Joju George: നടൻ ജോജു ജോർജിന് പരിക്ക് ; അപകടം മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടെ
ചിത്രത്തിൽ കൂടെ അഭിനയിച്ച കമൽഹാസനും നാസറിനും ഒപ്പമാണ് ഹെലികോപ്റ്ററിൽ നിന്ന് ചാടി ഇറങ്ങിയത്. പോണ്ടിച്ചേരിയിലെ എയർപോർട്ടിലായിരുന്നു ചിത്രീകരണം.
കൊച്ചി: പോണ്ടിച്ചേരിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റതായി റിപ്പോർട്ട്. മണിരത്നം സിനിമയായ ‘തഗ്‌ലൈഫി’ന്റെ ഷൂട്ടിങിനിടെയാണ് അപകടം നടന്നത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വഴുതി വീണാണ് അപകടം സംഭവിച്ചത്. ഹെലികോപ്റ്ററില്‍ നിന്ന് ചാടിയിറങ്ങിയ ജോജുവിൻ്റെ ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് റിപ്പോർട്ട്.
പരുക്കിനെ തുടർന്ന് ഇന്നലെ രാത്രി ജോജു കൊച്ചിയിൽ മടങ്ങിയെത്തി. ചിത്രത്തിൽ കൂടെ അഭിനയിച്ച കമൽഹാസനും നാസറിനും ഒപ്പമാണ് ഹെലികോപ്റ്ററിൽ നിന്ന് ചാടി ഇറങ്ങിയത്. പോണ്ടിച്ചേരിയിലെ എയർപോർട്ടിലായിരുന്നു ചിത്രീകരണം.
അപകടം നടന്ന ഉടൻ തന്നെ ജോജുവിനെ ആശുപത്രിയിലേക്ക് മാറ്റി. എക്സ് റെയിൽ ഇടതുകാലിലെ എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. പ്ലാസ്റ്ററിട്ടശേഷം ഡോക്ടർമാർ ഒരാഴ്ച വിശ്രമിക്കണമെന്ന നിർദ്ദേശം നൽകി. എന്നാൽ പോണ്ടിച്ചേരിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ജോജു കൊച്ചിയിലേക്ക് രാത്രി മടങ്ങിയത്.
ALSO READ: ഇന്ത്യയിലെ ആദ്യ എഐ സിനിമ മോണിക്ക ഒരു എ.ഐ സ്റ്റോറി തീയ്യേറ്ററുകളിലേക്ക്
ജോജു തന്നെ സംവിധാനം ചെയ്യുന്ന ‘പണി’ എന്ന സിനിമയുടെ അവസാനഘട്ട സങ്കേതിക പ്രവർത്തനങ്ങൾ നടക്കുകയാണ്. അപകടത്തെത്തുടർന്ന് കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ഇത് മാറ്റിയിട്ടുണ്ട്. 100 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിൽ തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന സിനിമയിലെ പ്രധാന നടനും ജോജു തന്നെയാണ്.
കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. നേരത്തെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കും എന്ന് വാര്‍ത്തകൾ പുറത്തു വന്നിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നമായതോടെ ദുല്‍ഖര്‍ പിന്‍മാറുകയും പകരം ചിലമ്പരശൻ ആ കഥാപാത്രം അവതരിപ്പിക്കുകയും ആയിരുന്നു. സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.