5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Anu Mohan: ‘സിപിഒ സുജിത്ത് ചെയ്യുന്നത് വരെ പലരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല’; വിശേഷങ്ങള്‍ പങ്കുവെച്ച് അനു മോഹന്‍

Malayalam Actor Anu Mohan Interview: കണ്ണേ മടങ്ങുക, ചട്ടമ്പി നാട് എന്ന ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ സിനിമ എന്താണ് അല്ലെങ്കില്‍ ഒരു സിനിമ എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ചൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല. പിന്നീട് തീവ്രത്തിന് ശേഷമാണ് സിനിമയെ കുറിച്ച് കൂടുതല്‍ മനസിലാക്കിയത്. സിനിമ ഒരു തൊഴിലാക്കി മാറ്റിയത് തീവ്രം എന്ന ചിത്രത്തിന് ശേഷമാണ്.

Actor Anu Mohan: ‘സിപിഒ സുജിത്ത് ചെയ്യുന്നത് വരെ പലരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല’; വിശേഷങ്ങള്‍ പങ്കുവെച്ച് അനു മോഹന്‍
shiji-mk
SHIJI M K | Published: 25 Oct 2024 16:38 PM

വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസിലിടം നേടിയ താരമാണ് അനു മോഹന്‍. വില്ലനായും നായകനായുമെല്ലാം നിരവധി കഥാപാത്രങ്ങളെയാണ് അനു മലയാളികളിലേക്കെത്തിച്ചത്. എന്നാല്‍ പല സിനിമകളിലും അഭിനയിച്ചിരിക്കുന്നത് താനാണെന്ന് പലര്‍ക്കുമറിയില്ലെന്നാണ് അനു മോഹന്‍ പറയുന്നത്. തന്റെ സിനിമയിലേക്കുള്ള എന്‍ട്രിയെ കുറിച്ചും സിനിമ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അനു മോഹന്‍ ടിവി9 മലയാളം ഡയലോഗ് ബോക്‌സിലൂടെ.

അറിഞ്ഞുകൊണ്ട് സംഭവിച്ചതായിരുന്നില്ല

കണ്ണേ മടങ്ങുക എന്ന ചിത്രത്തില്‍ ഒരു സീനിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. നവ്യ ചേച്ചി, മുരളി അങ്കിള്‍, അമ്മയുമെല്ലാം അഭിനയിച്ചൊരു സിനിമയാണത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ആ സിനിമയുടെ ഭാഗമായത്. ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയ എന്നെ പിടിച്ച് അഭിനയിപ്പിക്കുകയായിരുന്നു. ചട്ടമ്പിനാടും അതുപോലെ തന്നെയാണ്. ഷൂട്ടിങ് ലൊക്കേഷനില്‍ ലഞ്ച് ബ്രേക്കിന്റെ സമയത്താണ് ഞാന്‍ പോകുന്നത്, ആ സമയത്ത് മമ്മൂക്കയുടെ ചെറുപ്പം അഭിനയിക്കാന്‍ ഒരാളെ അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നെ നേരിട്ട് കണ്ടയുടന്‍ മമ്മൂക്ക തന്നെയാണ് പറഞ്ഞത് ഇവന്‍ ചെയ്താല്‍ മതിയെന്ന്. ചട്ടമ്പിനാടില്‍ അഭിനയിച്ചതുകൊണ്ട് ലഭിച്ച അവസരമാണ് ഓര്‍ക്കൂട്ടിലേത്. ചേട്ടന്‍ അഭിനയിച്ച നിവേദ്യം എന്ന ചിത്രത്തിന്റെ സംവിധായകന്റെ അസോസിയേറ്റ്സായിരുന്നു ഓര്‍ക്കൂട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍. അങ്ങനെ എന്നെ വിളിച്ചിട്ട് ചോദിച്ചു, ഓര്‍ക്കൂട്ട് എന്നൊരു ചിത്രമുണ്ട്, നാല് നായകന്മാരാണ് അതിലൊരാളാകാന്‍ പറ്റുമോ എന്ന്. അന്ന് സിനിമയെ അത്ര സീരിയസ് എടുത്ത് ചെയ്തത് ഒന്നുമല്ല.

