L2E: Empuraan : എമ്പുരാൻ മലയാളം സിനിമയെ കുറിച്ചുള്ള തെറ്റിധാരണ മാറ്റി, 2025ലെ ഏറ്റവും ചിലവേറിയ ഇന്ത്യൻ ചിത്രം; അഭിമന്യു സിങ്
L2E Empuraan Movie Budget : നേരത്തെ ചിത്രത്തിൻ്റെ ബജറ്റ് 141 കോടി രൂപയാണെന്ന് നിർമാതാവ് ജി സുരേഷ് കുമാർ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ അഭിമന്യു സിങ്ങിൻ്റെ വാക്കുകളിൽ നിന്നും എമ്പുരാൻ്റെ ബജറ്റ് അതിന് മുകളിലാകാനാണ് സാധ്യത.

Empuraan Abhimanyu Singh
മലയാളി സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാലിൻ്റെ എമ്പുരാൻ. ലൂസഫർ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം മലയാളം കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് സിനിമയാണെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും അതിനെ തുടർന്ന് ചർച്ചകളും നടക്കാറുണ്ട്. ഇപ്പോഴിതാ ഈ വർഷം തിയറ്ററുകളിൽ എത്തുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും ചിലവേറിയ സിനിമയാണ് എമ്പുരാൻ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അഭിമന്യു സിങ്. എമ്പുരാനിലെ പ്രധാനപ്പെട്ട 36 കഥാപാത്രങ്ങളിൽ ആദ്യ മൂന്നിൽ ഇടപിടച്ച താരമാണ് അഭിമന്യു സിങ്.
“സാധാരണ ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്നും ഒരുപാട് മാറി നിൽക്കുന്ന ചിത്രമാണ് എമ്പുരാൻ. എനിക്ക് ചിത്രത്തെ പറ്റി അധികമൊന്നും പറയാൻ സാധിക്കില്ല. എന്നിരുന്നാലും ഇക്കാര്യം പറയാതിരിക്കാനും സാധിക്കില്ല. മലയാള സിനിമയുടെ ബജറ്റ് വളരെ കുറവാണെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. വലിയ താരങ്ങൾ ആരും മലയാള സിനിമയുടെ ഭാഗമാകാത്തതും ഈ കുറഞ്ഞ ബജറ്റിൻ്റെ പേരിലാണ്. ആ ചിന്താഗതി മാറ്റാനുള്ള സമയം എത്തികഴിഞ്ഞു. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ 2025ൽ തിയറ്ററുകളിൽ എത്താൻ പോകുന്ന ഇന്ത്യൻ സിനിമകളിൽ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഒരോ ഷോട്ടിനും അത്രമാത്രമാണ് നിർമാതാക്കൾ ചിലവാക്കുന്നത്.
സിനിമയുടെ മികവിനായി പൃഥ്വിരാജ് അത്രത്തോളം കഠിനാധ്വാനമാണ് നടത്തുന്നത്. ഓരോ സീനും ഡിസൈൻ ചെയ്തിരിക്കുന്നത് പറഞ്ഞറിയിക്കാൻ സാധിക്കാത്തത്. ടീസറിൽ കാണുന്നത് പോലെ സിനിമയിലെ ഓരോ സീനും കണ്ടാൽ ഒരു ഹോളിവുഡ് ചിത്രം പോലെ തോന്നും. നോക്കൂ കാലമാറിയിരിക്കുന്നത് കണ്ടോ, കുറഞ്ഞ ബജറ്റിൽ ചെയ്യുന്ന മലയാള സിനിമ ഇപ്പോൾ ഇതാ ഇന്ത്യയിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നു” അഭിമന്യു സിങ് തെലുങ്ക് യുട്യൂബ് ചാനലായ ഐഡ്രീം മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : Empuraan Movie: എന്റെ മോനേ! ഇതാണോടേ ചെറിയ പടം; എമ്പുരാനില്‍ ആന്‍ഡ്രിയ തിവദാറും
ബലരാജ് എന്ന കഥാപാത്രത്തെയാണ് എമ്പുരാനിൽ ബോളിവുഡ് താരം അവതരിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് അഭിമന്യൂ സിങ് മലയാള സിനിമയുടെ ഭാഗമാകുന്നത്. നേരത്തെ തമിഴിൽ നിരവധി വിജയ് ചിത്രങ്ങളിൽ ബോളിവുഡ് താരം നെഗറ്റീവ് വേഷത്തിലെത്തിട്ടുണ്ട്. എമ്പുരാനിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഭിമന്യൂ സിങ്ങാണെന്നാണ് സൂചന. നേരത്തെ ബ്രേക്ക് ബാഡ് സീരീസിലെ ഗിയാൻകാർലോ എസ്പോസിത്തോ എമ്പുരാൻ്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മുരളി ഗോപിയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ആൻ്റണി പെരുമ്പാവൂരിൻ്റെ ആശീർവാദ് സിനിമാസിനെ പുറമെ തമിഴ് സിനിമ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രാഹകൻ. ദീപക് ദേവാണ് സംഗീത സംവിധായകൻ. ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തുക.