Amritha Suresh: മകളെയോർത്ത് സഹിച്ചു, ഇനിയും മിണ്ടാതിരിക്കാനാവില്ല; പരിധിവിട്ടതോടെയാണ് പരാതിയുമായി മുന്നോട്ട് പോയത്: ബാലയ്ക്കെതിരെ മുൻ ഭാര്യ
Actor Bala Amritha Suresh Issue: ഓൺലൈനിലും ഓഫ്‌ലൈനിലും ഭീഷണികൾ വന്നുകൊണ്ടിരുന്നു. സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമാണ് ഭീഷണി. മകളുടെ പഠനത്തെയും അത് ഗുരുതരമായി ബാധിച്ചെന്ന് പരാതിക്കാരി പറഞ്ഞു.
കൊച്ചി: നടൻ ബാലക്കെതിരെ സഹികെട്ടപ്പോഴാണ് പരാതി നൽകിയതെന്ന് മുൻ ഭാര്യയും ഗായികയുമായ അമൃതാ സുരേഷ്. മകളെ പൊതുമാധ്യത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കരുതിയാണ് ഇത്രയും നാൾ നിശബ്ദയായത്. സഹിക്കാവുന്നതിന്റെ അപ്പുറം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. പരിധി വിട്ടപ്പോഴാണ് പരാതി നൽകിയതെന്നും പരാതിക്കാരി പ്രതികരിച്ചു. അനുഭവിക്കാവുന്നതത്രയും അനുഭവിച്ചു. ജീവനെങ്കിലും ബാക്കി വേണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഡിവേഴ്സുമായി മുന്നോട്ട് പോയത്. ബന്ധം നിയമപരമായി പിരിഞ്ഞാൽ എങ്കിലും മനസമാധാനത്തോടെ ജീവിക്കാമെന്ന് കരുതി. എന്നാൽ മറിച്ചാണ് സംഭവിച്ചതെന്നും അമൃത പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് മുൻഭാര്യയുടെ പ്രതികരണം.
‘എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. അതൊന്നും എന്നെ ബാധിച്ചില്ലെന്ന് മനസിലായതോടെ മകൾക്കെതിരെയും രംഗത്തെത്തി. ആരോപണങ്ങൾ മകളുടെ പഠനത്തെയും ബാധിച്ചു തുടങ്ങി. ഓൺലെെനായും ഓഫ് ലെെനായും ഭീഷണി കൂടിയതോടെയാണ് നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്. 14 വർഷമായി അനുഭവിക്കാൻ തുടങ്ങിയിട്ട്. ഡിവോഴ്സ് മകളെയും ട്രോമയായി ബാധിച്ചിട്ടുണ്ട്. ജീവൻ മതിയെന്ന തീരുമാനത്തിലാണ് അവിടെ നിന്ന് ഇറങ്ങിയത്. മകളും ബാലയുടെ അതിക്രമങ്ങളെ കുറിച്ച് പൊലീസിൽ പരാതി നൽകാനാണ് പറഞ്ഞത്. മുൻ ഭാര്യ പറഞ്ഞു.
” വിവാഹ മോചന കരാറിൽ മകളുടെ മകളുടെ കല്യാണത്തിന് പോലും പണം തരില്ലെന്ന കരാറാണ് ഉള്ളത്. മകൾക്ക് വേണ്ടി ബാല ചെയ്ത ഒരു കാര്യം 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പ്രീമിയം എടുത്തതാണ്. എന്നാൽ അതിന്റെ പ്രീമിയം പോലും അടയ്ക്കാൻ തയ്യാറായിട്ടില്ല. മകളെ കാണണമെന്ന ആവശ്യവും ഉന്നയിച്ചിട്ടില്ല. അവളുടെ ഒരു കാര്യവും അന്വേഷിച്ചിട്ടില്ല.വിവാഹമോചന കേസ് വളരെ ചെറിയ തുക തന്നാണ് ക്ലോസ് ചെയ്തത്. എന്നിട്ടും കോടികൾ തട്ടിയെടുത്തു എന്നാണ് തനിക്കെതിരെ പറഞ്ഞു നടക്കുന്നത്.
ഞാനുമായുള്ള സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് ചാനലുകൾക്ക് ലീക്ക് ചെയ്ത് കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഞാൻ കേട്ടതോ അറിയാത്തതോ ആയ കാര്യങ്ങൾ പല ഇന്റർവ്യൂകളിലും പറഞ്ഞു. ഇനി സഹിക്കാൻ കഴിയില്ലെന്ന് മനസിലായതോടെയാണ് പരാതിയുമായി മുന്നോട്ട് പോയത് അമൃത കൂട്ടിച്ചേർത്തു.
മുൻ ഭാര്യയുടെ പരാതിയിൽ ഇന്ന് പുലർച്ചെയാണ് ബാലയെ പാലാരിവട്ടത്തെ വീട്ടിൽ നിന്ന് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. നടന്റെ മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ഏതാനും ആഴ്ചകളായി ബാലയും മുൻ ഭാര്യയും തമ്മിലുളള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. മകൾ ബാലയ്ക്കെതിരെ സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയാണ് വാദപ്രതിവാദങ്ങൾക്ക് കാരണമായത്. ബാലയെ കാണാനോ സംസാരിക്കാനോ താത്പര്യമില്ലെന്നും അമ്മയെ ശാരീരികമായി ഉപദ്രവിച്ചെന്നും മകൾ പറഞ്ഞു. ഇതിനെതിരെ വീണ്ടും വീഡിയോയുമായി ബാല രംഗത്തെത്തി. വീഡിയോ ചർച്ചയായതോടെ കുഞ്ഞ് കടുത്ത സെെബർ ആക്രമണവും നേരിട്ടു. ഇതിനെ നെഞ്ചുവേദനയെ തുടർന്ന് അമൃത ആശുപത്രിയിലായി. ബാലയുടെ വാദങ്ങൾക്കെതിരെ പ്രതികരണവുമായി മുൻഭാര്യയും രംഗത്തെത്തി. ഈ പ്രശ്നമാണ് അറസ്റ്റിലേക്ക് വഴിവെച്ചത്.