Actor Darshan : ദർശൻ്റെ ജയിലിലെ 6106-ാം നമ്പർ കാറിനിടാൻ ആരാധകർ; രജിസ്ട്രേഷന് വൻ ഡിമാൻഡ്
Actor Darshan Fans Craze : 33കാരനായ ഫാർമസി ജീവനക്കാരൻ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപ രണ്ടാം പ്രതിയാണ്. കേസിൽ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ 6106-ാം നമ്പർ തടവുകാരനാണ് ദർശൻ.
ബെംഗളൂരു : രേണുക സ്വാമി കൊലപാതക കേസിൽ (Renuka Swamy Murder Case) രണ്ടാം പ്രതിയായ കന്നഡ സിനിമ താരം ദർശൻ തൂഗുദീപ (Actor Darshan Thoogudeepa) ഉൾപ്പെടെയുള്ള നാല് പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ബെംഗളൂരു മജിസ്ട്രേറ്റ് കോടതി. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന കന്നഡ സൂപ്പർ താരം 6016-ാം നമ്പർ തടവുകാരനാണ്. ദർശനൊപ്പം കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ ധനരാജ്, വിനയ്, പ്രദോഷ് എന്നിവരെയാണ് കോടതി ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എന്നാൽ അതിനിടെ കന്നഡ സൂപ്പർ താരത്തിൻ്റെ ജയിലിൽ നമ്പറിന് ഇപ്പോൾ കർണാടകയിൽ വൻ ഡിമാൻഡ് നേടിയെടുക്കുകയാണ്.
എത്ര തന്നെ ക്രൂരകൃത്യം ചെയ്താലും ദർശൻ്റെ ആരാധകർ നടനെ ഇപ്പോഴും ജീവനതുല്യം സ്നേഹിക്കുന്നുണ്ട്. കേസിൽ താരത്തെ വെറുതെ വിടണമെന്നാവശ്യമാണ് ഇപ്പോഴും നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്നത്. ഇതിന് പുറമെ താരത്തെ പാർപ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിലിന് സമീപത്തായി നിരവധി ആരാധകർ തടിച്ച് കൂടുകയും ചെയ്തിട്ടുണ്ട്. നിരപരാധിയായ ദർശനെ വെറുതെ വിടണമെന്നും നടനെ ഒരു നോക്ക് കാണണമെന്നാണ് ഇവരുടെ ആവശ്യം. അതിനിടെയാണ് കന്നഡ സൂപ്പർ താരത്തിൻ്റെ ആരാധകർക്കിടയിൽ 6016 എന്ന സംഖ്യയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചു തുടങ്ങി.
6016 എന്ന ദർശൻ്റെ ജയിൽ നമ്പർ തങ്ങളുടെ വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പരാക്കാൻ നിരവധി പേർ കർണാടക മോട്ടോർ വെഹിക്കൽ ഡിപ്പാർട്ട്മെൻ്റിനെ സമീപിച്ചതായി ടിവി9 കന്നഡ റിപ്പോർട്ട് ചെയ്യുന്നു. പൊതുവെ ഭാഗ്യ നമ്പറുകളാണ് വാഹനത്തിൻ്റെ രജിസ്ട്രേഷനായി പലരും ആവശ്യപ്പെടാറുള്ളത്. എന്നാൽ അഴിക്കുള്ളിൽ കിടക്കുന്ന തങ്ങളുടെ ഇഷ്ട നായകൻ്റെ ജയിൽ നമ്പർ വാഹനരജീസ്ട്രേഷനായി വേണമെന്ന വിചിത്രമായ ആവശ്യമാണ് ദർശൻ ആരാധകർ ഇപ്പോൾ നടത്തുന്നത്.
ദർശനും കൂട്ടാളികളും നടത്തിയ കൊടും ക്രൂരത
കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ 33കാരൻ രേണുക സ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. കേസിലെ ഒന്നാം പ്രതിയായ നടൻ്റെ കാമുകിയും നടിയും മോഡലുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിൻ്റെ പേരിലാണ് രേണുക സ്വാമിയെ ദർശനും സംഘവും ചേർന്ന് കൊലപ്പെടുത്തിയത്. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് 33കാരനായ ഫാർമസി ജീവനക്കാരനെ നടനും സംഘവും ചിത്രദുർഗയിൽ നിന്നും തട്ടികൊണ്ടുവന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് ചാർജ്ഷീറ്റിൽ പറയുന്നു. കേസിൽ ദർശനും നടിയും ഉൾപ്പെടെ 16 പേരാണ് ഗൂഡാലോചന നടത്തിയത്.
ചിത്രദുർഗയിൽ നിന്നും കടത്തികൊണ്ട് വന്ന യുവാവിനെ ഒരു ഇടത്തേക്ക് കൊണ്ടുവരികയും അവിടെ വെച്ച് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു പ്രതികൾ. രേണുക സ്വാമിയുടെ ശരീരത്തിലൂടെ വൈദ്യുതി കയറ്റിവിടുകയും സ്വകാര്യ ഭാഗം ക്രൂരമായി മർദ്ദിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. നടൻ തൻ്റെ ലെഥെർ ബെൽറ്റ് ഉപയോഗിച്ച് 33 കാരനെ മർദ്ദിച്ചുയെന്നുമാണ് പോലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ സ്വാമിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കേസിലെ ഒന്നാം പ്രതിയായ നടിക്കു അയച്ചു നൽകിയെന്നും പോലീസ് റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു. യുവാവിനെ തട്ടികൊണ്ട് വന്ന് കൊലപ്പെടുത്തുന്നതിനായി നടൻ 50 ലക്ഷം രൂപ ചിലവഴിച്ചുയെന്നാണ് പോലീസിൻ്റെ നിഗമനം. കൊലപ്പെടുത്തിയതിന് ശേഷം രേണുക സ്വാമിയുടെ മൃതദേഹം ബെംഗളൂരു നഗരത്തിൻ്റെ പുറത്ത് കൊണ്ടുപോയി തള്ളുകയായിരുന്നു പ്രതികൾ.