5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dileep: നടൻ ദിലീപ് ശബരിമലയിൽ വിഐപി ദർശനം നടത്തിയ സംഭവം; സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി

Dileep Sabarimala VIP Visit CCTV Footages: സാധാരണ ഭക്തർക്ക് ദർശനത്തിന് അവസരം ഒരുക്കേണ്ട സമയത്താണ് ദിലീപ് ഒന്നാം നിരയിൽ നിന്ന് മറ്റ് ഭക്തരുടെ ദർശന സമയം കൂടി തടസ്സപ്പെടുത്തിയത്.

Dileep: നടൻ ദിലീപ് ശബരിമലയിൽ വിഐപി ദർശനം നടത്തിയ സംഭവം; സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി
നടൻ ദിലീപ് (Image Credits: Dileep Facebook)
nandha-das
Nandha Das | Updated On: 07 Dec 2024 16:23 PM

കൊച്ചി: നടൻ ദിലീപ് ശബരിമലയിൽ വിഐപി ദർശനം നടത്തിയ സംഭവത്തിൽ സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് കൈമാറി. ദിലീപ് ഉൾപ്പടെയുള്ള ചില ആളുകൾക്ക് ശബരിമലയിൽ ദർശനം നടത്തുന്നതിന് പ്രത്യേക സൗകര്യം ഒരുക്കികൊടുത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

ശനിയാഴ്ച അർധരാത്രി ഹരിവരാസനം പാടി നടയടക്കുന്നതിന് തൊട്ട് മുൻപാണ് ദിലീപും സംഘവും ശബരിമലയിൽ സന്ദർശനം നടത്തിയത്. സാധാരണ ഭക്തർക്ക് ദർശനത്തിന് അവസരം ഒരുക്കേണ്ട സമയത്താണ് ദിലീപ് ഒന്നാം നിരയിൽ നിന്ന് മറ്റ് ഭക്തരുടെ ദർശന സമയം കൂടി തടസ്സപ്പെടുത്തിയത്. ഏകദേശം പത്ത് മിനിറ്റോളം ദിലീപ് അവിടെ ഉണ്ടായിരുന്നു. നടൻ അവിടെ ഉണ്ടായിരുന്ന അത്രയും നേരം വരി മുന്നോട്ട് പോകാതിരിക്കുകയും, വരിയിൽ പുറകിലുണ്ടായിരുന്ന മറ്റ് ഭക്തർക്ക് കൂടതൽ നേരം കാത്തിരിക്കേണ്ടി വരികയും ചെയ്തു. ഈ സംഭവത്തിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, നടൻ ദിലീപിന് പുറമെ, ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ രാധാകൃഷ്ണൻ, ഒഡേപെക്ക്‌ ചുമതല വഹിക്കുന്ന കെ പി അനിൽ കുമാർ എന്നിവരും വിഐപി പരിഗണനയോടെ ദർശനം നടത്തിയിരുന്നു. കൂടാതെ, ഇവരോടപ്പം ഒരു കൂട്ടം ആളുകളും, പോലീസ് അകമ്പടിയും സന്നിധാനത്ത് എത്തിയെന്നും ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

ALSO READ: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം ദർശനം നടത്താൻ സാധിക്കാതെ മടങ്ങി പോകേണ്ടി വരുന്ന ഭക്തരെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. നടന് പ്രത്യേക പരിഗണന നൽകി മറ്റ് ഭക്തർക്ക് ദർശനം തടസ്സപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചിരുന്നു. ദിലീപും സംഘവും നടയ്ക്ക് മുന്നിൽ ഏറെ നേരം നിരന്ന് നിന്നത് മൂലം മറ്റ് ഭക്തരുടെ ദർശന സമയം അല്ലെ മുടങ്ങിയതെന്നും കോടതി ചോദിച്ചു. ഹരിവരാസനം പാടി തീരും വരെയും നടന് അവിടെ നിൽക്കാനുള്ള അനുമതി ആരാണ് നൽകിയതെന്ന് ചോദിച്ചും കോടതി വിമർശിച്ചു.

വ്യാഴാഴ്ച നടന്ന സുനിൽ സ്വാമിയുടെ കേസിന്റെ വിധിന്യായത്തിൽ തന്നെ, ശബരിമലയിൽ ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ശബരിമല സന്ദർശിക്കുന്ന എല്ലാ ഭക്തന്മാരും സമന്മാരാണെന്നും, എല്ലാവരും വിർച്വൽ ക്യൂ വഴിയാണ് ദർശനം നടത്തുന്നതെന്നും, എല്ലാ കാര്യങ്ങളും ആ മുറയ്ക്ക് തന്നെ നടക്കണമെന്നും അറിയിച്ചിരുന്നു. എന്നാൽ, ദിലീപ് ഉൾപ്പടെയുള്ള പ്രമുഖരുടെ വിഐപി ദർശനം ഈ നിർദേശങ്ങളുടെ ലംഘനമായാണ് കോടതി കാണുന്നത്.

ഇതോടെയാണ് സന്നിധാനത്തെയും അപ്പർ തിരുമുറ്റത്തേയും സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടത്. ദൃശ്യങ്ങളിൽ നിന്നും എന്തെങ്കിലും ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.