Baiju Santhosh Accident Case: ‘അച്ഛനൊപ്പം ഞാനായിരുന്നില്ല, അത് മറ്റൊരാൾ’ പ്രതികരണവുമായി നടൻ ബെെജുവിന്റെ മകൾ
Actor Baiju Santhosh Daughter Aiswarya: അച്ഛന്റെ കാർ അപകടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. അനാവശ്യമായി തന്റെ പേര് വലിച്ചിഴക്കരുതെന്നും ഐശ്വര്യ പറഞ്ഞു.
തിരുവനന്തപുരം: നടൻ ബെെജു സന്തോഷിന്റെ വാഹനാപകടത്തിൽ പ്രതികരണവുമായി മകൾ ഐശ്വര്യ രംഗത്ത്. മാധ്യമങ്ങൾ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണം. അപകട സമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് ഞാനല്ലെന്നും ബന്ധുവിന്റെ മകളായിരുന്നെന്നും ഐശ്വര്യ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരപുത്രിയുടെ പ്രതികരണം.
‘അച്ഛന്റെ കാർ അപകടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. ആ വാർത്തകളിൽ കൂടെ ഉണ്ടായിരുന്നുവെന്ന് പറയുന്ന ആൾ ഞാനല്ല. അത് അച്ഛന്റെ ബന്ധുവിന്റെ മകളാണ്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് പോസ്റ്റിലൂടെ വിവരം പങ്കുവെക്കുന്നത്’- ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
View this post on Instagram
“>
ഒക്ടോബർ 13 ഞായറാഴ്ച രാത്രിയാണ് ബെെജു ഓടിച്ചിരുന്ന കാർ ഇരുചക്രയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചത്. രാത്രി 11.45 ഓടെ വെള്ളയമ്പലത്ത് വച്ചായിരുന്നു അപകടം. ശാസ്തമംഗലം ഭാഗത്ത് നിന്നാണ് ബെെജു വെള്ളയമ്പലത്ത് എത്തിയത്. സ്കൂട്ടർ യാത്രക്കാരൻ കവടിയാർ ഭാഗത്ത് നിന്നും. വഴുതക്കാട് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാൻ തുടങ്ങിയപ്പോഴാണ് റോഡ് പണി നടക്കുന്നതായും വാഹന പോകില്ലെന്നും മനസിലാക്കിയത്. വഴി മാറി പോകാനായി കാർ തിരിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചത്. രണ്ട് പോസ്റ്റുകളിലിടിച്ചാണ് കാർ നിന്നത്. കാർ അമിതവേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് പരിക്കേറ്റയാൾ.
ബെെജുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് മ്യൂസിയം പൊലീസ് എടുത്തിട്ടിട്ടുണ്ട്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും ബെെജു തട്ടികയറുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെെദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ നടൻ തയ്യാറായില്ല.
വെെദ്യ പരിശോധനയ്ക്ക് തയ്യാറായില്ലെന്നും ശരീരത്തിൽ മദ്യത്തിന്റെ ഗന്ധമുണ്ടെന്നും ഡ്യൂട്ടി ഡോക്ടർ പൊലീസ് റിപ്പോർട്ട് നൽകി.
അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് ബെെജുവിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഐപിസി 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. തുടർന്ന് രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തില് വിട്ടയയ്ക്കുകയായിരുന്നു.