5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad By Election Result 2024 : ട്വിസ്റ്റ് ഒന്നുമില്ല! വയനാടിൻ്റെ പ്രിയം കവര്‍ന്ന് പ്രിയങ്ക, നാല് ലക്ഷത്തിലധികം ലീഡ്‌

Wayanad Lok Sabha By Election Result 2024 : ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ പാലക്കാട്ടേക്കും, ചേലക്കരയിലേക്കും രാഷ്ട്രീയകേരളം ആകാംക്ഷയോടെ കണ്ണെറിഞ്ഞപ്പോള്‍, വയനാട് 'സസ്‌പെന്‍സ്' ലിസ്റ്റിലുണ്ടായിരുന്നില്ല. മണ്ഡലം രൂപീകരിച്ചതു മുതല്‍ ഐക്യജനാധിപത്യ മുന്നണിയ്‌ക്കൊപ്പം നിലയുറപ്പിച്ച വയനാട്‌ ഇത്തവണയും 'കൈ' വിടില്ലെന്ന് വ്യക്തമായിരുന്നു.

Wayanad By Election Result 2024 : ട്വിസ്റ്റ് ഒന്നുമില്ല! വയനാടിൻ്റെ പ്രിയം കവര്‍ന്ന് പ്രിയങ്ക, നാല് ലക്ഷത്തിലധികം ലീഡ്‌
പ്രിയങ്ക ഗാന്ധി (Image Courtesy : Priyanka Gandhi Facebook)
jayadevan-am
Jayadevan AM | Updated On: 23 Nov 2024 16:01 PM

പ്രിയങ്ക ഗാന്ധി ആദ്യമായി മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് ഇത്തവണ വയനാട്ടിനെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കിയത്. പ്രിയങ്കയെ ആദ്യമായി ലോക്‌സഭയില്‍ എത്തിക്കാനുള്ള നിയോഗം ഏറ്റെടുത്ത വയനാട്ടുകാര്‍ കോണ്‍ഗ്രസിന്‌ സമ്മാനിച്ചത് 4,04,619 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷമാണ്. 612020 വോട്ടുകളാണ് വയനാട്ടുകൾ പ്രിയങ്കയ്ക്ക് സമ്മാനിച്ചത്. കാര്യമായ വിജയപ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും മികച്ച പോരാട്ടം നടത്തുകയായിരുന്നു എല്‍ഡിഎഫിൻ്റെയും, എന്‍ഡിഎയുടെയും ലക്ഷ്യം. എന്നാല്‍ എതിരാളികളെ നിഷ്പ്രഭമാക്കിയായിരുന്നു പ്രിയങ്കയുടെ മുന്നേറ്റം.

പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ പ്രിയങ്ക സമഗ്രാധിപത്യം നേടി. വോട്ടെണ്ണി അരമണിക്കൂര്‍ പിന്നിടും മുമ്പേ പ്രിയങ്ക വിജയം ഉറപ്പിച്ചു. ലീഡ് എത്രയായിരിക്കും എന്നതില്‍ മാത്രമായിരുന്നു പിന്നീടുള്ള ആകാംക്ഷ. വിജയം മാത്രമല്ല, പ്രിയങ്കയ്ക്ക് അഞ്ച് ലക്ഷം ലീഡ് സമ്മാനിക്കുക എന്ന ദൗത്യമാണ് കോണ്‍ഗ്രസ് ഇവിടെ ഏറ്റെടുത്തിരുന്നത്. 2019ല്‍ രാഹുല്‍ നേടിയ 4,31,770 ലീഡാണ് കോണ്‍ഗ്രസിൻ്റെ മണ്ഡലത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. 64.72 ശതമാനം മാത്രമായിരുന്നു ഉപതിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ പോളിങ്. അഞ്ച് ലക്ഷം ലീഡെന്ന കോണ്‍ഗ്രസ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്നതായിരുന്നു ആ കണക്ക്. എന്നാല്‍ നാല് ലക്ഷത്തിനപ്പുറം ലീഡ് നേടാനായത് കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരും. 2019ല്‍ 80.33 ശതമാനം, 2024ല്‍ 72.92 ശതമാനം എന്നിങ്ങനെയായിരുന്നു വയനാട്ടിലെ പോളിങ് നിരക്ക്.

