Wayanad By-Election 2024 : വയനാട്ടിൽ നിന്നും അറിയേണ്ടത് ഒരു ഉത്തരം മാത്രം; പ്രിയങ്കയുടെ ഭൂരിപക്ഷം എത്ര?

Wayanad By-Election Result 2024 : വയനാട്ടില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്, അഞ്ച് ലക്ഷം ലീഡെന്ന സ്വപ്‌നത്തിന് കുറഞ്ഞ പോളിങ് ശതമാനം വെല്ലുവിളി; യുഡിഎഫ് ഭൂരിപക്ഷം കുറയ്ക്കുമെന്ന് ഉറപ്പിച്ച് എല്‍ഡിഎഫും എന്‍ഡിഎയും

Wayanad By-Election 2024 : വയനാട്ടിൽ നിന്നും അറിയേണ്ടത് ഒരു ഉത്തരം മാത്രം; പ്രിയങ്കയുടെ ഭൂരിപക്ഷം എത്ര?

പ്രിയങ്ക ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് (Image Courtesy : Facebook)

Published: 

22 Nov 2024 17:56 PM

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ (Wayanad Elections) 2019 മുതല്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമാണ്. ആദ്യം വയനാട്ടിലെ തിരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ ശ്രദ്ധേയമായത് രാഹുല്‍ ഗാന്ധിയിലൂടെയാണെങ്കില്‍, ഇപ്പോള്‍ അത് സഹോദരി പ്രിയങ്ക ഗാന്ധിയിലൂടെയാണ്. അനായാസ ജയം ഉറപ്പെന്ന് കോണ്‍ഗ്രസും യുഡിഎഫും 100 ശതമാനം പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം. കാര്യമായ വിജയപ്രതീക്ഷയില്ലെങ്കിലും മികച്ച പോരാട്ടം കാഴ്ച വയ്ക്കുകയാണ് ഇടത് മുന്നണിയുടെയും എൻഡിഎയുടെയും ലക്ഷ്യം.

പ്രിയങ്ക ഗാന്ധിയാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ വ്യക്തമായിരുന്നു. സിപിഐ, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരാകുമെന്നതിലായിരുന്നു അഭ്യൂഹങ്ങള്‍ അത്രയും. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ നേരിട്ട ആനി രാജ ഇത്തവണ സിപിഐ സ്ഥാനാര്‍ഥിയാകില്ലെന്നതും വ്യക്തമായിരുന്നു. പീരുമേട് മുന്‍ എംഎല്‍എ ഇ.എസ്. ബിജിമോളടക്കം സിപിഐയുടെ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാനം സത്യന്‍ മൊകേരിയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. ഏറ്റവും അവസാനമാണ് ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വീണ്ടും മത്സരിക്കുമോയെന്നതിലായിരുന്നു പ്രധാന ആകാംക്ഷ. നടി ഖുശ്ബു അടക്കമുള്ളവരുടെ പേരുകളും അഭ്യൂഹങ്ങളില്‍ പ്രചരിച്ചു. ഒടുവില്‍ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് നവ്യ ഹരിദാസിനെയും.

ALSO READ : Chelakkara By Election 2024: ഡിഎംകെ സ്ഥാനാർഥി വരെയുള്ള ചേലക്കര, ആരെ തുണക്കും മണ്ഡലം?

കോണ്‍ഗ്രസ് ലക്ഷ്യം അഞ്ച് ലക്ഷം ലീഡ്

വിജയം മാത്രമല്ല, പ്രിയങ്കയ്ക്ക് അഞ്ച് ലക്ഷം ലീഡ് സമ്മാനിക്കുക എന്ന ദൗത്യമാണ് കോണ്‍ഗ്രസ് ഇവിടെ ഏറ്റെടുത്തിരിക്കുന്നത്. 2019ല്‍ രാഹുല്‍ നേടിയ 431770 ലീഡാണ് കോണ്‍ഗ്രസിന്റെ മണ്ഡലത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ഇതും മറികടന്ന് അഞ്ച് ലക്ഷത്തിനപ്പുറം എങ്ങനെ ലീഡ് എത്തിക്കുമെന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി.

64.72 ശതമാനമായിരുന്നു പോളിങ്. അഞ്ച് ലക്ഷം ലീഡെന്ന കോണ്‍ഗ്രസ് സ്വപ്‌നങ്ങള്‍ക്ക് മങ്ങൽ ഏപിക്കുന്നതാണ് ഈ കണക്ക്. പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ പോള്‍ ചെയ്തതിന്റെ 70 ശതമാനത്തിന് മുകളിലെങ്കിലും പ്രിയങ്കയ്ക്ക് ലഭിക്കണമെന്ന് ചുരുക്കം. 2019ല്‍ 80.33 ശതമാനം, 2024ല്‍ 72.92 ശതമാനം എന്നിങ്ങനെയായിരുന്നു വയനാട്ടിലെ പോളിങ് നിരക്ക്.

