Abhilash Pillai: ഒരു കുട്ടിയാണെന്ന് പോലും ചിന്തിക്കുന്നില്ല; ആരാണ് ഇവര്‍ക്ക് ഇതിനുള്ള അധികാരം കൊടുത്തത്? ദേവനന്ദയെ വിമര്‍ശിക്കുന്നവരോട് അഭിലാഷ് പിള്ളയ്ക്ക് പറയാനുള്ളത്
Abhilash Pillai lashes out at those making bad comments: വനിതാ തിയേറ്ററില്‍ സിനിമ കാണാന്‍ ചെല്ലുമ്പോള്‍ അവിടെ കുറേ അവതാരങ്ങളുണ്ട്. ഇവരെ മോശം പറയുന്നതല്ല. എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ വരുന്ന ആളുകളാണ് ഇവര്‍. പല പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഇതൊക്കെ വൈറലാകുമ്പോള്‍ തങ്ങള്‍ എന്തോ സംഭവമായെന്ന് അവര്‍ ചിന്തിക്കും. അതിന്റെ പെര്‍സ്‌പെക്റ്റീവ് വേറെയാണെന്ന് അവര്‍ മനസിലാക്കുന്നില്ല

2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരമാണ് ദേവനന്ദ. 11 വയസിനിടെ പതിനഞ്ചോളം സിനിമകളില്‍ ദേവനന്ദ അഭിനയിച്ചുകഴിഞ്ഞു. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ദേവനന്ദയുടെ വീഡിയോകളെ വിമര്‍ശിച്ച് നിരവധി പേരാണ് മോശമായ രീതിയില്‍ കമന്റുകള്‍ ചെയ്തിരുന്നു. ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നു എന്ന തരത്തിലാണ് വിമര്‍ശനം. ഇത്തരത്തില്‍ മോശം കമന്റുകള്‍ ചെയ്യുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുയാണ് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. 11 വയസുള്ള കുട്ടിയാണെന്ന് ചിന്തിക്കാതെയാണ് പബ്ലിക് ഫോറത്തില്‍ ഇങ്ങനെ കമന്റുകള്‍ ചെയ്യുന്നതെന്ന് അഭിലാഷ് തുറന്നടിച്ചു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അഭിലാഷ് ഇക്കാര്യം പറഞ്ഞത്.
11 വയസിനിടയില്‍ പതിനഞ്ചോളം സിനിമകളില്‍ ആ കുട്ടി അഭിനയിച്ചു. കുറേ അംഗീകാരം അവള്‍ക്ക് കിട്ടി. സാധാരണ ഒരു കുട്ടി സംസാരിക്കുന്നതിനെക്കാളും ഒരു പടി മുകളിലാകാം അവളുടെ പക്വതയും സംസാരവും. അത് അവളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ ട്രെയിന്‍ ചെയ്യിക്കുന്നതാകാം. അവള്‍ ഈ പ്രായത്തില്‍ വായിച്ച പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടില്ല. തന്റെ മകളും അവളും ഒരേ പ്രായമാണ്. തന്റെ മകള്‍ സംസാരിക്കുന്ന കാര്യങ്ങളല്ല അവള്‍ സംസാരിക്കുന്നത്. അവള്‍ സംസാരിക്കുന്നത് സിനിമകളെക്കുറിച്ചും പുസ്തകങ്ങളെ പറ്റിയുമാണെന്ന് അഭിലാഷ് പറഞ്ഞു.
”ഈ കുട്ടിയുടെ ഏത് വീഡിയോയുടെ താഴെയും ആളുകള്‍ മോശമായി കമന്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. 11 വയസുള്ള കുട്ടിയാണെന്ന് ചിന്തിക്കാതെയാണ് പബ്ലിക് ഫോറത്തില്‍ ഇങ്ങനെ കമന്റുകള്‍ ചെയ്യുന്നത്. ആരാണ് ഇവര്‍ക്ക് ഇതിനുള്ള അധികാരം കൊടുക്കുന്നത്. ആര്‍ക്കാണ് വിമര്‍ശിക്കാന്‍ അധികാരമുള്ളത്. തനിക്കോ തന്റെ മക്കള്‍ക്കോ പറ്റാത്തത് വേറൊരു കുട്ടി ചെയ്യുന്നത് കാണുമ്പോഴുള്ള ഫ്രസ്‌ട്രേഷനിലാകും ചിലപ്പോള്‍ അങ്ങനെ ചെയ്യുന്നത്. പക്ഷേ, ഒരു കുട്ടിയോടും ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല. ഇതില്‍ എന്തെങ്കിലും പറയാന്‍ പോയാല്‍ നമ്മളെ തെറി വിളിക്കും”-അഭിലാഷിന്റെ വാക്കുകള്‍.




