Aadujeevitham : ‘സിനിമ കണ്ടപ്പോഴാണ് സൗദി വിരുദ്ധത മനസിലായത്’; ആടുജീവിതത്തിൽ അഭിനയിച്ചതിന് മാപ്പ് ചോദിച്ച് ജോർദാനി നടൻ
Aadujeevitham Jordan Actor Akef Najem : ആടുജീവിതത്തിൽ അഭിനയിച്ചതിന് സൗദി ജനതയോട് മാപ്പ് ചോദിച്ച് ജോർദാനി നടൻ ആകിഫ് നജം. സിനിമയിലെ സൗദി വിരുദ്ധത മനസിലാക്കാതെയാണ് അഭിനയിച്ചതെന്നും സൗദി ജനതയീട് മാപ്പപേക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ് – ബ്ലെസി ചിത്രം ‘ആടുജീവിത’ത്തിൽ അഭിനയിച്ചതിന് മാപ്പ് ചോദിച്ച് ജോർദാനി നടൻ ആകിഫ് നജം. ആടുജീവിതത്തിൽ പണക്കാരനായ അറബിയായാണ് ആകിഫ് അഭിനയിച്ചത്. തിരക്കഥ മുഴുവൻ വായിക്കാതെയാണ് അഭിനയിച്ചതെന്നും സിനിമ കണ്ടപ്പോഴാണ് സൗദി വിരുദ്ധത മനസിലായത് എന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചതായി മനോരമഓൺലൈൻ റിപ്പോർട്ട് ചെയ്തു.
“സൗദികളുടെ ധൈര്യവും മനുഷ്യത്വവും കാണിക്കുന്ന കഥാപാത്രമായതിനാലാണ് സിനിമയിൽ അഭിനയിക്കാൻ തയ്യാറായത്. തിരക്കഥ പൂർണമായി വായിക്കാൻ കഴിഞ്ഞില്ല. സിനിമ കണ്ടപ്പോഴാണ് ആടുജീവിതത്തിലെ സൗദിവിരുദ്ധത മനസിലായത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ആടുജീവിതത്തിൽ അഭിനയിക്കുമായിരുന്നില്ല. ജോർദാൻ ജനതയ്ക്ക് സൗദി ഭരണാധികാരികളും ജനങ്ങളുമായി ബന്ധങ്ങളുണ്ട്. സിനിമയിൽ അഭിനയിച്ചതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുകയാണ്.”- ആകിഫ് പറഞ്ഞു.
Also Read : Kerala State Film Awards: “ആടുജീവിതത്തിലെ ഗാനങ്ങൾ പരിഗണിക്കാതെ പോയതിൽ വിഷമം”; ബ്ലെസി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതം ഏറെ നേട്ടമുണ്ടാക്കിയിരുന്നു. മികച്ച ജനപ്രിയ ചിത്രം, മികച്ച നടന്‍, മികച്ച സംവിധായകന്‍, അവലംബിത തിരക്കഥ, ശബ്ദ മിശ്രണം, ശരത് മോഹന്‍, മേക്കപ്പ് ആര്‍ടിസ്റ്റ്, പ്രത്യേക ജൂറി പരാമര്‍ശം, മികച്ച ഛായാഗ്രാഹകന്‍, മികച്ച പ്രോസസിംഗ് ലാബ് തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
2018ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ചിത്രീകരണം 2023 ജൂലൈയിലാണ് പൂര്‍ത്തീകരിച്ചത്. 2024 മാര്‍ച്ച് 28-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 160 കോടിയോളം രൂപയാണ് ആഗോള കളക്ഷനായി ചിത്രം നേടിയത്.
