Wayand By Election 2024: 240-ാം തവണയും തോല്‍ക്കാനെത്തിയ പത്മരാജനും കിട്ടി മൂന്നക്ക നമ്പറില്‍ വോട്ട്; വയനാട് ഈ 65കാരന് സമ്മാനിച്ചത്
Wayand By Election 2024 k padmarajan: ഇതുവരെ മത്സരിച്ചതില്‍ ഏറ്റവും കൂടുതല്‍ വോട്ട് പത്മരാജന് ലഭിച്ചത് മേട്ടൂരിലാണ്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് സംഭവം. അന്ന് 6271 വോട്ടാണ് പത്മരാജന്‍ സ്വന്തമാക്കിയത്
തിരഞ്ഞെടുപ്പ് തോല്‍വി കുറച്ച് ദിവസമെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്ക് വേദന പകരും. എന്നാല്‍ പരാജയത്തില്‍ സന്തോഷിക്കുന്നവരുണ്ടെങ്കിലോ ? അതെ, അങ്ങനെ ഒരാളുണ്ട്. തമിഴ്‌നാട് മേട്ടൂര്‍ സ്വദേശിയായ കെ. പത്മരാജന്‍. പല തവണ വാര്‍ത്തകളിലടക്കം നിറഞ്ഞുനിന്നിട്ടുള്ള പത്മരാജനെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.
ഇത്തവണ വയനാട്ടില്‍
ഇതിനകം വിവിധ തിരഞ്ഞെടുപ്പുകളിലായി 239 തവണ തോറ്റിട്ടുള്ള ഈ 65കാരന്‍ 240-ാം തവണ പരാജയപ്പെടാനായി തിരഞ്ഞെടുത്തത് വയനാടാണ്. തോല്‍വിയില്‍ സന്തോഷിക്കുന്ന ഈ സ്ഥാനാര്‍ത്ഥിക്ക് വയനാട് സമ്മാനിച്ചത് 286 വോട്ടാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
നോട്ട ഒഴിവാക്കിയാല്‍ 16 പേരാണ് വയനാട്ടില്‍ മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ നാലു പേരെ മറികടക്കാന്‍ പത്മരാജനായി.
ആദ്യ മത്സരം മേട്ടൂരില്‍
1988ലാണ് പത്മരാജന്‍ ആദ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതും സ്വദേശമായ മേട്ടൂരില്‍ നിന്ന്. ആഗ്രഹിച്ചതുപോലെ തന്നെ അദ്ദേഹം ഉഗ്രനായി തോറ്റു. ടയര്‍ റിപ്പയര്‍ ഷോപ്പ് ഉടമയായിരുന്ന പത്മരാജന്‍ അന്ന് മുതല്‍ തിരഞ്ഞെടുപ്പും തോല്‍വികളും ശീലമാക്കി. 36 വര്‍ഷമായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന പത്മരാജന് നോമിനേഷന്‍ തുകയായി നല്ലൊരു തുക ചെലവായിട്ടുണ്ട്.
ഇതുവരെ മത്സരിച്ചതില്‍ ഏറ്റവും കൂടുതല്‍ വോട്ട് പത്മരാജന് ലഭിച്ചത് മേട്ടൂരിലാണ്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് സംഭവം. അന്ന് 6271 വോട്ടാണ് പത്മരാജന്‍ സ്വന്തമാക്കിയത്. ആ തിരഞ്ഞെടുപ്പില്‍ പത്മരാജന്‍ മൂന്നാം സ്ഥാനത്തെത്തി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലാണ് ഇതിന് മുമ്പ് മത്സരിച്ചത്. പത്മരാജന്റെ 239-ാം അങ്കത്തില്‍ ധര്‍മ്മപുരിയില്‍ അദ്ദേഹം 657 വോട്ടുകള്‍ നേടിയിരുന്നു. തുടര്‍ന്നാണ് 240-ാമത് തവണ തോല്‍ക്കാനായി വയനാട് തിരഞ്ഞെടുത്തത്.
വാജ്‌പേയ് മുതല്‍ മന്‍മോഹന്‍ വരെ
ലക്ഷ്യം തോല്‍വിയാണെങ്കിലും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരങ്ങളിലാണ് ഇദ്ദേഹത്തിന് താല്‍പര്യം. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയ്, നരേന്ദ്ര മോദി, മന്‍മോഹന്‍ സിങ് എന്നിവര്‍ക്കെതിരെ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിച്ച പത്മരാജന്‍ ഒടുവില്‍ പ്രിയങ്കയോടും ഏറ്റുമുട്ടാനെത്തുകയായിരുന്നു.
ചുമ്മാ തോല്‍ക്കുന്നതല്ല
തിരഞ്ഞെടുപ്പുകളില്‍ തോല്‍വി ശീലമാക്കിയ പത്മരാജന്‍ അങ്ങനെ റെക്കോഡ് ബുക്കിലും കയറിപ്പറ്റി. രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ റെക്കോഡെന്ന ലിംക ബുക്ക് ഓഫ് റെക്കോഡ് പത്മരാജന് സ്വന്തമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ വരെ മത്സരിച്ചിട്ടുള്ള പത്മരാജനെ ‘ഇലക്ഷന്‍ കിങ്’ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.