Actor Mammootty: ‘മമ്മൂട്ടിക്ക് സെറ്റില്‍ രാജാവാകണം; നല്ല ഈഗോ ഉണ്ട്, അടിയാളന്മാര്‍ക്ക് പിന്നെയും അവസരം’
Poli Firoz Against Actor Mammootty: എന്തോ കാര്യം അയാള്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ചെറിയ കാര്യമാണ്, എന്നിട്ടും പുലര്‍ച്ചെ മൂന്ന് മണിക്ക് അയാളെ മമ്മൂട്ടി ഒരു കാടിന് നടുക്ക് ഇറക്കിവിട്ടു. എന്നിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് തിരികെ വന്ന് കൂട്ടികൊണ്ട് പോവുകയായിരുന്നു. ഇങ്ങനെ ചെയ്തതിനെ ഇരയാക്കപ്പെട്ട മനുഷ്യന്‍ ഗ്ലോറിഫൈ ചെയ്താണ് പിന്നീട് പറഞ്ഞത്
ഒരു മികച്ച അവതാരകന്‍ തന്നെയാണ് പൊളി ഫിറോസ്. ഫിറോസ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ടെലിവിഷനിലൂടെയാണ് ഫിറോസ് സിനിമയിലേക്ക് എത്തുന്നതും കൂടുതല്‍ പ്രശസ്തിയാര്‍ജിക്കുന്നതും. സിനിയിലെത്തി തുടക്കക്കാലത്ത് ശ്രദ്ധേയമായ പല വേഷങ്ങളും ഫിറോസ് അവതരിപ്പിച്ചെങ്കിലും പിന്നീട് വേണ്ടത്ര ശ്രദ്ധ താരത്തെ തേടിയെത്തിയില്ല. എന്നാല്‍ വീണ്ടും ഫിറോസ് ജനശ്രദ്ധയാകര്‍ഷിച്ചത് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വഴിയാണ്.
ബിഗ് ബോസില്‍ മത്സരാര്‍ഥികളായെത്തിയ ഫിറോസും ഭാര്യ സജ്‌നയും പ്രേക്ഷകരുടെ മനം കവര്‍ന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്നിറങ്ങിയ ശേഷം ഇരുവരെയും കൂടുതല്‍ വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചത് അവരുടെ വിവാഹമോചന വാര്‍ത്തയാണ്. 2023ലാണ് വിവാഹം മോചനം നേടുന്നുവെന്ന് അറിയിച്ചുകൊണ്ട് സജ്‌ന രംഗത്തെത്തിയത്. ഇപ്പോള്‍ ഇരുവരും തങ്ങളുടേതായ ലോകത്ത് തിരക്കിലാണ്.
മമ്മൂട്ടിയെ നായകനാക്കി പുറത്തെത്തിയ ചിത്രം ഫെയ്‌സ് ടു ഫെയ്‌സിലെ വില്ലന്‍ വേഷമാണ് ഫിറോസിനെ ആളുകള്‍ തിരിച്ചറിയാന്‍ സഹായിച്ചത്. ആ സിനിമയില്‍ എങ്ങനെ എത്തിയെന്നും മമ്മൂട്ടിയോടൊപ്പമുള്ള അനുഭവത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഫിറോസ് ഇപ്പോള്‍. ടോക്ക് വിത്ത് ജിംഷി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് ഇക്കാര്യം പറയുന്നത്.
‘വീട്ടില്‍ നിന്ന് ചെറുപ്പം മുതല്‍ക്കേ നല്ല പ്രോത്സാഹനമാണ് ലഭിക്കുന്നത്. ടേപ്പ് റെക്കോര്‍ഡറില്‍ പാട്ട് വെച്ച് ഡാന്‍സ് കളിപ്പിക്കുമായിരുന്നു. ഇന്നത്തെ പോലെ ആളുകള്‍ അധികം ടിവിക്ക് മുന്നിലിരിക്കുന്ന കാലമല്ല. ഓണാഘോഷം തുടങ്ങി പലതിനും ക്ലബ്ബുകളുടെ പരിപാടികളുണ്ടാകും. അവിടെയെല്ലാം കൊണ്ടുപോയി ഡാന്‍സ് ചെയ്യിപ്പിക്കും. അതുകൊണ്ട് തന്നെ സ്റ്റേജ് ഫിയര്‍ മാറി. അതിന് ശേഷം ഒരുപാട് ഷോകള്‍ ചെയ്തിട്ടുണ്ട്, മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
നിരവധി ചാനലുകളില്‍ ഷോ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് ആര്‍ട്ടിസ്റ്റുകളുള്ള വലിയൊരു റിയാലിറ്റി ഷോയായിരുന്നു താരോത്സവം. ആ ഷോയില്‍ ഞാന്‍ സോളോ പെര്‍ഫോമന്‍സ് അവതരിപ്പിച്ചിരുന്നു. ആ ദിവസം ജഡ്ജായിട്ട് വന്നതില്‍ ഒരാള്‍ വി എം വിനു എന്ന സംവിധായകനാണ്. എന്റെ പ്രകടനം കണ്ട് അടുത്ത സിനിമയില്‍ വേഷം തരാമെന്ന് പറഞ്ഞു. അദ്ദേഹം നട്ടെല്ലുള്ള വ്യക്തിയായതിനാല്‍ വാക്കുപാലിച്ചു. പലരും വാഗ്ദാനങ്ങള്‍ തന്നിരുന്നുവെങ്കിലും പാലിച്ചിരുന്നില്ല.
