wayanad, Chelakkara By Election 2024: വയനാട്ടിലും ചേലക്കരയിലും ഇന്ന് ആവേശം നിറച്ച് കൊട്ടിക്കലാശം… അരയും തലയും മുറുക്കി മുന്നണികൾ
ഇന്ന് മുന്നണികൾ മൂന്നും പ്രചരണം അവസാനിപ്പിച്ച ശേഷം നാളെ നിശബ്ദ പ്രചാരണം നടത്തും. 13നാണ് രണ്ടിടത്തും വോട്ടെടുപ്പ് നടത്തുന്നത്.
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്നത് ഇപ്പോൾ ഉപതിരഞ്ഞെടുപ്പിലേക്കാണ്. ചേലക്കരയിലും വയനാട്ടിലുമാണ് ആദ്യം തിരഞ്ഞെടുപ്പ് എത്തുന്നത്. പാലക്കാട് കുറച്ചു ദിവസങ്ങൾക്കു ശേഷം തിരഞ്ഞെടുപ്പിനെ നേരിടും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും പരസ്യപ്രചാരണത്തിന് ഇന്ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശമാണ്.
ഇന്ന് മുന്നണികൾ മൂന്നും പ്രചരണം അവസാനിപ്പിച്ച ശേഷം നാളെ നിശബ്ദ പ്രചാരണം നടത്തും. 13നാണ് രണ്ടിടത്തും വോട്ടെടുപ്പ് നടത്തുന്നത്. പാലക്കാട് കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് 20 ലേക്ക് നീട്ടിയിരുന്നു. പാലക്കാട് 18 നാണ് പരസ്യ പ്രചാരണം അവസാനിക്കുന്നത്.
ALSO READ – ഇനി മഴക്കാലം, ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ഇടിവെട്ടി മഴ പെയ്യും
മണ്ഡലങ്ങളിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത് എന്നാണ് വിവരം. ശക്തി തെളിയിക്കാൻ എൻ ഡി എ യും ഇരുമുന്നണികൾക്കൊപ്പം തന്നെ ഉണ്ട്. വോട്ടു പിടിക്കാൻ മുഴുവൻ നേതാക്കളെയും കളത്തിൽ ഇറക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. ചേലക്കരയിൽ എൽ ഡി എഫിനായി യു ആർ പ്രദീപും യു ഡി എഫിനായി രമ്യ ഹരിദാസും എൻ ഡി എയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയാണ് യു ഡി എഫിന്റെ പോരാളി. സി പി ഐ നേതാവ് സത്യൻ മൊകേരിയാണ് എൽ ഡി എഫിനായി രംഗത്ത്. നവ്യ ഹരിദാസ് ആണ് എൻ ഡി എ സ്ഥാനാർഥി. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാണ് പ്രിയങ്ക ഗാന്ധി മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നത്. കൊട്ടിക്കലാശത്തിന് ആവേശം പകരാൻ പ്രിയങ്കയ്ക്ക് ഒപ്പം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കും.