Joju George: ‘പണി’ സിനിമയുടെ നെഗറ്റീവ് റിവ്യൂ; നിരൂപകനെ ഭീഷണിപ്പെടുത്തി ജോജു ജോർജ്
Pani Movie Negative Review: പണി സിനിമയിലെ പീഡന രംഗങ്ങളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ജോജു ഭീഷണിപ്പെടുത്തിയത്.
കൊച്ചി: പണി സിനിമയുടെ റിവ്യൂ എഴുതിയ ആളെ ഭീഷണിപ്പെടുത്തി നടൻ ജോജു ജോജു ജോർജ്. ജോജു ആദ്യമായി സംവിധാനം ചെയ്ത പണി സിനിമയെ വിമർശിച്ച കാരണം തന്റെ മുന്നിൽ വരാൻ ധെെര്യമുണ്ടോ എന്ന് വെല്ലുവിളിച്ചെന്ന പരാതിയുമായി നിരൂപകൻ ആദർശ് രംഗത്തെത്തി. ഫേസ്ബുക്കിൽ പണി സിനിമയിലെ പീഡന രംഗങ്ങളെ വിമര്‍ശിച്ചുകൊണ്ട് ആദര്‍ശ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് നടന്റെ ഭീഷണി. എന്നാൽ ആദർശ് സിനിമയെ മനപൂർവ്വം മോശമാക്കാൻ ശ്രമിച്ചെന്ന് ജോജു പറഞ്ഞു. നെഗറ്റീവ് റിവ്യൂ പലയിടത്തും മനപൂർവ്വം പ്രചരിപ്പിച്ചെന്നും നിയമനടപടി ഉണ്ടാകുമെന്നും ജോജു മാധ്യമങ്ങളോട് പ്രതികരിച്ചു.
നിന്നെ ഞാൻ എല്ലാം കാണിക്കുന്നുണ്ട്, നീ എനിക്ക് ഒന്ന് പറഞ്ഞ് തന്നാൽ മതി എന്ന് പറഞ്ഞു കൊണ്ടാണ് ജോജു ആദർശിനെ വിളിക്കുന്നത്. ഞാൻ കാശ് കൊടുത്ത് കണ്ട സിനിമയാണ് അതിന്റെ അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട് പറഞ്ഞപ്പോൾ നീ തീർച്ചയായും പറയണം. നിനക്ക് എന്റെ മുന്നിൽ വരാൻ ധെെര്യമുണ്ടോ? എന്ന ഭീഷണിയും ജോജു ഉയർത്തി.
വരാൻ ഞാൻ എന്തിനാണ് പേടിക്കുന്നത്. നിങ്ങൾ വന്ന് കണ്ടോളൂ. ഒരു സിനിമയിൽ റേപ്പ് പോലുള്ള കാര്യങ്ങൾ ഇങ്ങനെയല്ല എടുക്കേണ്ടത് എന്നാണ് പറഞ്ഞതെന്ന് നിരൂപകൻ സംഭാഷണത്തിൽ പറയുന്നുണ്ട്. നീ നിന്റെ അഭിപ്രായം എഴുതി ഇട്ടിരിക്കുന്നു എന്തിനാണ് പേടിക്കുനനത്. സിനിമ എടുക്കേണ്ടത് എങ്ങനെയാണെന്ന് നീ എനിക്ക് പഠിപ്പിച്ച് തരണം, ഞാൻ വരാം നിന്റെ അടുത്തേക്ക് എന്ന് പറഞ്ഞാണ് ഫോൺ കോൾ അവസാനിക്കുന്നത്.
“പണി സിനിമയുടെ ഒരുപാട് നെഗറ്റീവ് റിവ്യൂകൾ പുറത്ത് വന്നിട്ടുണ്ട്. ഞാൻ ഒരാളെ പോലും വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വതന്ത്ര്യം തന്നെയാണ്. എന്റെ സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ലെന്ന് തന്നെ പറയണം. അത് നല്ലതാണെന്ന് തന്നെ പറയണം എന്ന് ഞാൻ നിർബന്ധം പിടിക്കില്ല. പക്ഷേ ഈ വ്യക്തി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും പലരോടും വ്യക്തിപരമായി കമന്റുകളിൽ ഈ സിനിമ കാണരുത് എന്ന് പറയുകയും ചെയ്തു.
പണി സിനിമയെ കുറിച്ച് ഇത്രയ്ക്ക് മോശം പറഞ്ഞ ഒരാളെ പോലും ഞാൻ വിളിച്ചിട്ടില്ല, വിളിക്കുകയുമില്ല. കാരണം ഞാൻ വിധിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. കാരണം എനിക്കുള്ളത് യോഗമുണ്ടെങ്കിൽ അനുഭവിക്കാൻ പറ്റും. ഒരു സിനിമ നിലനിർത്തികൊണ്ട് പോകുന്നത് വളരെയധികം സ്ട്രക്കിൾ അനുഭവിക്കുന്ന കാര്യമാണ്. വിനോദമാണെങ്കിലും സിനിമ എന്നെ സംബന്ധിച്ച് ജീവിത പ്രശ്നമാണ്. കാരണം ഞാൻ പ്രൊഡ്യൂസറാണ്. അധിക സിനിമകളിൽ അഭിനയിക്കാറുമില്ല. എടുക്കുന്ന റിസ്കുകൾ വലുതുമാണ്.
ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിക്കാനുള്ള പ്രധാനകാരണം അഭിപ്രായ സ്വാതന്ത്ര്യം എന്ന വാക്കിന്മേലോ റിവ്യൂവിന്മേലോ അല്ല. എന്റെ സിനിമ മോശമാണെങ്കിൽ അത് തുറന്നു പറയണം. ഒരുപാട് പേർ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരുപാട് സ്ഥലങ്ങളിൽ ഈ റിവ്യൂ കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. അങ്ങനെ ചെയ്യുന്ന ഒരാളോട് സംസാരിക്കണം എന്ന് തോന്നി. എന്റെ രണ്ട് വർഷത്തെ കഠിനാധ്വാനമാണ് ആ സിനിമ. അപ്പോൾ ഞാൻ അയാളെ വിളിച്ച് സംസാരിച്ചു. എനിക്ക് ലഭിച്ച രേഖകൾ സഹിതം ടിയാനുമായി നിയമപരമായി മുന്നോട്ട് പോകും”. – ജോജു പറഞ്ഞു.