ഫെയ്‌സ് ടു ഫെയ്‌സ് എന്ന മമ്മൂട്ടി ചിത്രത്തില്‍ മെയിന്‍ വില്ലനായി ഞാനെത്തുന്നത് അങ്ങനെയാണ്. തോമസ് കുഞ്ചക്കാടന്‍ എന്ന കഥാപാത്രമായിരുന്നു അത്. അത്രയും നാള്‍ ടിവിയില്‍ മാത്രം കണ്ടിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി. ആദ്യത്തെ ഷോട്ട് മമ്മൂട്ടിക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് എടാ പോടാ എന്നൊക്കെ വിളിക്കുന്നതാണ്. അത് പറയുമ്പോള്‍ എനിക്ക് ചില തെറ്റുകള്‍ പറ്റി. എന്നാല്‍ അദ്ദേഹം എന്നെ കൂളാക്കി. മമ്മൂട്ടി ശരിക്കും ഒരു പാവം മനുഷ്യനാണ്. 90 ശതമാനവും അദ്ദേഹം പാവമാണെങ്കിലും അദ്ദേഹത്തില്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്.
സെറ്റില്‍ ഒരാള്‍ പുള്ളിയേക്കാള്‍ നല്ലൊരു ഷര്‍ട്ട് ധരിച്ച് വന്നാല്‍ അത് ഊരിപ്പിക്കും. അങ്ങനെയെല്ലാമുള്ള ചില ഈഗോ വര്‍ക്കൗട്ട് ഉണ്ട്. സെറ്റില്‍ പുള്ളി വന്നാല്‍ പുള്ളിയായിരിക്കണം രാജാവ് എന്നൊക്കെയുള്ള ചില കാര്യങ്ങളുണ്ട്. അദ്ദേഹത്തിന് അടിയാളന്മാരായി നില്‍ക്കുന്ന ആളുകളുമുണ്ട്. അവര്‍ക്ക് വീണ്ടും അവസരങ്ങള്‍ ലഭിക്കും. ഇതെല്ലാം ഞാന്‍ കണ്ണുകൊണ്ട് കണ്ട കാര്യങ്ങളാണ്. അങ്ങനെ നില്‍ക്കുന്ന താരങ്ങള്‍ക്ക് പുള്ളി വിളിച്ച് ചെറിയ വേഷങ്ങള്‍ കൊടുക്കും.
നട്ടെല്ല് വളച്ച് നില്‍ക്കുന്ന കുറച്ച് ടീമുണ്ട്. ഞാനും അങ്ങനെ നിന്നിരുന്നെങ്കില്‍ പുള്ളിയുടെ രണ്ടാമത്തെ പടത്തില്‍ ഉണ്ടായിരുന്നേനെ. എന്നാല്‍ എനിക്ക് അത് പറ്റില്ല. പുള്ളിയുടെ പല കാര്യങ്ങളും ഗ്ലോറിഫൈ ചെയ്തുകൊണ്ടാണ് അവതരിപ്പിക്കുന്നത്. ഈയടുത്തിടെ വേറൊരു സംഭവം ഞാന്‍ അറിഞ്ഞതാണ്. ഒരു സിനിമയുടെ ഷൂട്ടിങ് ഷെഡ്യൂള്‍ കഴിഞ്ഞ് മമ്മൂട്ടി ചെന്നൈയില്‍ നിന്നോ മറ്റോ ഡ്രൈവ് ചെയ്ത് വരുമ്പോള്‍ ആ സിനിമയുടെ വലിയ ഭാഗമായ ഒരാളെയും കൂടെ കൂട്ടി. അയാള്‍ വരുന്നില്ലെന്ന് പറഞ്ഞതാണ്, എന്നിട്ടും നിര്‍ബന്ധിച്ച് കൂടെ കൊണ്ടുവന്നു.
എന്നാല്‍ എന്തോ കാര്യം അയാള്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ചെറിയ കാര്യമാണ്, എന്നിട്ടും പുലര്‍ച്ചെ മൂന്ന് മണിക്ക് അയാളെ മമ്മൂട്ടി ഒരു കാടിന് നടുക്ക് ഇറക്കിവിട്ടു. എന്നിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് തിരികെ വന്ന് കൂട്ടികൊണ്ട് പോവുകയായിരുന്നു. ഇങ്ങനെ ചെയ്തതിനെ ഇരയാക്കപ്പെട്ട മനുഷ്യന്‍ ഗ്ലോറിഫൈ ചെയ്താണ് പിന്നീട് പറഞ്ഞത്,’ ഫിറോസ് പറയുന്നു.