Koottickal Jayachandran POCSO Case: പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി
Koottickal Jayachandran Granted Anticipatory Bail: ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും സുപ്രീംകോടതി ജഡ്ജി നാഗരറ്റ്ന അറിയിച്ചു.

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഊദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും സുപ്രീംകോടതി ജഡ്ജി നാഗരറ്റ്ന അറിയിച്ചു. കോടതിയിൽ വാദങ്ങൾ അല്ല റിപ്പോർട്ട് ചെയേണ്ടതെന്നും അന്തിമ ഉത്തരവാണ് സമർപ്പിക്കേണ്ടതെന്നും ജഡ്ജി നാഗരറ്റ്ന വ്യക്തമാക്കി. കേസിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് ജയചന്ദ്രന് എതിരായ പരാതി. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ കസബ പോലീസ് 2024 ജൂൺ എട്ടാം തീയതിയാണ് ജയചന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. കുടുംബ തർക്കങ്ങളെ മുതലെടുത്ത് നടൻ തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നടനെതിരെ പോലീസ് കേസെടുത്തിട്ടും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. നടൻ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ജയചന്ദ്രന്റെ താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നു എന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
ALSO READ: ‘എമ്പുരാൻ’ വ്യാജപതിപ്പ് പുറത്ത്; പൈറസി സൈറ്റുകളിലും ടെലഗ്രാമിലും പ്രചരിക്കുന്നു, റിപ്പോർട്ട്
അന്വേഷണം പുരോഗമിക്കുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകി. എന്നാൽ, ജൂലൈ 12ന് ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്ന് നടൻ മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, ഹൈക്കോടതിയും മുൻകൂര്‍ ജാമ്യം അനുവദിച്ചില്ല. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുള്ള സർക്കാർ വാദത്തെ തുടർന്നാണ് മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പിന്നാലെ പോലീസ് നടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്.