Abhishek Bachchan: ‘അവൾക്ക് എന്ത് തോന്നുമെന്നറിയില്ല, മോശം സീനുകളില്‍ അഭിനയിക്കുന്നത് നിർത്തി’; മനസ് തുറന്ന് അഭിഷേക് ബച്ചന്‍
Abhishek Bachchan: സ്വന്തം കരിയർ പോലും ത്യജിച്ച് മകളെ നോക്കിയ ഐശ്വര്യയോട് നന്ദിയുണ്ടെന്ന് അടുത്തിടെ അഭിഷേക് പറഞ്ഞിരുന്നു. ഐശ്വര്യ കാരണമാണ് തനിക്ക് സൗകര്യത്തോടെ ജോലിക്ക് പോകാൻ കഴിയുന്നത്, അക്കാര്യത്തിൽ താൻ ഭാഗ്യവാനാണെന്നും താരം പറഞ്ഞിരുന്നു.

മകൾ ആരാധ്യ പിറന്ന ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ഒരു പെൺ കുട്ടിയുടെ അച്ഛനായ ശേഷം സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ പുലർത്താറുണ്ടെന്ന് അഭിഷേക് പറഞ്ഞു. താൻ ഇപ്പോൾ മോശം സീനുകളിൽ അഭിനയിക്കാറില്ലെന്നും അത് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അഭിഷേക് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘മോശം സീനുകൾ വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു. അത്തരം സീനുകളിൽ അഭിനയിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്റെ മകളോടൊപ്പം കാണാൻ കഴിയുന്ന സിനിമകൾ മാത്രമാണ് ഞാൻ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്. ഇത് എല്ലാവരും പാലിക്കണമെന്നല്ല പറയുന്നത്. എങ്കിലും മകൾക്ക് എന്ത് തോന്നുമെന്ന് അറിയില്ല, പക്ഷേ അവളുടെ ഭാഗവും ചിന്തിക്കേണ്ടിയിരിക്കുന്നു’ അഭിഷേക് പറഞ്ഞു.
തന്റെ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അമിതമായി ചിന്തിക്കാറില്ല, കഥ വൈകാരികമായി ഇഷ്ടപ്പെട്ടാൽ, അത് തനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിയാൽ ആ സിനിമ ചെയ്യുന്നു, എന്നാലും ഇത്തരം ചില കാര്യങ്ങളെ പറ്റി ബോധവാനാണെന്നും താരം പറയുന്നു. ആരാധ്യയെ വളര്‍ത്തുന്നതിനെ കുറിച്ചും അഭിഷേക് ബച്ചന്‍ മറ്റൊരു അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. എന്റെ മാതാപിതാക്കളെ കണ്ടാണ് ഞാന്‍ പഠിക്കുന്നതും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും. സ്വയം തീരുമാനങ്ങളെടുക്കാന്‍ അവര്‍ എനിക്ക് സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതു പോലെ ആരാധ്യക്കും കഴിയണമെന്നാണ് തന്റെ ആഗ്രഹം. മാതാപിതാക്കള്‍ മികച്ച അധ്യാപകരാണോയെന്ന് എനിക്കറിയില്ല, കുട്ടികളെ ശരിയായ വഴിക്ക് നയിക്കാനുള്ള വികാരങ്ങളും ആഗ്രഹങ്ങളുമാണ് അവരോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുന്നതെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.
2007ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും വിവാഹിതരാവുന്നത്. 2011ൽ ആരാധ്യ ജനിച്ചു. സ്വന്തം കരിയർ പോലും ത്യജിച്ച് മകളെ നോക്കിയ ഐശ്വര്യയോട് നന്ദിയുണ്ടെന്ന് അടുത്തിടെ അഭിഷേക് പറഞ്ഞിരുന്നു. ഐശ്വര്യ കാരണമാണ് തനിക്ക് സൗകര്യത്തോടെ ജോലിക്ക് പോകാൻ കഴിയുന്നത്, അക്കാര്യത്തിൽ താൻ ഭാഗ്യവാനാണെന്നും താരം പറഞ്ഞിരുന്നു.
അതേസമയം, അഭിഷേകിന്റെ ഏറ്റവും പുതിയ ചിത്രമായ ബി ഹാപ്പി 2025 മാർച്ച് 14 ന് ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തു. ചിത്രത്തിൽ ശിവ് എന്ന സിംഗിൾ ഫാദറായണ് അഭിഷേക് വേഷമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുക എന്ന മകളുടെ സ്വപ്നത്തെ സാക്ഷാത്കരിക്കാൻ പരിശ്രമിക്കുന്ന അച്ഛനായാണ് അഭിഷേക് എത്തുന്നത്. ചുറ്റിപറ്റിയാണ് സിനിമ. നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും, നൃത്തപരിചയമില്ലാത്ത ശിവ്, മകളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പരിശ്രമിക്കുന്നു. ഹൃദയസ്പർശിയായ അച്ഛൻ-മകൾ ബന്ധമാണ് ചിത്രം പറയുന്നത്. നോറ ഫത്തേഹി, നാസർ, ജോണി ലിവർ, ഹർലീൻ സേഥി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. റെമോ ഡിസൂസ സംവിധാനം ചെയ്ത് റെമോ ഡിസൂസ എന്റർടൈൻമെന്റിന്റെ ബാനറിൽ ലിസെല്ലെ റെമോ ഡിസൂസ നിർമ്മിച്ച ചിത്രമാണ് ബി ഹാപ്പി.