5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Meghanathan : കീരിക്കാടൻ സണ്ണിയെ അനശ്വരമാക്കിയ നടൻ; വില്ലൻ വേഷങ്ങളുടെ പടം പൊഴിച്ച് മേഘനാഥൻ അരങ്ങൊഴിയുന്നു

Actor Meghanathan Son Of Balan K Nair : ബാലൻ കെ നായരുടെ മകനായ നടൻ മേഘനാഥൻ വില്ലൻ വേഷങ്ങളിലാണ് സിനിമാജീവിതം തുടങ്ങിയതെങ്കിലും കരിയറിൻ്റെ അവസാന പകുതിയിൽ സ്വഭാവവേഷങ്ങളിലേക്ക് ട്രാക്ക് മാറ്റിയിരുന്നു. ഇക്കൊല്ലം തീയറ്ററുകളിലെത്തിയ സമാധാന പുസ്തകമാണ് അദ്ദേഹത്തിൻ്റെ അവസാന സിനിമ.

Actor Meghanathan : കീരിക്കാടൻ സണ്ണിയെ അനശ്വരമാക്കിയ നടൻ; വില്ലൻ വേഷങ്ങളുടെ പടം പൊഴിച്ച് മേഘനാഥൻ അരങ്ങൊഴിയുന്നു
മേഘനാഥൻ (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 21 Nov 2024 09:27 AM

മലയാളം കണ്ട ഏറ്റവും നിഷ്ഠൂരനായ വില്ലന്മാരിൽ പെട്ട ബാലൻ കെ നായരുടെ മകൻ ആ മേൽവിലാസം കൊണ്ടാണോ എന്തോ വില്ലൻ വേഷങ്ങൾ തന്നെയാണ് കരിയറിൽ കൂടുതലും ചെയ്തത്. പല പ്രമുഖ വില്ലരെയും പോലെ ഫിലിമോഗ്രാഫിയിലെ രണ്ടാം പകുതിയുടെ അവസാനത്തിൽ ചില സ്വഭാവവേഷങ്ങൾ ചെയ്ത് ട്രാക്ക് മാറ്റിയ മേഘനാഥൻ വില്ലൻ വേഷങ്ങളുടെ പടം പൊഴിച്ചിട്ടാണ് അരങ്ങൊഴിയുന്നത്. 1983ൽ പുറത്തിറങ്ങിയ അസ്ത്രം മുതൽ ഈ വർഷം റിലീസായ സമാധാനപുസ്തകം വരെ നീളുന്ന സിനിമാജീവിതം ഒടുവിൽ അർദ്ധോക്തിയിൽ അവസാനിക്കുകയാണ്.

ബാലൻ കെ നായരുടെ മകൻ എന്ന പ്രിവിലേജ് മേഘനാഥന് മേൽ ചാർത്തപ്പെടുന്നതായി കണ്ടിട്ടില്ല. അയാൾ ആ വിലാസത്തിൽ അറിയപ്പെടാൻ ആഗ്രഹിച്ചതുമില്ല. ആജാനുബാഹുവായ മേഘനാഥനെ മുൻപ് സിനിമാക്കാൻ വില്ലൻ വേഷങ്ങളിലേക്ക് ചേർത്തുവച്ചത് അത്തരം വേഷങ്ങളുടെ സ്ഥായീരൂപം അയാളിൽ ഉണ്ടെന്നതാവാം. കാലം മാറി വന്നു.  പരിചിതമല്ലാത്ത ഭൂമികകൾ മലയാളിയ്ക്ക് കാണിച്ചുകൊടുത്ത്, രാജ്യത്തെ ഏറ്റവും മികച്ച സിനിമാസാക്ഷരതയുള്ള ജനതയെന്ന വിശേഷണത്തിൻ്റെ ശീതളിമയിലേക്ക് സിനിമ അവരെ എത്തിച്ചു. മലയാള സിനിമ പരമ്പരാഗത വില്ലൻ സങ്കല്പങ്ങളെ മാറ്റിനിർത്തി. കൂടുതൽ ലളിതമായ, സുന്ദരമായ, മൗലികമായ ആശയങ്ങളിൽ മലയാള സിനിമ ഇടം കണ്ടെത്തിയപ്പോൾ അതിനൊപ്പം ശാപമോക്ഷം ലഭിച്ചവരായിരുന്നു നേരത്തെ പറഞ്ഞ പരമ്പരാഗത വില്ലന്മാർ. ഈ ചതുരക്കളത്തിനകത്ത് നിർത്തിയിരുന്നവരിൽ പലരും സ്വഭാവനടന്മാരായി. അഭിനയം കൊണ്ട് കാഴ്ചക്കാരെ ഞെട്ടിച്ചു. അത്തരത്തിലൊരു നടനായിരുന്നു മേഘനാഥൻ.

