Kalidas Jayaram Wedding : ഗുരുവായൂര്‍ അമ്പലനടയില്‍ കല്യാണ മേളം; കാളിദാസും തരിണിയും വിവാഹിതരായി
Kalidas Jayaram Tarini Kalingarayar Marriage: താരദമ്പതിമാരായ ജയറാമിന്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസും ചെന്നെെ സ്വദേശിയും മോഡലുമായ തരിണി കലിംഗരും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 7.30 ഓടെയായിരുന്നു വിവാഹം
തൃശൂര്‍: താരദമ്പതിമാരായ ജയറാമിന്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസും ചെന്നെെ സ്വദേശിയും മോഡലുമായ തരിണി കലിംഗരും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 7.30 ഓടെയായിരുന്നു വിവാഹം.
ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്ക് പുറമെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രീ വെഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിലാണ് ജയറാം വിവാഹത്തീയതി പുറത്തുവിട്ടത്.
”ജീവിതത്തിലെ സന്തോഷകരമായ ദിവസമാണ്. കാളിദാസിന്റെ വിവാഹം ഞങ്ങളുടെ സ്വപ്‌നമാണ്. അത് പൂര്‍ണമാകുന്നു. കലിംഗരായര്‍ കുടുംബത്തെക്കുറിച്ച് ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തില്‍ നിന്ന് തരിണി എന്റെ വീട്ടിലേക്ക് മരുമകളായി വരുന്നത് ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തിന് നന്ദി. തരിണി ഞങ്ങള്‍ക്ക് മകള്‍ തന്നെയാണ്”-പ്രീ വെഡിങ് ചടങ്ങില്‍ ജയറാം പറഞ്ഞു.
തരിണിയുമായുള്ള പ്രണയം രണ്ട് വര്‍ഷം മുമ്പാണ് കാളിദാസ് വെളിപ്പെടുത്തിയത്. കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തിരുന്നു. ആ ചിത്രം പുറത്തുവന്നതോടെയാണ് ഇരുവരുടെയും പ്രണയം പരസ്യമായത്. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹനിശ്ചയം.
നീലഗിരി സ്വദേശിയായ തരിണി 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്നു. 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ ആപ്പ് ആയിരുന്നു. എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠനകാലത്ത് തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. പതിനാറാം വയസില്‍ മോഡലിങ് രംഗത്തെത്തി.
കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം കഴിഞ്ഞ മെയില്‍ ഗുരുവായൂരില്‍ നടന്നിരുന്നു. ലണ്ടനിൽ ഉദ്യോഗസ്ഥൻ ആയ നവ്‌നീത് ഗിരീഷ് ആണ് ഭർത്താവ്.
1992 സെപ്തംബര്‍ ഏഴിനായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം. ഇരുവരുടെയും വിവാഹവും ഗുരുവായൂരില്‍ തന്നെയായിരുന്നു.
ബാലതാരമായാണ് കാളിദാസ് സിനിമയിലെത്തിയത്. 2000ല്‍ പുറത്തിറങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങളായിരുന്നു ആദ്യ ചിത്രം. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധേയമായി. 2003-ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. ‘പൂമരം’ ആണ് കാളിദാസ് ജയറാം നായകനായ ആദ്യ ചിത്രം. ‘രായൻ’ എന്ന തമിഴ് ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയത്.