തൻ്റെ ഏറ്റവും വലിയ സന്തോഷ് ബ്ലെസിക്ക് കിട്ടിയ അംഗീകാരം കൂടിയാണെന്ന് നടൻ പൃഥിരാജ് പ്രതികരിച്ചിരുന്നു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ശേഷം ഏഷ്യാനെറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആടു ജീവിതം എന്നത് ഒരു കൂട്ടായ്മയുടെയും സ്നേഹത്തിൻ്റെയും പ്രതിഫലമാണ്. ചിത്രം തീയ്യേറ്റുകളിൽ എത്തിയപ്പോൾ ആ ചിത്രത്തോട് ലോകമെമ്പാടുമുള്ള പ്രേക്ഷകർ നൽകിയ സ്നേഹം പറയാതിരിക്കാനാവില്ലെന്നും അദ്ദേഹം. സംവിധായകൻ മുതൽ എല്ലാവരും ആ ചിത്രത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. മികച്ച നടൻ അടക്കം ഒൻപ് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
ആടുജീവിതത്തിന് ലഭിച്ച അംഗീകാരങ്ങളിൽ അതീവ സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലെസിയും പ്രതികരിച്ചു. പ്രേക്ഷകരും ജൂറിയും തങ്ങളുടെ കഠിനാധ്വാനത്തെ അംഗീകരിച്ചതിൽ അഭിമാനം തോന്നുന്നുണ്ടെന്നും എന്നാൽ ചിത്രത്തിലെ സംഗീതത്തെ പരിഗണിക്കാതിരുന്നതിൽ വിഷമമുണ്ടെന്നും ബ്ലെസി പറഞ്ഞു. ജൂറിയുടെ തീരുമാനത്തെ എതിർക്കുന്നതിൽ അർഥമില്ലെന്നും തൻ്റെ വിഷമം പങ്കുവെയ്ക്കുക മാത്രമാണ് ചെയ്തതെന്നും ബ്ലെസി പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
‘സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമെന്ന നിലയില്‍ അവാര്‍ഡ് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. ആടുജീവിതത്തിന് പ്രധാന അവാർഡുകളിൽ 9-ഓളം പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമാണുള്ളത്. ഇത് മൂന്നാം തവണയാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് തനിക്ക് ലഭിക്കുന്നത്. അതിനു മുമ്പ് നവാഗത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. എട്ടു സിനിമകള്‍ ചെയ്തിട്ട് നാലു തവണ പുരസ്‌കാരം ലഭിച്ചു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഏറ്റവും സന്തോഷം തരുന്നത് ഗോകുലിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു എന്നതാണ്.
Also Read : Kerala State Film Awards: ഏറ്റവും വലിയ സന്തോഷം ബ്ലെസി ചേട്ടന് കിട്ടിയ അംഗീകാരത്തിൽ- അവാർഡിനെ പറ്റി പൃഥിരാജ്
ഗോകുൽ ആ ചിത്രത്തിനായെടുത്ത കഠിനാധ്വാനം വിലമതിക്കാനാവത്തതാണ്. എന്നാൽ സിനിമയിലെ പാട്ടുകള്‍ പരിഗണിക്കാതെ പോയതില്‍ വിഷമമുണ്ട്. ആ സിനിമയെ മനോഹരമാക്കിയതില്‍ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജൂറിയുടെ തീരുമാനത്തെ എതിര്‍ക്കുകയല്ല അത് വിഷമമുണ്ടാക്കി എന്ന് പറഞ്ഞുവെന്ന് മാത്രമാണെന്നും ബ്ലെസി വ്യക്തമാക്കി.
പ്രേക്ഷകരുമായി സംവദിക്കാൻ കഴിയുക എന്നതാണ് സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. ആടുജീവിതം അത്രയേറെ വായിക്കപ്പെട്ട നോവലുകളിൽ ഒന്നാണ്. അപ്പോൾ 43 അധ്യായങ്ങളിലുള്ള, വായനക്കാരൻ്റെ മനസ്സിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ആ നോവലിനെ തിരക്കഥയാക്കുക എന്നതായിരുന്നു ഈ സിനിമയുടെ മേക്കിങ്ങില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം. ചെറിയ മാറ്റങ്ങൾ വരുത്തി, പുതിയ സ്വീകൻസുകൾ കൂട്ടിച്ചേർത്തു, അതിനെ പ്രേക്ഷകരും ജൂറിയും ഒരുപോലെ അംഗീകരിച്ചു. അതുകൊണ്ട് തന്നെ ആ അവാര്‍ഡിനെ മാനിക്കുന്നു’ ബ്ലെസി പറഞ്ഞു.