Dulquer Salmaan: ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ കണ്ട് ഞാന്‍ ടി വി ഓഫ് ചെയ്തു: ഇബ്രാഹിംകുട്ടി
Mammootty's Brother Ibrahimkutty About Lucky Bhaskar: മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം കണ്ട് താന്‍ കരഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. മമ്മൂട്ടി കോമഡി വേഷങ്ങള്‍ ചെയ്യുന്ന സിനിമകള്‍ കണ്ടാല്‍ പോലും തനിക്ക് കരച്ചില്‍ വരുമെന്നുമാണ് താരം പറയുന്നത്.
മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടി എല്ലാവര്‍ക്കും സുപരിചിതനാണ്. മമ്മൂട്ടിയുടെ സഹോദരന്‍ എന്ന നിലയില്‍ മാത്രമല്ല അദ്ദേഹത്തെ എല്ലാവര്‍ക്കുമറിയുന്നത്, മറിച്ച് നടന്‍ എന്ന നിലയിലാണ്. നിരവധി സിനിമകളിലാണ് ഇബ്രാഹിംകുട്ടി വേഷമിട്ടിട്ടുള്ളത്. എന്നാല്‍ മമ്മൂട്ടിയുടെ സഹോദരന്‍ എന്ന പേരില്‍ സിനിമകള്‍ ചെയ്തില്ലെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
ഇപ്പോഴിതാ സഹോദര പുത്രനും നടനുമായ ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌കര്‍ എന്ന ചിത്രം കണ്ട് ടി വി ഓഫാക്കിയ കാര്യം പറയുകയാണ് അദ്ദേഹം. ലക്കി ഭാസ്‌കറില്‍ ദുല്‍ഖര്‍ പിടിക്കപ്പെടുമെന്നായപ്പോഴാണ് താനത് ചെയ്തതെന്നും ഇബ്രാഹിംകുട്ടി പറയുന്നു. ദുല്‍ഖര്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ തനിക്ക് ടെന്‍ഷനായി. അതിനാല്‍ രാത്രി കണ്ടാല്‍ ശരിയാകില്ലെന്ന് കരുതി രാവിലെ കാണാമെന്ന് വെക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ന്യൂസ് അറ്റ് ഹൗസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇബ്രാഹിംകുട്ടി ഇക്കാര്യം പറയുന്നത്.
മാത്രമല്ല, മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം കണ്ട് താന്‍ കരഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. മമ്മൂട്ടി കോമഡി വേഷങ്ങള്‍ ചെയ്യുന്ന സിനിമകള്‍ കണ്ടാല്‍ പോലും തനിക്ക് കരച്ചില്‍ വരുമെന്നുമാണ് താരം പറയുന്നത്.
”ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ എന്ന സിനിമ കണ്ടിരിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ ദുല്‍ഖര്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായല്ലോ. അപ്പോള്‍ ഞാന്‍ ടി വി ഓഫ് ചെയ്തു. ആ സീന്‍ കണ്ടപ്പോള്‍ എനിക്ക് ആകെ ടെന്‍ഷനായി. ഇത് രാത്രി കണ്ടാല്‍ ശരിയാകില്ല രാവിലെ കാണാമെന്ന് തീരുമാനിക്കുകയായിരുന്നു.
എല്ലാവരുടെയും ഇടയില്‍ ഇരുന്ന് കാണുമ്പോള്‍ അത് കുഴപ്പം ഉണ്ടാകില്ല. പക്ഷെ ഒറ്റയ്ക്ക് കാണുന്നത് അങ്ങനെയല്ല. മാത്രമല്ല, ആര്‍ക്കെങ്കിലും ടര്‍ബോ സിനിമ കാണുമ്പോള്‍ കരച്ചില്‍ വരുമോ? പക്ഷെ ആ സിനിമ കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്.
ഇച്ചാക്കയെ സ്‌ക്രീനില്‍ കാണുന്ന സമയത്ത് നമുക്ക് കിട്ടുന്ന ഒരു ഇലക്ട്രിക് പാസുണ്ടല്ലോ, പുള്ളിയെ സ്‌ക്രീനില്‍ കാണുമ്പോഴുള്ളൊരു ഫീലാണത്. അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങളെയല്ല ഞാന്‍ സ്‌ക്രീനില്‍ കാണുന്നത് ഇച്ചാക്കയെ ആണ്,” ഇബ്രാഹിംകുട്ടി പറയുന്നു.
അതേസമയം, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയെത്തിയ ലക്കി ഭാസ്‌കര്‍ നിരവധി റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടായിരുന്നു തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയിരുന്നു. ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. സിനിമ നെറ്റ്ഫ്‌ളിക്‌സിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 5.1 മില്യണ്‍ ആളുകളാണ് അത് കണ്ടത്.
ഇതോടെ നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ തെന്നിന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും ലക്കി ഭാസ്‌കര്‍ സ്വന്തമാക്കി. വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തില്‍ തെലുഗിലാണ് ലക്കി ഭാസ്‌കര്‍ ഇറങ്ങിയത്. മമ്മൂട്ടിയുടെ ടര്‍ബോയും ദുല്‍ഖറിന്റെ ലക്കി ഭാസ്‌കറും മികച്ച തിയേറ്ററില്‍ നിന്ന് സ്വന്തമാക്കിയത്.