Actor Bala: ‘യഥാർത്ഥ കുറ്റവാളിയെ സംരക്ഷിക്കാനുള്ള നീക്കം…, നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാം’; നിവിൻ പോളിയെപ്പറ്റി ബാല
Actor Bala about Nivin Pauly: ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ബാലയുടെ പ്രതികരണം. 'ഞാൻ എവിടെയും ഓടിപ്പോയിട്ടില്ല, ഇവിടെ തന്നെ ഉണ്ടെന്ന്' നിവിൻ പോളി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകളെയും ബാല പ്രശംസിച്ചു.
നിവിൻ പോളിക്കെതിരെ യുവതി പരാതി നൽകിയതിന് പിന്നാലെ നടന് പിന്തുണയുമായിയെത്തിയിരിക്കുകയാണ് നടൻ ബാല (Actor Bala). കൂടെ ആരുമില്ലെന്ന് പറയരുതെന്നും എല്ലാവരും ഒപ്പമുണ്ടെന്നും ബാല വ്യക്തമാക്കി. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ബാലയുടെ പ്രതികരണം. ‘ഞാൻ എവിടെയും ഓടിപ്പോയിട്ടില്ല, ഇവിടെ തന്നെ ഉണ്ടെന്ന്’ നിവിൻ പോളി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകളെയും ബാല പ്രശംസിച്ചു.
‘നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാൻ പോകുകയാണ്. ഈ ഒരു പോയിന്റ് നിങ്ങൾ കേട്ടാൽ ചിലപ്പോൾ ബഹളങ്ങൾ പെട്ടന്ന് തീരുമായിരിക്കും. എന്താണ് ആരോപണം? ആണോ, പെണ്ണോ വേറൊരു വ്യക്തിയെ കുറ്റം പറയുകയാണ്. തെളിയിക്കേണ്ടത് ആരുടെ കടമയാണ്? ഉദാഹരണം ഒരു പെണ്ണ് നിവിനെ കുറ്റം പറഞ്ഞു.
അത് തെളിയിക്കേണ്ടത് നിവിൻ പോളിയുടെ കടമയല്ല… ആദ്യം പഠിക്കേണ്ടത് നിയമമാണ്. ആരോപണം ഉന്നയിച്ച ആളുടെ കടമയാണ് ഇത് തെളിയിക്കേണ്ടത്. ഇത് ആർക്കെങ്കിലും മനസിലാകുന്നുണ്ടോ. ആദ്യം അത് തിരിച്ചറിയൂ. അങ്ങനെയാണെങ്കിൽ കേരളത്തിൽ അല്ലെങ്കിൽ ലോകത്ത് ആർക്ക് വേണമെങ്കിലും ആരെക്കുറിച്ചും ആരോപണമുന്നയിക്കാമല്ലോ. ചില കാര്യങ്ങൾ നിയമപരമായി തിരിച്ചടിക്കും.
നിവിൻ പറഞ്ഞ രണ്ടാമത്തെ പോയിന്റ്, ഏത് അറ്റം വരെയും പോകുമെന്ന്. അപ്പോളാണ് പണി കിട്ടിയത്. വളരെ വ്യക്തമായി നിവിൻ പോളി പറഞ്ഞു. ബ്ലാക്ക്‌മെയിലിംഗ് ഉണ്ടെന്ന് കുറച്ച് സെലിബ്രിറ്റികൾ തുറന്നുപറഞ്ഞിട്ടുണ്ട്. നൂറ് ശതമാനവും ഉണ്ട്. എന്റെ ഫോണിൽ മെസേജ് വന്നിട്ടുണ്ട്. ഞാനത് വളരെ കൂളായി കൈകാര്യം ചെയ്‌തപ്പോൾ കോമഡിയാണെന്നാണ് പറഞ്ഞത്. നിയമം ജയിക്കണം. യാതൊരു ബന്ധവുമില്ലാതെ നിവിൻ പോളിയെ ഇതിലേക്ക് പിടിച്ച് ഇട്ടത് യഥാർത്ഥ കുറ്റവാളി രക്ഷപ്പെടാനുള്ള പഴുതായാണ് ഞാൻ കാണുന്നത്.’- ബാല പറഞ്ഞു.
നടൻ നിവിൻ പോളിക്കെതിരായ പീഡന പരാതിയുമായി കഴിഞ്ഞ ദിവസമാണ് യുവതി രംഗത്തെത്തിയത്. ഇതിന് പിന്നാലെ തനിക്ക് ആ പെൺകുട്ടിയെ അറിയില്ലെന്നും ആരോപണം വ്യാജമാണെന്നും വ്യക്തമാക്കി നടൻ രംഗത്തെത്തിയിരുന്നു. പരാതി തെളിയിക്കാൻ താൻ ഏതറ്റം വരെയും പോകുമെന്നാണ് നിവിൻ പറഞ്ഞത്.
യുവതിയുടെ പരാതിയിൽ ആറാം പ്രതിയായാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ നിവിൻ പോളി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. നിർമാതാവ് എ കെ സുനിൽ കേസിൽ രണ്ടാം പ്രതിയാണ്. ശ്രേയ എന്ന സ്ത്രീയാണ് സംഭവത്തിൽ ഒന്നാം പ്രതി. ഇവരാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്.
കേസിൽ ഗുരുതരവകുപ്പുകളാണ് നിവിൻ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്, ഐപിസി 376, 354, 376 ഡി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളിക്കൊപ്പം മറ്റ് ചിലർ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേർന്നാണ് പീഡനം നടന്നതെന്നുമാണ് പരാതിയിൽ പറയുന്നുണ്ട്.