ഒരു ഇരുട്ട് മുറിയില്‍ കയ്യിലിരിക്കുന്ന ആറിഞ്ച് മൊബൈല്‍ ഫോണില്‍ കമന്റ് ഇടാന്‍ പറ്റുന്ന ധൈര്യമേ അവര്‍ക്കുള്ളൂ. വെളിച്ചത്തില്‍ പബ്ലിക് പ്ലേസില്‍ വന്ന് പറയാന്‍ ധൈര്യം കാണിക്കട്ടെ. അങ്ങനെയാണെങ്കില്‍ ആ കുട്ടിയുടെ അഡ്രസും വീട് എവിടെയാണെന്നും പറഞ്ഞുതരാം. ആ കുട്ടിയുടെ വീട്ടില്‍ പോയി ഇത് പറയാനുള്ള ധൈര്യമുള്ള എത്ര പേരുണ്ട്. അപ്പോള്‍ അവര്‍ക്ക് തിരിച്ചു പറയാനും കാണും. ആ കുട്ടിക്ക് അവരുടേതായ പോയിന്റ് ഓഫ് വ്യൂ പറയാന്‍ പലതും കാണും. ആ കുട്ടി വളര്‍ന്നുവന്ന സാഹചര്യം അതാണെന്നും അഭിലാഷ് പിള്ള വ്യക്തമാക്കി.
നെഗറ്റീവ് പറയുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്
ഒരു പയ്യന്‍ ഒരിക്കല്‍ മോശമായിട്ട് കമന്റ് ചെയ്തു. അന്ന് ഭയങ്കര വിഷമമായി. ആ പയ്യന്റെ പ്രൊഫൈല്‍ നോക്കിയപ്പോഴാണ് മൂന്ന് മാസമായിട്ട് അവന്‍ ചാന്‍സ് ചോദിച്ച് സ്ഥിരമായി മെസഞ്ചറില്‍ മെസേജ് അയച്ചുകൊണ്ടിരുന്നത് ശ്രദ്ധയില്‍പെട്ടത്. അത് കണ്ട് ഞെട്ടിപ്പോയി. നമ്മള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് താന്‍ അവന് റിപ്ലെ കൊടുത്തു. ‘നെഗറ്റീവ് പറഞ്ഞപ്പോള്‍ ചേട്ടന്‍ ശ്രദ്ധിച്ചല്ലോ. ഇപ്പോള്‍ എനിക്ക് ചേട്ടന്‍ മെസേജ് അയച്ചില്ലേ’ എന്നായിരുന്നു അവന്റെ മറുപടി. ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രശ്‌നം അതാണ്. നമ്മള്‍ പോസിറ്റീവ് പറയുന്നതല്ല, നെഗറ്റീവ് പറയുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി.
വനിതാ തിയേറ്ററില്‍ സിനിമ കാണാന്‍ ചെല്ലുമ്പോള്‍ അവിടെ കുറേ അവതാരങ്ങളുണ്ട്. ഇവരെ മോശം പറയുന്നതല്ല. എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ വരുന്ന ആളുകളാണ് ഇവര്‍. പല പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഇതൊക്കെ വൈറലാകുമ്പോള്‍ തങ്ങള്‍ എന്തോ സംഭവമായെന്ന് അവര്‍ ചിന്തിക്കും. അതിന്റെ പെര്‍സ്‌പെക്റ്റീവ് വേറെയാണെന്ന് അവര്‍ മനസിലാക്കുന്നില്ല.
തന്റെ പടത്തിന്റെ പൂജയ്‌ക്കൊക്കെ ഇവര്‍ വരുമ്പോള്‍ അവിടെ പോയി ഇത്തരം കോമാളിത്തരം കാണിക്കാന്‍ നില്‍കരുതെന്ന് ഞാന്‍ പറയാറുണ്ട്. നിങ്ങള്‍ സിനിമയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ആത്മാര്‍ത്ഥമായി സിനിമ ട്രൈ ചെയ്യണമെന്ന് പറയും. നമ്മള്‍ ജീവിതത്തില്‍ കോമാളികളാകാനല്ലല്ലോ ആഗ്രഹിക്കുന്നത്. പക്ഷേ, ഇത് പറഞ്ഞുകഴിയുമ്പോള്‍ അവര്‍ അത് എങ്ങനെ എടുക്കുമെന്ന് അറിയില്ല. അതുകൊണ്ട് ഇപ്പോള്‍ ഉപദേശിക്കുന്നതൊക്കെ നിര്‍ത്തി. ഇപ്പോള്‍ നമ്മുടെ കാര്യം നോക്കി പോകും. നല്ലത് പറയുന്നവരെ ആരും ശ്രദ്ധിക്കില്ല. അവര്‍ ഒറ്റപ്പെട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.