Actor Baiju: മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി നടൻ ബെെജു; ചട്ടലംഘനം തുടർക്കഥയാക്കി നടന്റെ ഓഡി കാർ
Actor Baiju Santhosh: ഹരിയാനയിൽ രജിസ്റ്റർ ചെയ്ത വാഹനം കേരളത്തിൽ ഓടിക്കാൻ ഹരിയാന മോട്ടർവാഹന വകുപ്പിന്റെ എൻഒസി ഹാജരാക്കണം. വാഹനമെത്തിച്ച് 30 ദിവസത്തിനുള്ളിലാണ് എൻഒസി ഹാജരാക്കേണ്ടത്. ഈ എൻഒസി ഇതുവരെയും ഹാജരാക്കിയിട്ടില്ല.
തിരുവനന്തപുരം: വാഹനപകടത്തിൽപ്പെട്ട നടൻ ബെെജുവിന്റെ ആഡംബരക്കാർ കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ ഓടിയത് ചട്ടംങ്ങൾ ലംഘിച്ച്. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാർ കേരളത്തിൽ ഓടിക്കാനുള്ള എൻഒസി മോട്ടർവാഹന വകുപ്പിൽ ഹാജരാക്കിയില്ല. റോഡ് നികുതിയും ബെെജു അടച്ചിട്ടില്ലെന്ന്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് എൻഫോഴ്സ്മെന്റ് ആർടിഒ ഏഴ് തവണയാണ് കാറിന് പിഴ ചുമത്തിയിരിക്കുന്നത്.
സന്തോഷ് കുമാർ ബി എന്നാണ് നടൻ സന്തോഷിന്റെ ഔദ്യോഗിക പേര്. അപകടത്തിൽപ്പെട്ട ഓഡി കാർ ഹരിയാനയിലെ വിലാസത്തിലാണ് വാങ്ങിയത്. ഗുരുഗ്രാമിലെ സെക്ടർ 49-ലെ താമസക്കാരനെന്നാണ് പരിവാഹൻ വെബ്സെെറ്റിലെ ബെെജുവിന്റെ വിലാസം. പക്ഷേ കാർ രണ്ട് പേരിൽ നിന്ന് കെെമറിഞ്ഞാണ് ബെെജുവിന്റെ പക്കൽ എത്തുന്നത്. 2015-ലാണ് കാർ ആദ്യമായി റോഡിലിറങ്ങുന്നത്. 2022-ൽ ഉടമ മറ്റൊരാൾക്ക് കെെമാറി. 2023-ൽ ബെെജുവിന്റെ കെെകളിലേക്കും കാർ എത്തി.
2023 ഒക്ടോബർ 20-നാണ് ഈ ഓഡി കാർ കേരളത്തിലൂടെ ഓടിക്കുന്നുണ്ട് എന്ന് അറിഞ്ഞത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് അന്ന് കാർ മോട്ടർവാഹന വകുപ്പിന്റെ ക്യാമറയിൽപ്പെട്ടു. അന്ന് മുതലാണ് കേരളത്തിലെ നിരത്തുകളിലൂടെയുള്ള നിയമലംഘനം ആരംഭിച്ചത്. ഹരിയാനയിൽ രജിസ്റ്റർ ചെയ്ത വാഹനം കേരളത്തിൽ ഓടിക്കാൻ ഹരിയാന മോട്ടർവാഹന വകുപ്പിന്റെ എൻഒസി ഹാജരാക്കണം. വാഹനമെത്തിച്ച് 30 ദിവസത്തിനുള്ളിലാണ് എൻഒസി ഹാജരാക്കേണ്ടത്. ഈ എൻഒസി ഇതുവരെയും ഹാജരാക്കിയിട്ടില്ല. വാഹനത്തിന്റെ ബാക്കിയുള്ള കാലാവധിയിലെ റോഡ് ടാക്സ് കേരളത്തിലും അടയ്ക്കണം. ഇതുവരെയും ഈ നികുതി അടച്ചിട്ടില്ല. കാറിന്റെ വിലയുടെ 15 ശതമാനം പ്രതിവർഷം കണക്കാക്കി വേണം നികുതിയായി അടയ്ക്കാൻ.
മദ്യലഹരിയിൽ അമിത വേഗത്തിൽ കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ ബെെജുവിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച അർദ്ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വെെദ്യ പരിശോധനയ്ക്കായി ബെെജുവിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ത സാമ്പിൾ നൽകാൻ ബെെജു തയ്യാറായില്ല. ഇക്കാര്യവും, മദ്യത്തിന്റെ ഗന്ധമുണ്ടെന്നും ഡോക്ടർ പൊലീസിന് നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപകട സമയത്ത് ബന്ധുവിന്റെ മകളും ബെെജുവിനോപ്പം കാറിലുണ്ടായിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഉദ്യോഗസ്ഥരുമായും മാധ്യമപ്രവർത്തകരുമായും വാഗ്വാദമുണ്ടായി. ബെെജുവിന് ജാമ്യം അനുവദിച്ചു.