അനു മോഹന്‍ (Image Credits: Social Media)

കണ്ണേ മടങ്ങുക, ചട്ടമ്പി നാട് എന്ന ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ സിനിമ എന്താണ് അല്ലെങ്കില്‍ ഒരു സിനിമ എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ചൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല. പിന്നീട് തീവ്രത്തിന് ശേഷമാണ് സിനിമയെ കുറിച്ച് കൂടുതല്‍ മനസിലാക്കിയത്. സിനിമ ഒരു തൊഴിലാക്കി മാറ്റിയത് തീവ്രം എന്ന ചിത്രത്തിന് ശേഷമാണ്. പഠിത്തം കഴിഞ്ഞ ശേഷം ജോലിക്ക് കയറി, രണ്ടുവര്‍ഷം ജോലി ചെയ്തു. ആ സമയത്താണ് തീവ്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ജോലി കളഞ്ഞു, സിനിമയാക്കാം തൊഴിലെന്ന് തീരുമാനിച്ചത്.

Also Read: Mareena Michael Kurisingal: ‘പടം കഴിയുമ്പോ ശാരീരികമായും മാനസികമായും ഉപ​ദ്രവിച്ചില്ലെന്ന് എഴുതി വാങ്ങും; വലിയ മാറ്റമാണത്; മെറീന മൈക്കിൾ കുരിശിങ്കൽ

പ്രൊഡക്ഷന്‍ ടീം പ്രധാനമാണല്ലോ

കഥകള്‍ കേള്‍ക്കുന്ന സമയത്ത് ഇതെനിക്ക് ചെയ്യാന്‍ സാധിക്കുമോയെന്ന ചിന്ത ഉണ്ടാകാറുണ്ട്. കഥ കേള്‍ക്കുമ്പോള്‍ നമ്മുടെ കഥാപാത്രത്തിനെ കുറിച്ച് മാത്രമല്ല ചിന്തിക്കാറുള്ളത്, സിനിമ പുറത്തേക്കിറങ്ങുമ്പോള്‍ ആളുകള്‍ ഇഷ്ടപ്പെടുമോയെന്ന് നോക്കും. കഥ അതുപോലെ അവതരിപ്പിക്കാനും പുറത്തേക്ക് എത്തിക്കാനും കഴിയുന്ന പ്രൊഡക്ഷന്‍ ടീമാണോ എന്നെല്ലാം നോക്കാറുണ്ട്. ഇതെല്ലാം ശ്രദ്ധിച്ച് വരുമ്പോള്‍ തന്നെ ആ കഥാപാത്രം ചെയ്യാന്‍ നമ്മള്‍ പ്രാപ്തമാകും.

അയ്യപ്പനും കോശിയും ഗതി മാറ്റി

അയ്യപ്പനും കോശിയിലെ സിപിഒ സുജിത്ത് ചെയ്യുന്നത് പലരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല, ഒരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ടായിരുന്നു. സെവന്‍ത്ത് ഡേ, തീവ്രം പോലുള്ള സിനിമകളില്‍ നല്ല വേഷങ്ങള്‍ തന്നെയായിരുന്നു ചെയ്തത്. പക്ഷെ അത് ഞാനാണ് ചെയ്തതെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ആ സിനിമകള്‍ എല്ലാവരും കണ്ടിട്ടുണ്ട്, ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ എല്ലാവര്‍ക്കുമറിയാം, പക്ഷെ ചെയ്തത് ഞാനാണെന്ന് അറിയില്ല. അതിന് കാരണം ചിലപ്പോള്‍ ആ കഥാപാത്രവും യഥാര്‍ഥത്തിലുള്ള ഞാനും തമ്മില്‍ രൂപ സാദൃശ്യം തോന്നാത്തതാകാം. എന്നാല്‍ അയ്യപ്പനും കോശിയും ഇറങ്ങിയ ശേഷം, ഇതാരാണ് ആളെന്ന് ആളുകള്‍ അന്വേഷിച്ചു. സിപിഒ സുജിത്ത് ചെയ്തത് അനുവാണെന്നുള്ള ഒരു ഐഡന്റിന്റി ലഭിച്ചു. പിന്നീട് അതിന് ശേഷം ഒരുപാട് സിനിമകള്‍ വന്നു. അതിന് മുമ്പ് കേട്ടിരുന്ന കഥകളേക്കാള്‍ ഞാന്‍ അയ്യപ്പനും കോശിക്കും ശേഷം കേള്‍ക്കാന്‍ തുടങ്ങി.

