Ajith Kumar: ‘കടവുളേ, അജിത്തേ’ ഇനി അങ്ങനെ വിളിക്കരുത്; ആരാധകരോട് അഭ്യർഥനയുമായി അജിത്
Kadavule Ajithey slogan: തന്നെ പേരോ ഇനിഷ്യലുകളോ മാത്രം ഉപയോഗിച്ച് അഭിസംബോധന ചെയ്താൽ മതിയെന്നും പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പ്രയോഗങ്ങൾ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർ പങ്കുവെച്ച കടവുളേ, അജിത്തേ എന്ന പ്രയോഗം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയമാണ്.
ആരാധകരോടും പൊതുജനങ്ങളോടും അഭ്യർത്ഥനയുമായി തമിഴ് നടൻ അജിത്ത് കുമാർ (Ajith Kumar). തന്നെ ‘കടവുളേ, അജിത്തേ’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് അജിത്ത് ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുന്നത്. മാനേജർ സുരേഷ് ചന്ദ്രയാണ് താരത്തിന്റെ അഭ്യർഥന സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായാണ് അജിത്തിന് ആരാധകരിൽ നിന്ന് പുതിയ പേര് വീണിരിക്കുന്നത്. തന്നെ പേരോ ഇനിഷ്യലുകളോ മാത്രം ഉപയോഗിച്ച് അഭിസംബോധന ചെയ്താൽ മതിയെന്നും പ്രസ്താവനയിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പ്രയോഗങ്ങൾ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘പൊതുയിടങ്ങളിലും വിവിധ പരിപാടികളിലും കടവുളേ… അജിത്തേ… എന്ന് വിശേഷിപ്പിക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. പേരിനൊപ്പം എതെങ്കിലും തരത്തിലുള്ള അഭിസംബോധനയോ വിശേഷണപദങ്ങളോ ചേർക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പേരോ ഇനിഷ്യലുകളോ ചേർത്ത് വിളിക്കുന്നതാണ് ഉചിതം. അതിനാൽ ഇത്തരം മുദ്രാവാക്യങ്ങളും അഭിസംബോധനകളും പൊതുയിടത്തിൽ നടത്തുന്നവർ അതിൽനിന്ന് വിട്ടുനിൽക്കണം’, അജിത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
From The Desk of AK pic.twitter.com/0W4dspCg26
— Suresh Chandra (@SureshChandraa) December 10, 2024
കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർ പങ്കുവെച്ച കടവുളേ, അജിത്തേ എന്ന പ്രയോഗം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയമാണ്. ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽനിന്നുള്ള ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതോടെ മറ്റ് ആരാധകരും ഈ പഥപ്രയോഗം ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അജിത് രംഗത്തെത്തിയത്. ‘തല’ എന്ന് തന്നെ വിശേഷിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് നേരത്തെ അജിത് അഭ്യർത്ഥിച്ചിരുന്നു.
അതേസമയം, മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’ എന്ന ചിത്രമാണ് അജിത്തിൻ്റേതായി ഉടൻ റിലീസിന് ഒരുങ്ങിയിരിക്കുന്നത്. ചിത്രം ഒരു സസ്‌പെൻസ് ത്രില്ലർ ആണെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. തൃഷ കൃഷ്ണൻ, അർജുൻ സർജ, റെജീന കസാന്ദ്ര, ആരവ് തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.