AMMA : ‘ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല’; അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് ജഗദീഷ്
Jagadish criticises AMMA : ഹേമ കമ്മറ്റി റിപ്പോർട്ടിൽ അമ്മയുടെ പ്രതികരണം തള്ളി നടൻ ജഗദീഷ്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് അമ്മയ്ക്ക് ഒഴിഞ്ഞുമാറാനാവില്ല. പേരുകൾ ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. റിപ്പോർട്ടിൽ അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ഒറ്റപ്പെട്ട സംഭവമെന്ന അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖിൻ്റെ (AMMA) നിലപാട് തള്ളി നടൻ ജഗദീഷ്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല. അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മ നടത്തിയ വാർത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തലുകൾ ഒറ്റപ്പെട്ടതാണെന്ന് സിദ്ധിഖ് അവകാശപ്പെട്ടത്.
“അമ്മയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. റിപ്പോർട്ടിലെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു. പേരുകൾ ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. റിപ്പോർട്ടിൽ അന്വേഷണം നടക്കണം. ഒറ്റപ്പെട്ട സംഭവം ആണെന്നുപറഞ്ഞ് ഒഴിഞ്ഞു മാറാൻ കഴിയില്ല. സിനിമാ വ്യവസായത്തിൽ പ്രശ്നങ്ങളുണ്ട്. എനിക്ക് നേരിട്ട് അനുഭവമില്ല. പരാതികളുണ്ടെങ്കിൽ പരിഹരിക്കപ്പെടണം. മറ്റിടങ്ങളിലും ഇതൊക്കെ നടക്കുന്നില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. റിപ്പോർട്ട് വൈകിയതിലും പേജുകൾ മാറ്റിയതിലും സർക്കാർ വിശദീകരണം നൽകണം. സിനിമയിലെ പുഴുക്കുത്തുകൾ പുറത്തു കൊണ്ടുവരണം. പേരുകൾ പുറത്തുവരട്ടെ. തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണ്.”- ജഗദീഷ് പറഞ്ഞു.
Also Read : AMMA : ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല; പവർ ഗ്രൂപ്പ് ആരെന്നറിയില്ല: സിദ്ധിഖ്
അഞ്ച് വർഷം മുൻപ് പുറത്തുവന്ന റിപ്പോർട്ടാണിത്. റിപ്പോർട്ടിൽ പറയുന്ന അടിസ്ഥാന സൗകര്യങ്ങളിൽ ഇപ്പോൾ മാറ്റമുണ്ട്. എന്നാൽ റിപ്പോർട്ടിലെ മൊഴികൾ അപ്രസക്തം എന്ന് ഇതിനർത്ഥമില്ല. മൊഴികൾ വീണ്ടും ശേഖരിക്കുന്നതിനോട് യോജിപ്പില്ല. കുറ്റക്കാരെന്ന് കോടതി പറയുന്നവർക്കെതിരെ അമ്മ നടപടിയെടുക്കും. പവർ ഗ്രൂപ്പോ മാഫിയ സംഘങ്ങളോ ഉണ്ടെന്ന് തോന്നുന്നില്ല. അന്ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഇന്ന് ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകമായിരുന്നു. റിപ്പോർട്ട് വന്നതിനു ശേഷം കുറ്റം ചെയ്തവർക്ക് ഒരു ഭയമുണ്ടായിട്ടുണ്ട്.
വ്യക്തിപരമായി ആരും പരാതിയുമായി വന്നിട്ടില്ല. സിനിമയിൽ ചൂഷണം നടക്കുന്നുണ്ട്. ചൂഷണം നേരിട്ടവർ തന്നെയാണ് പരാതിയുമായെത്തിയിട്ടുള്ളത്. അതിൽ സംശയമില്ല. ആത്മ പ്രസിഡന്റിനെതിരെ എന്നല്ല, ആർക്കെതിരെ ആരോപണമുണ്ടായാലും അന്വേഷിക്കപ്പെടണം. ആഭ്യന്തര പരാതി പരിഹാര സമിതിയിൽ പഴുതുകളുണ്ട്. ഓരോ സിനിമയിലും സമിതി മാറും. ഡബ്ല്യുസിസി ഉന്നയിച്ച കാര്യങ്ങൾ ന്യായമാണ്. അവർ നമ്മളിൽ പെട്ടവർ തന്നെയാണ്. കോൺക്ലേവിന്റെ കാര്യത്തിൽ എല്ലാവർക്കും സ്വീകാര്യരായ ആളുകളെ സർക്കാർ ഉൾപ്പെടുത്തട്ടെ. ഡബ്ല്യുസിസി ആവശ്യപ്പെടുന്നവരെ കോൺക്ലേവിൽ നിന്നൊഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ അമ്മ അത് അംഗീകരിക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺക്ലേവ് സഹായമാകുമെന്ന പ്രതീക്ഷയുണ്ടെന്നും ജഗദീഷ് പറഞ്ഞു.
ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു സിദ്ധിഖിൻ്റെ അവകാശവാദം. പവർ ഗ്രൂപ്പ് ആരെന്നറിയില്ല. അമ്മ ഹേമ കമ്മറ്റിയ്ക്കൊപ്പം തന്നെ നിലകൊള്ളുമെന്നും വാർത്താസമ്മേളനത്തിൽ സിദ്ധിഖ് പറഞ്ഞു.
“പ്രതികരണം വൈകിയത് അമ്മ ഷോയുടെ റിഹേഴ്സൽ നടക്കുന്നതിനാലാണ്. ഇന്നലെ പുലർച്ചെയാണ് അതിൻ്റെ തിരക്കുകൾ അവസാനിച്ചത്. പ്രതികരണത്തിൽ നിന്ന് ഒളിച്ചോടിയില്ല. അഭിപ്രായ സമന്വയത്തിന് സമയമെടുത്തു എന്ന് മാത്രം. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. നടപ്പിൽ വരുത്തണമെന്നാണ് ആഗ്രഹം. മന്ത്രി സജി ചെറിയാനെ നിർദ്ദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ഹേമ കമ്മറ്റി റിപ്പോർട്ട് അമ്മക്ക് എതിരായ റിപ്പോർട്ടല്ല. അമ്മ ഹേമ കമ്മറ്റി റിപ്പോർട്ടിന് എതിരല്ല. സംഘടനയെ മാധ്യമങ്ങൾ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ ദുഖമുണ്ട്.”- സിദ്ധിഖ് പറഞ്ഞു.
കുറ്റകൃത്യം നടന്നെങ്കിൽ പോലീസ് കേസെടുക്കണമെന്നും സിദ്ധിഖ് പറഞ്ഞു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിച്ചിട്ടില്ല. മലയാള സിനിമാവ്യവസായം മുഴുവൻ ഇങ്ങനെയാണെന്ന വാദത്തോട് എതിർപ്പാണ്. എല്ലാ തൊഴിലിടത്തിലും പ്രശ്നങ്ങളുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളിൽ ഒരു സമൂഹത്തെ കുറ്റപ്പെടുത്തരുത്. പവർ ഗ്രൂപ്പ് ആരെന്നറിയില്ല. ഒരു സിനിമ ആര് അഭിനയിക്കണം, വേണ്ട എന്ന് ഒരു ഗ്രൂപ്പ് ഇരുന്ന് എങ്ങനെ ഇൻഡസ്ട്രി മുന്നോട്ട് പോകും. ഒരു പവർ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാൻ ആവില്ല. അന്വേഷണം ആവശ്യപ്പെടാൻ ഭയമില്ല. കുറ്റവാളികളെ പുറത്തുകൊണ്ടുവരണം എന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.
2006 ൽ നടന്ന സംഭവത്തിൽ 2018 ലാണ് പരാതിവന്നത്. പരാതി അവഗണിച്ചത് ശരിയല്ല. പരിശോധിച്ച് നടപടിയെടുക്കും. പരാതി പറഞ്ഞതിന്റെ പേരിൽ ആരെയും മാറ്റി നിർത്തില്ല. സോണിയ തിലകന്റെ പരാതി അമ്മക്ക് കിട്ടിയിട്ടില്ല. തൊഴിൽ നഷ്ടം ഉണ്ടായെന്ന പാർവതിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല. ഡബ്ല്യുസിസിയിലെ ആർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടില്ല. കഥാപാത്രത്തിന് അനുയോജ്യരായവരെ സമീപിക്കുന്നു എന്നേയുള്ളൂ. സർക്കാർ കോൺക്ലേവിൻ്റെ ഉദ്ദേശ്യമെന്തെന്നറിയില്ല. തങ്ങളെ ക്ഷണിച്ചിട്ടില്ല എന്നും സിദ്ധിഖ് പ്രതികരിച്ചു.