5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Jayasurya : ‘ഷൂട്ടിങ് നടന്നത് സെക്രട്ടറിയേറ്റിൻ്റെ പുറത്ത്, അവർ എങ്ങനെ രണ്ടാമത്തെ നിലയിൽ എത്തി?’ ആരോപണങ്ങൾക്ക് മറുപടിയുമായി ജയസൂര്യ

Actor Jayasurya Harassment Case Against Him : ലൈംഗികാതിക്രമ കേസിൽ തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ജയസൂര്യ നേരിട്ടെത്തി ഹാജരാകുകയായിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ട സിനിമ താരം താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്ന് അറിയിക്കുകയും ചെയ്തു.

Actor Jayasurya : ‘ഷൂട്ടിങ് നടന്നത് സെക്രട്ടറിയേറ്റിൻ്റെ പുറത്ത്, അവർ എങ്ങനെ രണ്ടാമത്തെ നിലയിൽ എത്തി?’ ആരോപണങ്ങൾക്ക് മറുപടിയുമായി ജയസൂര്യ
നടൻ ജയസൂര്യ (Image Courtesy : Jayasurya Facebook)
jenish-thomas
Jenish Thomas | Published: 15 Oct 2024 14:39 PM

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ നടൻ ജയസൂര്യ (Actor Jayasurya) തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഹാജരായി. ആലുവ സ്വദേശിനിയായ നടി നൽകി പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ജയസൂര്യയെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ജയസൂര്യ താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നും തനിക്കെതിരെയുള്ള രണ്ട് ആരോപണങ്ങളും വ്യാജമാണെന്നും ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും പറഞ്ഞു. ആരോപണങ്ങൾ പുറത്ത് വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് നടൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

“രണ്ട് വ്യാജാരോപണങ്ങളാണ് എനിക്കെതിരെ വന്നിട്ടുള്ളത്. അതിൽ ഒന്ന് എൻ്റെ പേര് പറയാതെ ഞാൻ ആണെന്നുള്ള സൂചന നൽകികൊണ്ട് അവിടെയും ഇവിടെയുമായി ഒരു ആരോപണം ഉന്നയിച്ചു. സോഷ്യൽ മീഡിയയിൽ പിന്നീട് അത് ഞാനാണെന്ന് രീതിയിൽ ആക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഞാൻ അല്ല ആ വ്യക്തിയെന്നും പറഞ്ഞ അവർ പക്ഷെ പിന്നീട് മറ്റൊരു അഭിമുഖത്തിൽ ഞാനാണെന്ന് എടുത്തു പറയുകയും ചെയ്തു. അവർ എല്ലാ ചാനലിലും പറഞ്ഞത് ‘2013 എനിക്ക് ഒരിക്കലും മറക്കാനാവാത്ത സംഭവം ഉണ്ടായി’യെന്നും തൊടുപുഴയിൽ പിഗ്മാൻ്റെ ഷൂട്ടിങ്ങിനിടെ വെച്ചാണ് ആ ദുരനുഭവം ഉണ്ടായതെന്നുമാണ് അവർ പറഞ്ഞത്.

ALSO READ : Siddique: ‘പോലീസ് സ്വൈരജീവിതം തടസ്സപ്പെടുത്തുന്നു’: ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്

എന്നാൽ പിഗ്മാൻ്റെ ചിത്രീകരണം 2013ൽ നടന്നിട്ടില്ല, 2011ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് പിഗ്മാൻ. കൂടാതെ പിഗ്മാൻ ചിത്രീകരിച്ചത് തൊടുപുഴയിൽ അല്ല, കൂത്താട്ടുകുളത്താണ്. പിന്നെ എന്തിനാണ് ഇവർ ഇങ്ങനെ ഒരു വ്യാജാരോപണവും മുന്നോട്ട് വന്നത് എന്നതിനെ കുറിച്ച് എനിക്കറിയില്ല.

2008ൽ സെക്രട്ടറിയേറ്റിൻ്റെ മുന്നിൽ വെച്ച് ഒരു സംഭവം നടന്നുയെന്നാണ് രണ്ടാമത്തെ ആരോപണം. അന്ന് സെക്രട്ടറിയേറ്റിൻ്റെ പുറത്ത് ഒരു ഗാനത്തിൻ്റെ ചിത്രീകരണം മാത്രമെടുക്കാൻ രണ്ട് മണിക്കൂർ നേരത്തെ സമയമെ അനുവദിച്ചിരുന്നുള്ളൂ. അവിടെ ഇവർ രണ്ടാമത്തെ നിലയിലേക്ക് കയറി പോയത് എങ്ങനെയാണെന്ന് എനിക്കറയില്ല. ഇത്തരത്തിലുള്ള രണ്ട് വ്യാജാരോപണങ്ങൾ എനിക്കെതിരെ വന്നിട്ടുള്ളത്” ജയസൂര്യ മാധ്യമങ്ങളോടായി പറഞ്ഞു.

താൻ അറിയപ്പെടുന്ന ഒരു വ്യക്തിയായതിനാലാണ് വ്യാജാരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം ലഭിക്കുന്നത്. സാധാരണക്കാരൻ എവിടെ പോകും? ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ കുടുംബ ബന്ധത്തെ തന്നെ ഇല്ലാതാക്കും. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താൻ എന്നും ജയസൂര്യ പറഞ്ഞു. മുൻകൂർ ജാമ്യം പോലും വേണ്ടാത്ത കേസാണിത്. ആരോപണം ഉന്നയിക്കുന്ന ആൾ ആരാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും പരിശോധിക്കുന്നതാണെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

നടി ഉന്നയിച്ച ആരോപണം പൂർണമായും നിഷേധിക്കുന്നു. ആരോപണം ഉന്നയിച്ച വ്യക്തിയുമായി യാതൊരു സുഹൃത്ത് ബന്ധവുമില്ല. 2018ലും 2019ലും തന്നെ പറ്റി ഫേസ്ബുക്കിൽ പുകഴ്ത്തി പറഞ്ഞ വ്യക്തി ഇപ്പോൾ എന്തിന് ആരോപണവുമായി എത്തിയെന്നും ജയസൂര്യ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ജയസൂര്യയ്ക്ക് പുറമെ സിപിഎം എംഎൽഎ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ളി രാജു ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് ആലുവ സ്വദേശിയായ നടി ആരോപണം ഉന്നയിച്ചത്. നടിയുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദേശപ്രകാരം തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്ത സമയം ജയസൂര്യ സിനിമയുടെ ചിത്രീകരണത്തിനായി അമേരിക്കയിലായിരുന്നു. തുടർന്ന് നാട്ടിലെത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് നടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Latest News