Mammootty: മമ്മൂട്ടിയുടെ ആ ചിത്രത്തില്‍ അഭിനയിച്ചതിന് ജയിലില്‍ കിടക്കേണ്ടി വന്നു: അശോകന്‍
Actor Ashokan About His Jail Experience: അടൂര്‍ ഗോപാലകൃഷ്ണന്‍, പി പത്മരാജന്‍, ഭരതന്‍, കെ ജി ജോര്‍ജ് തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു അശോകന്‍. സിനിമകളില്‍ മാത്രമല്ല നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.
1979ല്‍ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ സജീവമായ നടനാണ് അശോകന്‍. നാല് പതിറ്റാണ്ട് കാലമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന താരം കൂടിയാണ് അദ്ദേഹം. അടൂര്‍ ഗോപാലകൃഷ്ണന്‍, പി പത്മരാജന്‍, ഭരതന്‍, കെ ജി ജോര്‍ജ് തുടങ്ങിയ സംവിധായകരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു അശോകന്‍. സിനിമകളില്‍ മാത്രമല്ല നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.
ഭരതന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് പ്രണാമം. മമ്മൂട്ടി, സുഹാസിനി, അശോകന്‍ എന്നിവരായിരുന്നു സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പ്രണാമത്തില്‍ മയക്കുമരുന്നിന് അടിമയായ ഒരു ചെറുപ്പക്കാരനെയാണ് അശോകന്‍ അവതരിപ്പിച്ചത്. അത്തരത്തിലൊരു വേഷം ചെയ്തതിന് തന്നെ പോലീസ് അറസ്റ്റ് ചെയതൂവെന്ന് പറയുകയാണ് അശോകന്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
Also Read: Major Ravi: ”പണി’ എന്ന ജോജുവിന്റെ പടത്തിനെ കുറിച്ച് വിവാദമുണ്ടാകിയവരോട് ഒരു വാക്ക്’; മേജർ രവി
‘പ്രണാമം എന്ന സിനിമയില്‍ ഡ്രഗ് അഡിക്ടിന്റെ റോളാണ് ഞാന്‍ ചെയ്തത്. ആ കഥാപാത്രത്തിന് ഇഞ്ചക്ഷനും വലിയും എല്ലാമുണ്ട്. അന്നത്തെ മാഗസിനില്‍ സിഗരറ്റ് വലിക്കുന്ന, ഇഞ്ചക്ട് ചെയ്യുന്ന, സുഹാസിനിയുടെ കൈപിടിക്കുന്ന ചില ചിത്രങ്ങള്‍ മലയാളികള്‍ ആരോ ഖത്തര്‍ സിഐഡി ഡിപ്പാര്‍ട്ട്മെന്റിന് അയച്ചുകൊടുത്തു. പിന്നീടൊരിക്കല്‍ ഖത്തറില്‍ പോയപ്പോള്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ വന്ന് സിഐഡി റൂമെല്ലാം അരിച്ചു പെറുക്കി.
ബാഗെല്ലാം കീറി, ബെഡ് മറിച്ച് നോക്കി, ഫ്രിഡ്ജ് പരിശോധിച്ചു. ഇതെല്ലാം കണ്ട് ഞാനാകെ വിരണ്ടുപോയി. അറബി നാടല്ലെ അവിടെ ഭയങ്കര നിയമങ്ങളല്ലെ. സൗദി അറേബ്യ കഴിഞ്ഞാല്‍ പിന്നെ ഇത്രയും സ്ട്രിക്ട് നിയമമുള്ള രാജ്യം അന്ന് ഖത്തറായിരുന്നു. അവരെന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിറ്റേദിവസമാണ് റിലീസ് ചെയ്തത്. ജൂലൈ, ഓഗസ്റ്റ് മാസത്തിലാണ് സംഭവം നടന്നത്. ആ സമയത്ത് ഭയങ്കര ചൂടാണ്, സെല്ലിനകത്ത് ഫാനൊന്നുമില്ല. വെളിച്ചം കാണാന്‍ ചെറിയൊരു ഹോള്‍ മാത്രമുണ്ട്.
എന്റെ കൂടെ സഹതടവുകാരനായുള്ള പാക്കിസ്ഥാനിയായിരുന്നു. പാക്കിസ്ഥാന്‍കാര്‍ നമ്മളെ ഉപദ്രവിക്കും എന്നുള്ള ധാരണയായിരുന്നു. വിരണ്ട് മൂത്രമൊഴിച്ചില്ലന്നേയുള്ളു. അവിടെ ഓരോ സെല്ലിന്റെയും മുന്നില്‍ തോക്കുമായി പോലീസുകാര്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ ഡ്രഗ്സ് ഏജന്റ് ആണെന്ന് പറഞ്ഞ് ആരോ ഒറ്റിക്കൊടുത്തതാണ്. പിറ്റേദിവസം രാവിലെ ഒരു അറബി പോലീസ് ഒരു പേപ്പറുമായിട്ട് വന്നിട്ട് പറഞ്ഞു യു ആര്‍ റിലീസ്ഡ് എന്ന്.
അവിടുത്തെ ഇംഗ്ലീഷ് പത്രത്തില്‍ അനന്തരം എന്ന ചിത്രത്തിന്റെ ന്യൂസ് വന്നിട്ടുണ്ട്. അവരത് കണ്ടിരുന്നു. അക്കാലത്ത് ഇന്ത്യന്‍ സിനിമയില്‍ ആകെ അറിയപ്പെട്ടിരുന്നത് കമല്‍ ഹാസനും അമിതാഭ് ബച്ചനുമാണ്. ഈ പേപ്പര്‍ കണ്ടതും പോലീസുകാര്‍ എന്ന നോക്കി ചിരിക്കുന്നുണ്ട്. അവരെന്തെങ്കിലും അറിഞ്ഞിട്ടാകും ചിരിക്കുന്നതെന്നാണ് ഞാന്‍ കരുതിയത്. ഇംഗ്ലീഷില്‍ അത്ര അറിവുണ്ടായിരുന്നില്ല അവര്‍ക്ക്.
യു ഫ്രണ്ട് അമിതാഭ് ബച്ചന്‍ എന്ന് ചോദിച്ചു, ഞാന്‍ അതേ എന്ന് ഉത്തരം പറഞ്ഞു. അമിതാഭ് ബച്ചനെ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അത് പറഞ്ഞിട്ടെങ്കിലും വെറുതെ വിടട്ടെ എന്ന് കരുതി. വേറൊരു പോലീസുകാരന്‍ വന്നിട്ട് ചോദിച്ചു യു കമലഹാസന്‍ എന്ന്. അതിനെല്ലാം ഉത്തരം കൊടുക്കുമ്പോഴും ഒരു പ്രതീക്ഷയുണ്ട് മനസില്‍. അങ്ങനെ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ പേപ്പര്‍ കാണിച്ചിട്ട് ഞാന്‍ റിലീസായെന്ന് പറഞ്ഞു,’ അശോകന്‍ പറയുന്നു.