Jayasurya: ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം’; പിറന്നാൾ ദിനത്തിൽ പോസ്റ്റുമായി നടൻ ജയസൂര്യ
ഇന്ന് തന്റെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദി എന്നും ജയസൂര്യ പോസ്റ്റിൽ പറയുന്നു.
തിരുവനന്തപുരം: തനിക്ക് നേരെയുണ്ടായ പീഡനാരോപണങ്ങൾ തീർത്തും ദുഃഖത്തിലാഴ്ത്തിയെന്നും തന്നെ ചേര്‍ത്ത് നിറുത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി പോയെന്നും നടൻ ജയസൂര്യ. താനും തന്റെ കുടുംബവും ഒരു മാസത്തോളമായി അമേരിക്കയിലാണെന്നും ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നടൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഇന്ന് തന്റെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദി എന്നും ജയസൂര്യ പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇന്ന് എന്റെ ജന്മദിനം. ആശംസകള്‍ നേര്‍ന്ന് സ്നേഹപൂര്‍വം കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. വൃക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി ഞാന്‍ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകര്‍ത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേര്‍ത്ത് നിറുത്തിയ ഓരോരുത്തര്‍ക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവില്‍ ഞാന്‍ നിയമ വിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തീരുമാധിച്ചുകൊള്ളും.
ആക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും, എച്ചോള്‍ വേണമെക്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്. ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാ൯ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണ്ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദി. “പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ… പാപികളുടെ നേരെ മാത്രം.”
ജയസൂര്യ.
ലോക്കെഷനിൽ വച്ച് നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് യുവതിയുടെ ആരോപണം. ഇതിനു പിന്നാലെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം നടനെതിരെ കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. ഇതിന്റെ ഭാഗമായി ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം നടൻ ജയസൂര്യക്കെതിരെ പോലീസ് വീണ്ടും കേസെടുത്തിരുന്നു . തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് നടിയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴയിലേക്ക് മാറ്റും.സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. 2013-ൽ നടന്ന സംഭവമായതിനാൽ ഐപിസിയുടെ വിവിധ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.