Saree AI Song: ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് ആരാധ്യ; ആർജിവിയുടെ ‘സാരി’യിലെ എഐ പാട്ടെത്തി
Aaradhya Devi Saree AI Song: ഗ്ലാമറസ് ലുക്കിൽ എത്തിയ ആരാധ്യ ദേവി തന്നെയാണ് പാട്ടിന്റെ പ്രധാന ആകർഷണം.
സംവിധായകൻ രാംഗോപാൽ വർമ്മ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘സാരി’ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സംസാര വിഷയം. ചിത്രത്തിലൂടെ രണ്ട് സർപ്രൈസുകൾ നൽകിയാണ് രാംഗോപാൽ വർമ്മ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ആദ്യത്തേത് മലയാളി നായികയായ ആരാധ്യ വർമ്മയായിരുന്നു. രണ്ടാമത്തേത് എഐ വഴി സൃഷ്‌ടിച്ച പാട്ടുകളാണ്. അതിലൊരു ഗാനത്തിന്റെ വീഡിയോ ആണിപ്പോൾ പുറത്തെത്തിയിരിക്കുന്നത്.
ചിത്രത്തിൽ സിറാ ശ്രീയും ഡിഎസ്ആർ ബാലാജിയും ചേർന്ന് എഴുതി, കീർത്തന ശേഷ് ആലപിച്ച ‘ഐ വാണ്ട് ലവ്’ എന്ന ഗാനത്തിന്റെ എഐ പതിപ്പാണിപ്പോൾ പുറത്തെത്തിയത്. എഐയുടെ സഹായത്തോടെ, യഥാർത്ഥ ഗാനത്തെ പുതിയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് രാംഗോപാൽ വർമ്മയും സംഘവും. ഗ്ലാമറസ് ലുക്കിൽ എത്തിയ ആരാധ്യ ദേവി തന്നെയാണ് പാട്ടിന്റെ പ്രധാന ആകർഷണം.
ALSO READ: ‘അമിതമായ സ്നേഹം ഭയാനകമാകും’; റാം ഗോപാൽ വർമ്മയുടെ ‘സാരി’ ടീസർ പുറത്ത്
നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്) ഉപയോഗിച്ചാണ് ചിത്രത്തിലെ എല്ലാ പാട്ടുകളും പശ്ചാത്തല സംഗീതവും ഉൾപ്പടെ ചെയ്തിട്ടുള്ളത്. ഇക്കാര്യം നേരത്തെ തന്നെ രാംഗോപാൽ വർമ്മ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. “എഐ ആപ്പുകൾ ഉപയോഗിച്ചുള്ള സംഗീതം മാത്രമുള്ള ‘ആർജിവി-ഡെൻ’, ഞാനും എന്റെ പാർട്ടണർ രവി വർമയും ചേർന്ന് തുടങ്ങുന്ന വിവരം നിങ്ങളെ അറിയിക്കുന്നു. പുതിയ ചിത്രം ‘സാരി’യിൽ ഗാനങ്ങൾ എല്ലാം ചെയ്തത് എഐ ഉപയോഗിച്ചാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും എഐ തന്നെയാണ്. വൈകാതെ തന്നെ എഐ സംഗീതരംഗം കീഴടക്കും” എന്നാണ് രാംഗോപാൽ വർമ്മ കുറിച്ചത്.
രവി വർമ്മ നിർമ്മിച്ച് ഗിരി കൃഷ്ണ സംവിധാനം ചെയുന്ന ചിത്രത്തിൽ, സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശവും പിന്നീടത് അപകടകരമായി മാറുന്നത്തിന്റെയും കഥയാണ് പറയുന്നത്. ‘അമിതമായ സ്നേഹം ഭയാനകമാകും’ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശബരിയാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം നവംബർ 4-ന് റിലീസ് ചെയ്യും.