പോരാട്ടം പുറത്തെടുക്കാനാകാതെ ഇടതു ക്യാമ്പ്‌

മണ്ഡലത്തിന് പ്രത്യേക പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വ്യക്തിത്വമായ സിപിഐ നേതാവ് സത്യന്‍ മൊകേരിയായിരുന്നു ഇടതു സ്ഥാനാര്‍ഥി. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സത്യന്‍ മൊകേരിയായിരുന്നു വയനാട്ടിലെ സ്ഥാനാര്‍ഥി. അന്ന് കോണ്‍ഗ്രസിന്റെ എം.ഐ. ഷാനവാസിനോട് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 20,870 വോട്ടിനാണ് 2014ല്‍ ഷാനവാസ് ഇവിടെ ജയിച്ചത്.

ALSO READ : Palakkad By Election Result 2024: കോട്ടയ്ക്ക് കാവലായി രാഹുല്‍; പാലക്കാട്ടില്‍ മാങ്കൂട്ടത്തിലിന്റെ വോട്ടുകൂട്ടം

എന്നാൽ പത്ത് വര്‍ഷം മുമ്പത്തെ രാഷ്ട്രീയ സാഹചര്യങ്ങളല്ല ഇന്ന് വയനാട്ടിൽ. എങ്കിലും അന്ന് സത്യന്‍ മൊകേരി പുറത്തെടുത്ത പോരാട്ടവീര്യത്തിലായിരുന്നു ഇപ്രാവശ്യത്തെ ഇടതിൻ്റെ പ്രതീക്ഷ. എല്‍ഡിഎഫ് വിജയിക്കുമെന്ന് പറയുന്നില്ലെങ്കിലും, കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചത്. ഇന്ദിരാഗാന്ധി വരെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന ചരിത്രം ഓര്‍മിപ്പിച്ചായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. ഒപ്പം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, ജനങ്ങള്‍ക്ക് സമീപിക്കാന്‍ കഴിയുന്ന എംപിയെയാണ് വയനാട്ടുകാര്‍ക്ക് ആവശ്യമെന്നും ഇടത് ക്യാമ്പ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

എന്നാല്‍ ഇടത് പ്രതീക്ഷകളൊക്കെ അസ്ഥാനത്താക്കിയായിരുന്നു പ്രിയങ്കയുടെ മുന്നേറ്റം. കഷ്ടിച്ച് രണ്ട് ലക്ഷത്തിനപ്പുറം വോട്ട് മാത്രമാണ് മൊകേരിക്ക് നേടാനായത്. കഴിഞ്ഞ തവണ ആനി രാജ നേടിയ വോട്ടിന് (283,023) അടുത്തെത്താന്‍ പോലും സാധിച്ചില്ല. 2014ല്‍ മൊകേരിക്ക് മൂന്നര ലക്ഷത്തിലധികം വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ തന്നെ പരാജയം ഉറപ്പിച്ച ഇടതുസ്ഥാനാര്‍ത്ഥി പത്ത് മണിയോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ബിജെപിക്കും തിരിച്ചടി

കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മൂന്നാമതെത്തിയ അദ്ദേഹം എന്ന് 141,045 വോട്ടുകളാണ് നേടിയിരുന്നത്. സുരേന്ദ്രന് പകരം നവ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ എത്രത്തോളം പോരാട്ടം നടത്താനാകുമെന്നതായിരുന്നു ചോദ്യം. എന്നാല്‍ ഒരു ലക്ഷത്തിനപ്പുറം വോട്ട് നേടിയെങ്കിലും കഴിഞ്ഞ തവണത്തെ പ്രകടനം പുറത്തെടുക്കാന്‍ ബിജെപിക്കും ഇത്തവണ സാധിച്ചില്ല. പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ട് തേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് പ്രചാരണം നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നതിന് നവ്യ വിജയിക്കണമെന്നതായിരുന്നു ബിജെപി സ്വീകരിച്ച ‘ടാക്ടിസ്’.

ഒമ്പത് വര്‍ഷമായി കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്നയാളാണ് നവ്യ. രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുന്നത് വിനോദസഞ്ചാരത്തിനാണെന്ന ആരോപണമടക്കം നവ്യ പ്രചാരണത്തിലുയര്‍ത്തി. നവ്യ വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്ന് വരെ ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു. എങ്കിലും ഈ പ്രചാരണങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ ഫലിച്ചില്ലെന്നാണ് ഫലപ്രഖ്യാപനം വ്യക്തമാക്കിയത്.

Latest News