1098 Movie: പ്രധാന വേഷത്തിൽ സന്തോഷ് കീഴാറ്റൂർ, ‘1098’ ജനുവരി 17ന് തീയറ്ററുകളിൽ
1098 Movie Release: സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്രയാണ് ചിത്രം നിർമ്മിക്കുന്നത്.
തിരുവനന്തപുരം: സന്തോഷ് കീഴാറ്റൂർ പ്രധാനവേഷത്തിലെത്തുന്ന ‘1098’ (ടെൻ നയിൻ എയിട്ട്) ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ജനുവരി 17ന് ചിത്രം തീയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഗുരു ഗോവിന്ദ് ആണ് ‘1098’ (ടെൻ നയിൻ എയിട്ട്)-ന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, മോനിഷ മോഹൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്രയാണ് ചിത്രം നിർമ്മിക്കുന്നത്.
ചൈൽഡ് ഹെൽപ്‌ലൈനിലേക്ക് ഒരു അജ്ഞാത ഫോൺ കാൾ വരുന്നിടത്തു നിന്നാണ് ‘1098’ (ടെൻ നയിൻ എയിട്ട്) എന്ന സിനിമ ആരംഭിക്കുന്നത്. ദളിത് പാരമ്പര്യമുള്ള ഒരു ബംഗാളി-മലയാളി വിദ്യാർത്ഥിയെ ഗ്രാമ മേഖലയിൽ നിന്നുള്ള ഗവൺമെന്റ് സ്‌കൂളിൽ നിന്ന് പുറത്താക്കുന്നു. വ്യക്തമായ കാരണങ്ങളില്ലാതെയാണ് സ്കൂൾ അധികൃതർ പുറത്താക്കുന്നത്. ഈ പുറത്താക്കലിനെ കുറിച്ച് ചൈൽഡ് ലൈനിലേക്ക് അജ്ഞാത സന്ദേശം എത്തുന്നു.
സ്കൂൾ അധികൃതർക്ക് എതിരായ പരാതിയിൽ ചെൽഡ് ലെെൻ അന്വേഷണം ആരംഭിക്കുന്നു. അന്വേഷണത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാണ് ചെൽഡ് ലെെൻ അധികൃതർ കണ്ടെത്തിയത്. സ്കൂൾ അധികൃതർ വിദ്യാർത്ഥിയെ പുറത്താക്കിയതിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം വെളിപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആകാംക്ഷഭരിതമായ മുഹൂർത്തങ്ങളിലേക്കാണ് കാഴ്ചക്കാരെ കൂട്ടികൊണ്ടുപോവുന്നത്. രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനുറാം എന്നിവരാണ് ‘1098’ (ടെൻ നയിൻ എയിട്ട്) എന്ന ചിത്രത്തിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: പ്രിയൻ, ചിത്രസംയോജനം: രഞ്ജിത്ത് പുത്തലത്ത്, സംഗീതം: ഹരിമുരളി ഉണ്ണികൃഷ്ണൻ, സൗണ്ട്: എം ഷൈജു, കലാ സംവിധാനം: ഷെബി ഫിലിപ്, വസ്ത്രാലങ്കാരം: അനു ശ്രീകുമാർ, മേക്കപ്പ്: സുനിത ബാലകൃഷ്ണൻ, ആർട്ട് അസോസിയേറ്റ്: ശ്രീജിത്ത് പറവൂർ, കളറിസ്റ്റ്: ജിതിൻ കുംബുകാട്ട്, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകാന്ത് രാഘവ്, അസോസിയേറ്റ് ഡയറക്ടേർസ്:അപർണ കരിപ്പൂൽ, വിനീഷ് കീഴര, സ്റ്റിൽസ്: മനു കാഞ്ഞിരങ്ങാട്.
കഴിഞ്ഞ ദിവസം കേരളത്തിലെ ബസ് ഡ്രെെവർമാർക്കെതിരെ സന്തോഷ് കീഴാറ്റൂർ രംഗത്തെത്തിയിരുന്നു. മനുഷ്യജീവന് വില കൽപ്പിക്കാത്ത മുതലാളിക്ക് വേണ്ടി പണി എടുക്കുന്ന സൈക്കോ കൊലയാളികളായി മാറുകയാണ് ചില ബസ് ഡ്രെെവർമാരെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു. ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യമെന്നും നടൻ പറയുന്നു. ഡ്രെെവർമാരുടെ അമിത വേഗത്തിനെതിരെ സന്തോഷ് കീഴാറ്റൂർ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനും പരാതി നൽകിയിട്ടുണ്ട്.