A R Rahman: ഏറെ വേദനയില്‍ നിന്നെടുത്ത തീരുമാനം; ബന്ധം പിരിയുന്നതായി എ ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ
A R Rahman and Wife Divorce Report: ഏറെ നാളായി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാനായി സൈറ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിവാഹ ബന്ധത്തിലുണ്ടായ സങ്കീര്‍ണതകളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ദമ്പതികള്‍ ഇരുവരും പൂര്‍ണ സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സൈറയുടെ അഭിഭാഷക വന്ദന ഷാ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ നാളായി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാനായി സൈറ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിവാഹ ബന്ധത്തിലുണ്ടായ സങ്കീര്‍ണതകളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാനസിക സമ്മര്‍ദങ്ങളും ബുദ്ധിമുട്ടുകളും ഇരുവര്‍ക്കുമിടയില്‍ വലിയ അകലം സൃഷ്ടിച്ചതായി ദമ്പതികള്‍ തിരിച്ചറിയുന്നു. അവര്‍ക്കിടയിലേക്ക് വീണ്ടും സ്‌നേഹം നിറയ്ക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. വളരെയധികം വേദനയില്‍ നിന്നാണ് പിരിയാമെന്ന തീരുമാനം താനെടുത്തതെന്ന് സൈറ പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ നിമിഷത്തില്‍ ആളുകള്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്നാണ് സൈറ ആഗ്രഹിക്കുന്നതെന്നും വന്ദന ഷായുടെ കുറിപ്പില്‍ പറയുന്നു.
മൂന്ന് മക്കളാണ് എ ആര്‍ റഹ്‌മാനും ഭാര്യ സൈറയ്ക്കമുള്ളത്. കദീജ, റഹീമ, ആമീന്‍ എന്നിവരാണവര്‍.
എ ആര്‍ റഹ്‌മാന്‍
ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ ആര്‍ റഹ്‌മാന്‍. ഓസ്‌കാറും ഗ്രാമിയും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സിനിമാ ഗാനങ്ങള്‍ക്ക് പുറമേ ആല്‍ബം പാട്ടുകളും റഹ്‌മാന്റെ കരവിരുതില്‍ പുറത്തിറങ്ങിയിട്ടുണ്ട്. റഹ്‌മാന്റെ ആല്‍ബം പാട്ടുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് 1997ല്‍ സോണി മ്യൂസിക്ക് പുറത്തിറക്കിയ വന്ദേ മാതരത്തിനാണ്. ദേശഭക്തി തുളുമ്പുന്ന മാ തുച്ഛേ സലാം എന്ന ഗാനം കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല.
Also Read: Nayanthara-Dhanush Row: ‘നീ എന്റെ സുഹൃത്താണ്, ഞാന്‍ പണം വാങ്ങില്ല’; നയന്‍താരയെ കുറിച്ച് ധനുഷ്
സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്റെ മകനാണ് എ ആര്‍ റഹ്‌മാന്‍. എന്നാല്‍ പിന്നീട് പിതാവിന്റെ മരണത്തോടെ കുടുംബമൊന്നിച്ച് ഇസ്ലാം മതം സ്വീകരിച്ചു. കരിയറിന്റെ തുടക്കത്തില്‍ ശിവമണി, ജോണ്‍ അന്തോണി, രാജ തുടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പം റൂട്ട്‌സ് പോലെയുള്ള ട്രൂപ്പുകളില്‍ കീബോര്‍ഡ് വായിച്ചും ബാന്‍ഡ് സജീകരിച്ചുമെല്ലാമാണ് റഹ്‌മാന്‍ നിന്നത്. പിന്നീട് തന്റെ പതിനൊന്നാം വയസില്‍ പെണ്‍പട എന്ന ചിത്രത്തിനായി ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചു. 1992ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ എന്ന ചിത്രത്തിന് സംഗീതം നല്‍കിയതും എ ആര്‍ റഹ്‌മാനാണ്.
1992ല്‍ തന്നെ പുറത്തിറങ്ങിയ റോജാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കികൊണ്ടാണ് എ ആര്‍ റഹ്‌മാന്‍ ശ്രദ്ധേയനാകുന്നത്. ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും മികച്ച 10 ഗാനങ്ങളില്‍ റോജയിലെ പാട്ടുകളെയും തിരഞ്ഞെടുത്തിട്ടുണ്ട്. മാത്രമല്ല, സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചതിനാണ് 2009ലെ ഓസ്‌കര്‍ പുരസ്‌കാരം റഹ്‌മാനെ തേടിയെത്തിയത്. രാജ്യം പത്മഭൂഷണ്‍ നല്‍കിയും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.