അയ്യപ്പനും കോശിയും സിനിമയില്‍ നിന്നുള്ള രംഗം (Image Credits: Screengrab)

നെപ്പോ കിഡിസിന് പ്രിവിലേജൊന്നുമില്ല

കുടുംബത്തില്‍ ഇത്രയും സിനിമാ താരങ്ങള്‍ ഉണ്ടായതുകൊണ്ട് അനുവിനെ അഭിനയിപ്പിക്കാം അങ്ങനെയൊന്നുമില്ല. പരിഗണന ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതുണ്ട്. സിനിമാ സെറ്റില്‍ മാത്രമല്ല, എവിടെ ചെന്നാലും അപ്പൂപ്പനും അമ്മാവനും അമ്മയും ചേട്ടനുമെല്ലാം (അപ്പൂപ്പന്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍, അമ്മാവന്‍ സായ് കുമാര്‍, അമ്മ ശോഭ മോഹന്‍, സഹോദരന്‍ വിനു മോഹന്‍) ചെയ്ത സിനിമകളെ കുറിച്ച് ആളുകള്‍ സംസാരിക്കും. ഇതെല്ലാം നമ്മളോട് പറയുന്നത്, ഇവരുടെയെല്ലാം കൊച്ചുമകനും മകനും അനിയനുമെല്ലാം ആയതുകൊണ്ടാണല്ലോ. അത് കേള്‍ക്കുമ്പോള്‍ അഭിമാനമുണ്ട്, അതോടൊപ്പം ടെന്‍ഷനുമുണ്ട്. കാരണം ഞാന്‍ ചെയ്യുന്ന സിനിമകള്‍ അവരുടെ പേരിന് കളങ്കം തീര്‍ക്കരുതല്ലോ. തീവ്രത്തിന് ശേഷം ഞാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് ഞാന്‍ ചെയ്ത സിനിമകളെല്ലാം കുടുംബ പാരമ്പര്യം കൊണ്ട് ലഭിച്ചതല്ല, അതെല്ലാം എന്നിലേക്ക് വന്ന സിനിമകളാണ്. എന്റെ വീട്ടിലെ ആരും തന്നെ ഇതിലൊന്നും ഇടപെട്ടിട്ടില്ല. നെപ്പോ കിഡ്സിന് ഒരുപാട് പ്രിവിലേജുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പറയുന്നത് മാത്രമാണ്.

ഒരു കാര്യത്തിലും അവര്‍ ഇടപെടാറില്ല

സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ സംസാരമൊന്നും ഉണ്ടാകാറില്ല. സിനിമ എന്നത് മാത്രമല്ല, പഠനം, ജോലി ഈയൊരു കാര്യത്തിലും ആരും അങ്ങനെ ഇടപെടാറില്ല. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ളൊരു സ്വാതന്ത്ര്യം അച്ഛനും അമ്മയും തന്നിട്ടുണ്ട്. ജോലി രാജിവെച്ചതിന് ശേഷമാണ് അക്കാര്യം പോലും അവരറിയുന്നത്. ജോലി മാറ്റിവൈച്ചു, ഇനി കുറച്ചുനാള്‍ സിനിമയില്‍ ഫോക്കസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞു, അവര്‍ക്ക് അതില്‍ പ്രശ്നമൊന്നുമില്ല. ഇന്നും അതുപോലെ തന്നെയാണ് കാര്യങ്ങള്‍ പോകുന്നത്. അടുത്തത് ഏതാടാ നിന്റെ സിനിമ എന്ന് അമ്മ ചോദിക്കുമ്പോഴായിരിക്കും ഞാന്‍ പറയുന്നത്.

അനു മോഹന്റെ കുടുംബം (Image Credits: Social Media)

Also Read: Thanmaya Sol: ‘വേട്ടയ്യൻ്റെ കഥ പറഞ്ഞിരുന്നില്ല; എന്റെ ഭാഗം കേട്ടത് വെച്ച് വീട്ടുകാർ തന്നെ അഞ്ചാറ് കഥകൾ മെനഞ്ഞെടുത്തു’; തന്മയ സോൾ

ഇനിയും ഒരുപാട് ചെയ്യാനുണ്ട്

ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്ന കഥകളെല്ലാം പുതിയതാണ്. അവയില്‍ എനിക്ക് കൂടുതല്‍ താത്പര്യം തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നു. ചെയ്തത് തന്നെ വീണ്ടും ചെയ്യാതിരിക്കാനും ഞാന്‍ ചെയ്യുന്നത് ആളുകള്‍ക്ക് കണക്ടാകുന്നുണ്ടോ എന്നെല്ലാമാണ് ശ്രദ്ധിക്കുന്നത്. നല്ലൊരു നടനാണെന്ന അഭിപ്രായം കേള്‍ക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. അടുത്തത് എന്റെ ഡ്രീം റോളാണെന്ന് പറയാനുള്ള തഴക്കമൊന്നും വന്നിട്ടില്ല. കഥാപാത്രങ്ങള്‍ ചെയ്ത് മടുത്തിട്ടില്ല, ഇനിയും ഒരുപാട് ചെയ്യാനുണ്ട്.

Latest News