടു. 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളെ സുരേഷ് ഗോപി ഒരുപോലെ പിന്തുണച്ചു. 2016ൽ പ്രസിഡൻ്റിൻ്റെ ശുപാർശയിൽ അദ്ദേഹം രാജ്യസഭാ എംപിയായി. അതേവർഷം തന്നെ അദ്ദേഹം ബിജെപിയിൽ ചേർന്നു. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അന്നത്തെ അദ്ദേഹത്തിൻ്റെ ‘തൃശൂർ ഞാനെടുക്കുവാ, തൃശൂർ നിങ്ങളെനിക്ക് തരണം’ എന്ന ഡയലോഗ് വ്യാപകമായി ട്രോൾ ചെയ്യപ്പെട്ടു. 2021ൽ തൃശൂരിൽ നിന്ന് തന്നെ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വീണ്ടും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2024ൽ വീണ്ടും തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപിയെ ഒടുവിൽ തൃശൂരിലെ ജനങ്ങൾ സ്വീകരിച്ചു. നിലവിൽ കേന്ദ്രസഹമന്ത്രിയാണ് സുരേഷ് ഗോപി.

രാധിക നായർ ആണ് സുരേഷ് ഗോപിയുടെ ഭാര്യ. നടൻ ഗോകുൽ സുരേഷ് ഉൾപ്പെടെ നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്.