Binu Pappu: ‘ഇന്നേക്ക് ദുർഘാഷ്ടമി, കൈ വിടറാ; കൈ പിടിച്ച് തിരിച്ചതും കുപ്പിവള പൊട്ടി കയ്യിൽ മുറിവായി’; നടി ശോഭനയുമൊത്തുള്ള അനുഭവം പറഞ്ഞ് ബിനു പപ്പു
Binu Pappu On shobana: ഡേയ് കൈ വിടറാ... ചോക്ലേറ്റ് വാങ്ങിത്തരേ... ഇന്നേക്ക് ദുർഘാഷ്ടമി കൈ വിടറാ... എന്നൊക്കെയാണ് ആ സമയത്ത് മാം പ്രതികരിച്ച് പറഞ്ഞ ഡയലോഗുകൾ. തനിക്ക് ചിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നാണ് ബിനു പപ്പു പറയുന്നത്.

മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററുകളിൽ തുടരും ചിത്രം എത്തിയത്. മോഹൻലാൽ-ശോഭന കൂട്ടുക്കെട്ടിൽ തരൂൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ആദ്യം ദിനം തന്നെ ഗംഭീര പ്രതികരണം നേടിയ ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ആരംഭഘട്ടം മുതൽ പിന്നണിയിലും ക്യാമറയ്ക്ക് മുന്നിലും നടൻ ബിനു പപ്പുവും ഭാഗമായിരുന്നു. ചിത്രം കണ്ട് പുറത്തിറങ്ങുന്ന ഓരോരുത്തരും ബിനു പപ്പുവിന്റെ അഭിനയ മികവും എടുത്തുപറയുന്നുണ്ട്. ഇതുവരെ ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി അൽപ്പം പരുക്കനാണ് തുടരുമിൽ ബിനു അവതരിപ്പിച്ച ബെന്നി.
ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് ബിനു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിനു പപ്പുവിന്റെ പ്രതികരണം. നടി ശോഭനയുടെ കൈ പിടിച്ച് തിരിക്കുന്ന രംഗത്തിൽ കുപ്പിവള പൊട്ടി നടിയുടെ കയ്യിൽ കുത്തികയറിയപ്പോൾ നടിയുടെ പ്രതികരണത്തെ കുറിച്ചും ബിനു പപ്പു പറഞ്ഞു. താൻ ഒരിക്കലും അത്തരത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും നടൻ പറയുന്നു.
ചിത്രത്തിൽ ഒരു സീനിൽ ശോഭന മാമിനെ ചോദ്യം ചെയ്യുമ്പോൾ കാലിൽ ചവിട്ടുന്ന രംഗമുണ്ട്. അവരുടെ കാലിൽ മിഞ്ചിയുമുണ്ട്. താനാണെങ്കിൽ പോലീസ് ഷൂസുമാണ് ഇട്ടിരിക്കുന്നതെന്നും ബിനു പപ്പു പറയുന്നു. ഒരു സീനിൽ താൻ കൈ പിടിച്ച് തിരിക്കുന്ന ഒരു രംഗമുണ്ട്. മാമിന്റെ കയ്യിൽ കുപ്പിവളയുണ്ട്. താൻ അമർത്തി പിടിച്ചപ്പോൾ കുപ്പിവള പൊട്ടി കയ്യിൽ മുറിഞ്ഞു. താൻ കൈ പിടിച്ച് തിരിച്ചപ്പോഴും മാമിന് ശരിക്കും വേദനിച്ചുവെന്നും ബിനു പപ്പു പറയുന്നു.
ഡേയ് കൈ വിടറാ… ചോക്ലേറ്റ് വാങ്ങിത്തരേ… ഇന്നേക്ക് ദുർഘാഷ്ടമി കൈ വിടറാ… എന്നൊക്കെയാണ് ആ സമയത്ത് മാം പ്രതികരിച്ച് പറഞ്ഞ ഡയലോഗുകൾ. തനിക്ക് ചിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള ഡയലോഗുകൾ ഒന്നും പറയല്ലേ എന്നാണ് കട്ട് വിളിച്ചശേഷം താൻ മാമിനോട് പറഞ്ഞതെന്നും ബിനു പപ്പു പറയുന്നു.