V Sivankutty: ഷേക്ക് ഹാൻഡ് ശാപം! മന്ത്രിയും പെട്ടു; ആസിഫ് അലി കണ്ടില്ല, ചിരി അടക്കാനാവതെ ടൊവിനോ
Minister V Sivankutty Hand Shake Viral Video: ഒരു താരം ആർക്കെങ്കിലും കൈ കൊടുക്കാൻ ശ്രമിക്കുന്നതും, മറ്റെയാൾ ഇത് കാണാതെ പോകുകയും ചെയ്യുന്നതാണ് ശരിക്കും സംഭവം. ടൊവിനോ തോമസ് തുടങ്ങി വെച്ച ഈ ട്രെൻഡിൽ ബോസിൽ ജോസഫും, ഗ്രേസ് ആന്റണിയും തുടങ്ങി എന്തിന് മെഗാസ്റ്റാർ മമ്മൂട്ടി വരെ പെട്ടു.
‘ഹാൻഡ് ഷേക്ക് ട്രെൻഡിൽ’ പെട്ട് മന്ത്രി ശിവൻകുട്ടിയും. 63-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളന വേദിയിൽ വെച്ചാണ് ഈ രസകരമായ സംഭവം നടക്കുന്നത്. മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി ഈ വീഡിയോ പങ്കുവെച്ചത്. സദസിനോട് സംസാരിച്ചു തിരികെ ഇരിപ്പിടത്തിലേക്ക് നടക്കുന്ന നടൻ ആസിഫ് അലിക്ക് മന്ത്രി കൈകൊടുക്കാൻ ശ്രമിക്കുന്നതിന്റെയും, ഇത് കാണാതെ നടന്നു പോകുന്ന താരത്തിന്റെയും വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ‘ഞാനും പെട്ടു’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ:
ഇതിനകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി താരങ്ങൾക്കിടയിൽ വൈറലായ ഒരു ട്രെൻഡ് ആണിത്. ഒരു താരം ആർക്കെങ്കിലും കൈ കൊടുക്കാൻ ശ്രമിക്കുന്നതും, മറ്റെയാൾ ഇത് കാണാതെ പോകുകയും ചെയ്യുന്നതാണ് ശരിക്കും സംഭവം. കൈ നീട്ടിയ ആൾ തിരികെ കൈ കിട്ടാതെ വരുമ്പോൾ ചമ്മി നിൽക്കുന്ന വീഡിയോകൾ വൈറലാവുകയും ചെയ്യും. ടൊവിനോ തോമസ് തുടങ്ങി വെച്ച ഈ ട്രെൻഡിൽ ബോസിൽ ജോസഫും, ഗ്രേസ് ആന്റണിയും തുടങ്ങി എന്തിന് മെഗാസ്റ്റാർ മമ്മൂട്ടി വരെ പെട്ടു.
എന്തായാലും താനും ആ ട്രെൻഡിൽ പെട്ടു എന്ന് പറഞ്ഞുകൊണ്ട് സ്വയം ആ വീഡിയോ പോസ്റ്റ് ചെയ്ത മന്ത്രിയുടെ ‘ഹ്യൂമർസെൻസിനെ’ പ്രകീർത്തിച്ചുകൊണ്ടുള്ള കമന്റുകൾ കൊണ്ട് കവിയുകയാണ് വീഡിയോയുടെ താഴെയുള്ള കമന്റ്റ് ബോക്സ്. മന്ത്രി കൈകൊടുക്കുന്നതും, ആസിഫ് അലി അത് കാണാതെ പോകുന്നതുമെല്ലാം അടുത്തിരുന്ന് കണ്ട ടൊവിനോ, ചിരിയടക്കിപ്പിടിക്കാൻ കഴിയാതെ ഇരിക്കുന്നതും, തുടർന്ന് ആസിഫ് അലിയെ വിളിച്ച് മന്ത്രിക്ക് കൈകൊടുക്കാൻ പറയുന്നതുമെല്ലാം വീഡിയോയിൽ കാണാം. ആസിഫ് അലി തിരിച്ച് മന്ത്രിക്ക് കൈകൊടുക്കുന്നതോട് കൂടിയാണ് വീഡിയോ അവസാനിക്കുന്നത്.
‘മരണമാസ്’ എന്ന ചിത്രത്തിന്റെ പൂജയ്ക്കിടെ കർപ്പൂര ആരതി എല്ലാവർക്കും തൊഴാൻ വേണ്ടി നൽകിയ പൂചാരി, ടൊവിനോയുടെ അടുത്തെത്തിയപ്പോൾ ഇത് ശ്രദ്ധിക്കാതെ ആരതി മാറ്റുന്ന വീഡിയോ ആണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്. ചമ്മിയ മുഖത്തോടെ നിൽക്കുന്ന ടൊവിനോയും, ചിരി അടക്കി പിടിച്ചുനിക്കുന്ന ബേസിലും അന്ന് വൈറൽ ആയിരുന്നു. വൈകാതെ, ബേസിൽ ജോസഫും സമാനമായ ഒരു അനുഭവം നേരിട്ടു. കേരള സൂപ്പർ ലീഗ് ഫുട്‍ബോളിന്റെ സമാപന ചടങ്ങിനിടെ കളിക്കാരിൽ ഒരാൾക്ക് ബേസിൽ ഹസ്തദാനം നൽകാൻ ശ്രമിച്ചെങ്കിലും, കളിക്കാരൻ അത് ശ്രദ്ധിച്ചില്ല. ഇതോടെ സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേർ ബേസിലിനെ കളിയാക്കികൊണ്ട് രംഗത്തെത്തി.
‘ഇഡി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് സുരാജിന് കൈകൊടുക്കാതെ ഗ്രേസ് ആന്റണി കടന്നുപോയത്. നടിയുടെ കൈയിൽ തട്ടിയപ്പോഴാണ് ഗ്രേസ് സുരാജിനെ കാണുന്നതും കൈ കൊടുക്കുന്നതും. പിന്നീട്, മെഗാസ്റ്റാർ മമ്മൂട്ടിയും ഈ ട്രെൻഡിൽ ചേർന്നു. മമ്മൂട്ടിയും ഒരു കുട്ടിയും ഒന്നിച്ചുള്ള വീഡിയോ ആണ് വൈറലായത്. തന്റെ അടുത്തേക്ക് നടന്നു വരുന്ന കുട്ടിയ്ക്ക് മമ്മൂട്ടി കൈകൊടുക്കാൻ നോക്കുന്നതും, അതു കാണാതെ തൊട്ടടുത്തു നിൽക്കുന്നയാൾക്ക് കുട്ടി കൈ കൊടുക്കുന്നതുമായിരുന്നു വീഡിയോ.