Also Read : Actor Meghanathan: നടൻ മേഘനാഥൻ അന്തരിച്ചു

പിഎൻ മേനോൻ്റെ സംവിധാനത്തിൽ ഭരത് ഗോപി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ ഒന്നിച്ച് 1983ൽ പുറത്തിറങ്ങിയ അസ്ത്രം എന്ന സിനിമയിലെ ജോണിയാണ് മേഘനാഥൻ്റെ കരിയറിലാദ്യത്തെ സിനിമാവേഷം. മൂന്ന് വർഷങ്ങൾക്ക് ശേഷം എംടി വാസുദേവൻ നായർ – ഹരിഹരൻ കൂട്ടുകെട്ടിൽ മോഹൻലാൽ നായകനായെത്തിയ പഞ്ചാഗ്നിയിൽ കുറച്ചുകൂടി ശ്രദ്ധിക്കപ്പെട്ട വേഷം. 1993ലാണ് മേഘനാഥൻ്റെ കരിയർ ബ്രേക്കുണ്ടാവുന്നത്. കിരീടം സിനിമയുടെ രണ്ടാം ഭാഗമായ ചെങ്കോലിൽ മേഘനാഥൻ അവതരിപ്പിച്ച കോൾഡ് ബ്ലഡഡ് വില്ലൻ കീരിക്കാടൻ സണ്ണി അയാൾക്ക് വിലാസമായി. പിന്നെ മലയാള സിനിമയുടെ പ്രതിനായക പക്ഷത്ത് അദ്ദേഹം ഏറെക്കാലം തുടർന്നു.

മലപ്പുറം ഹാജി, മഹാനായ ജോജി, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, ന്യൂസ്പേപ്പർ ബോയ്, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഒരു മറവത്തൂർ കനവ്, തച്ചിലേടത്ത് ചുണ്ടൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്നിങ്ങനെ 90 കളിൽ അദ്ദേഹം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. 2000ൻ്റെ പകുതിയോടെ ചില സ്വഭാവ റോളുകളിൽ അഭിനയിച്ചുതുടങ്ങിയ മേഘനാഥൻ 2016ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത്, നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിലൂടെ വില്ലനിസത്തിൻ്റെ അവസാനത്തെ ഷേഡും ഉപേക്ഷിച്ചു. പിന്നീട് 2022ൽ പുറത്തിറങ്ങിയ കൂമൻ വരെ ചില സ്വഭാവവേഷങ്ങളിൽ അഭിനയിച്ച അദ്ദേഹം അവസാനം വെള്ളിത്തിരയിലെത്തിച്ചത് ഇക്കൊല്ലം വന്ന സമാധാനപുസ്തകം എന്ന സിനിമയിലൂടെയാണ്. മലയാള സിനിമകൾക്ക് പുറമെ തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിവിധ ചാനലുകളിലായി സീരിയലുകളിലും ടെലിഫിലിമിലും അദ്ദേഹം അഭിനയിച്ചു.

ബാലൻ കെ നായരുടെയും ശാരദ നായരുടെയും മകനായി ജനിച്ച അദ്ദേഹത്തിൻ്റെ ഭാര്യ സുസ്മിത. ഒരു മകളുണ്ട്, പാർവതി മേഘനാഥൻ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 60ആം വയസിലാണ് മേഘനാഥൻ മരണപ്പെടുന്നത്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വച്ച് നടക്കും.