Basil Joseph-Rimi Tomy: ‘ആര് മറന്നാലും ബേസിൽ മറക്കരുത്; ജീവിതത്തിൽ ആകെ ചെയ്ത ഒരു അബദ്ധം ഞാനായിരിക്കും’; റിമി ടോമി
Actor Basil Joseph: പത്ത് വർഷങ്ങൾക്കിപ്പുറം കുഞ്ഞിരാമായണം സിനിമയെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ബേസിൽ ജോസഫും റിമി ടോമിയും. ഫ്ലവേഴ്സ് ടോപ്പ് സിങർ റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിൽ അതിഥിയായി ബേസിൽ എത്തിയപ്പോഴാണ് പ്രതികരണം.

ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്ത് സ്ഥാനം പിടിച്ച താരമാണ് നടൻ ബേസിൽ ജോസഫ്. സിനിമ മോഹവുമായി എത്തിയ താരം പിന്നീട് മലയാളികൾക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളുമായിരുന്നു. ഇന്ന് സിനിമ ജീവിതത്തിൽ പത്ത് വർഷം പിന്നീടുമ്പോൾ മലയാള സിനിമയിൽ മികച്ച നടന്മാരിൽ ഒന്നാണ് ബേസിൽ.
ഷോർട്ട് ഫിലിം എടുത്ത് വളർന്ന ബേസിൽ വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായാണ് ആദ്യം പ്രവർത്തിച്ചുതുടങ്ങിയത്. ഇതിനു ശേഷം ആ അനുഭവങ്ങൾ വെച്ചാണ് ആദ്യ സിനിമയായ കുഞ്ഞിരാമായണം ബേസിൽ ഒരുക്കുന്നത്. ഗുരു വിനീത് ശ്രീനിവാസനെ വച്ച് തന്നെയായിരുന്നു ബേസിലിന്റെ ആദ്യ പരീക്ഷണവും. ആദ്യ സിനിമയാണെങ്കിലും ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. കുഞ്ഞിരാമായണം പോലെ റിപ്പീറ്റ് വാല്യുവുള്ള ഒരു കോമഡി എന്റർടെയ്നർ മലയാളത്തിൽ കുറവാണെന്ന് തന്നെ പറയാം.ചിത്രത്തിലെ ഒരോ സീനുകളും പാട്ടുകളും മലയാളി മനസിൽ മനപാഠമാണ്.വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, അജു വർഗീസ്, മാമുക്കോയ, സീമ ജി നായർ, ബിജു മേനോൻ തുടങ്ങിയവരുടെ അസാധ്യ പ്രകടനമായിരുന്നു കുഞ്ഞിരാമായണത്തിലൂടെ പ്രേക്ഷകർ കണ്ടത്.
ചിത്രത്തിൽ ഗായിക റിമി ടോമിയും എത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ കുഞ്ഞിരാമൻ എന്ന കഥാപാത്രത്തിന്റെ കാമുകി ആയാണ് റിമി എത്തുന്നത്. തങ്കമണിയെന്നായിരുന്നു റിമിയുടെ കഥാപാത്രത്തിന്റെ പേര്. കഥാപാത്രം പ്രേക്ഷകരിൽ ചിരി പടർത്തിയെങ്കിലും റിമിയെ തങ്കമണിയായി അവതരിപ്പിച്ചതിൽ നിരവധി മോശം അഭിപ്രായം ലഭിച്ചിരുന്നു.
റിമിയുടെ കാസ്റ്റിങ്ങാണ് സിനിമയിലെ ഒരേയൊരു നെഗറ്റീവ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇപ്പോഴിതാ പത്ത് വർഷങ്ങൾക്കിപ്പുറം കുഞ്ഞിരാമായണം സിനിമയെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ബേസിൽ ജോസഫും റിമി ടോമിയും. ഫ്ലവേഴ്സ് ടോപ്പ് സിങർ റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിൽ അതിഥിയായി ബേസിൽ എത്തിയപ്പോഴാണ് പ്രതികരണം.
ബേസിലുമായുള്ള സൗഹൃദ സംഭാഷണത്തിനിടെയാണ് റിമി കുഞ്ഞിരാമായണത്തെ കുറിച്ച് സംസാരിച്ചത്. ആര് എന്നെ മറന്നാലും ബേസിൽ എന്നെ മറക്കരുത്. ബേസിൽ ജീവിതത്തിൽ ആകെ ചെയ്ത ഒരു അബദ്ധം ഞാൻ ആയിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് റിമി സംസാരിച്ച് തുടങ്ങുന്നത്. ഇത് കേട്ട് മറ്റ് ജഡ്ജുകൾക്ക് കാര്യം എന്താണെന്ന് മനസിലായില്ല. തുടർന്ന് തന്റെ ആദ്യ സിനിമയിൽ നായികയാണ് റിമി എന്ന് ബേസിൽ മറുപടി നൽകി. ക്ലൈമാക്സിലെ ട്വിസ്റ്റായിരുന്നു റിമിയെന്നും ബേസിൽ പറഞ്ഞു. ഇത് എവിടേയും വീണ്ടും വീണ്ടും ഓർമ്മിപ്പിക്കില്ലെന്ന് താൻ ബേസിലിന് സത്യം ചെയ്തതായിരുന്നു. ബേസിൽ ഇപ്പോൾ സൂപ്പർസ്റ്റാറാണ്. സൂപ്പർ ഡയറക്ടറാണ്. ഇനി എന്തിനാണ് ഒരു കളങ്കം. ആ ഒരു ചീത്തപ്പേര് വേണ്ട എന്നാണ് റിമി രസകരമായി മറുപടി പറഞ്ഞത്.