ഷാനവാസിനെ വിറപ്പിച്ച മൊകേരി

ശക്തമായ പോരാട്ടത്തില്‍ കുറഞ്ഞൊന്നും എല്‍ഡിഎഫ് ഇവിടെ ലക്ഷ്യമിടുന്നില്ല. മണ്ഡലത്തിന് പ്രത്യേക പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് സത്യന്‍ മൊകേരിയെന്നതാണ് ഇടത് ക്യാമ്പിന്റെ ആത്മവിശ്വാസം. 2014ല്‍ സത്യന്‍ മൊകേരിയായിരുന്നു വയനാട്ടിലെ സ്ഥാനാര്‍ഥി. അന്ന് കോണ്‍ഗ്രസിൻ്റെ എം.ഐ. ഷാനവാസിനോട് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 20,870 വോട്ടിനാണ് 2014ല്‍ ഷാനവാസ് ഇവിടെ ജയിച്ചത്.

10 വര്‍ഷം മുമ്പത്തെ രാഷ്ട്രീയ സാഹചര്യങ്ങളല്ല ഇന്ന്. എങ്കിലും അന്ന് സത്യന്‍ മൊകേരി പുറത്തെടുത്ത പോരാട്ടവീര്യത്തിലാണ് ഇടത് മുന്നണി പ്രതീക്ഷയർപ്പിക്കുന്നത്. എല്‍ഡിഎഫ് വിജയിക്കുമെന്ന് പറയുന്നില്ലെങ്കിലും, കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചത്.

ഇന്ദിരാഗാന്ധി വരെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന ചരിത്രം ഓര്‍മിപ്പിച്ചായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. ഒപ്പം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന, ജനങ്ങള്‍ക്ക് സമീപിക്കാന്‍ കഴിയുന്ന എംപിയെയാണ് വയനാട്ടുകാര്‍ക്ക് ആവശ്യമെന്നും ഇടത് ക്യാമ്പ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

ശക്തമായ പ്രചാരണവുമായി എന്‍ഡിഎ

പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ട് തേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് പ്രചാരണം നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നതിന് നവ്യ വിജയിക്കണമെന്നതായിരുന്നു ബിജെപി സ്വീകരിച്ച ‘ടാക്ടിസ്’.

ഒമ്പത് വര്‍ഷമായി കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്നയാളാണ് നവ്യ. രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുന്നത് വിനോദസഞ്ചാരത്തിനാണെന്ന ആരോപണമടക്കം നവ്യ പ്രചാരണത്തിലുയര്‍ത്തി. നവ്യ വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്ന് വരെ ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു.

വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍

നാടിനെ നടുക്കിയ ഉരുള്‍പൊട്ടല്‍ നടന്നിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രസഹായം ലഭിക്കാത്തത് ഇടത്, വലത് മുന്നണികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പോലെ ഉന്നയിച്ചു. രാത്രി യാത്ര നിരോധനം, വന്യ ജീവി ആക്രമണം, വയനാട് മെഡിക്കല്‍ കോളേജ് തുടങ്ങിയ വിഷയങ്ങളും പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മുന്നണികള്‍ ആയുധമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി മതചിഹ്നം ഉപയോഗിച്ചുവെന്നതായിരുന്നു ഇടതുപക്ഷം ഉന്നയിച്ച ഒരു ആരോപണം. മേപ്പാടിയിലെ ഭക്ഷ്യകിറ്റ് വിവാദം, തിരുനെല്ലിയില്‍ കിറ്റ് പിടികൂടിയ സംഭവം അടക്കം ഏറെ ചര്‍ച്ചയായിരുന്നു.

Related Stories
Delhi Election 2024 : ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒറ്റഘട്ടം
Kerala Local Body By Election: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; എൽഡിഎഫിന് മൂന്നിടത്ത് ഭരണം നഷ്ടമാകും
Maharashtra CM : പത്ത് ദിവസത്തെ അനിശ്ചിതത്വം, ഒടുവിൽ തീരുമാനം ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും
Hemant Soren: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
Wayand By Election 2024: 240-ാം തവണയും തോല്‍ക്കാനെത്തിയ പത്മരാജനും കിട്ടി മൂന്നക്ക നമ്പറില്‍ വോട്ട്; വയനാട് ഈ 65കാരന് സമ്മാനിച്ചത്‌
Kalpana Soren: ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട്; ജാർഖണ്ഡിലെ ആദിവാസി വനിതകളുടെ ശബ്ദമായി മാറി കല്പന സോറൻ
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