5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad By-Election 2024: പാലക്കാട് മണ്ഡലത്തിൽ ഇന്ന് അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

Public Holiday in Palakkad Assembly Constituency: സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവർക്കും അവധി ബാധകമാണ്.

Palakkad By-Election 2024: പാലക്കാട് മണ്ഡലത്തിൽ ഇന്ന് അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
Representational Image (Image Credits: PTI)
nandha-das
Nandha Das | Updated On: 20 Nov 2024 07:52 AM

പാലക്കാട്: വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ പാലക്കാട്ടെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പ് നടക്കുന്നത് പ്രമാണിച്ച് ഇന്ന് പാലക്കാട് നിയോജക മണ്ഡലത്തിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കുമാണ് പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവർക്കും അവധി ബാധകമാണ്. വേതനത്തോട് കൂടിയ അവധിയാണ് ജില്ലാ കളക്ടർ ഡോ.എസ് ചിത്ര പ്രഖ്യാപിച്ചത്.

രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടിങ് യന്ത്രങ്ങൾ ഉൾപ്പടെയുള്ള പോളിംഗ് സാമഗ്രികൾ ഇന്നലെ തന്നെ അതാത് സ്ഥലങ്ങളിൽ എത്തിച്ചിട്ടുണ്ട്. പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ വെച്ചായിരുന്നു പോളിംഗ് ഉദ്യോഗസ്ഥർക്ക് പോളിംഗ് സാമഗ്രികൾ കൈമാറിയത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഇവയെല്ലാം തിരിച്ചെത്തിക്കുന്നതും ഇവിടെ തന്നെയാണ്. തുടർന്ന് രാത്രിയോടെ, കോളേജിലെ ന്യൂ തമിഴ് ബ്ലോക്കിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകളിലേക്ക് ഇവ മാറ്റും.

ആകെ മൊത്തം 184 പോളിംഗ് സ്റ്റേഷനുകളാണ് ള്ളത്. അതിൽ നാല് ഓക്സിലറി ബൂത്തുകളും ഉൾപ്പെടുന്നു. 736 ഓഫീസർമാരെയാണ് നിയമിച്ചിരിക്കുന്നത്. റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങൾ എന്നിവ എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്. ഒമ്പത് മാതൃക പോളിംഗ് ബൂത്തുകളും വനിതാ ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരു പോളിംഗ് സ്റ്റേഷനുമാണ് മണ്ഡലത്തിൽ ഉണ്ടാവുക.

1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുക. ഇതിൽ 1,00,290 വോട്ടർമാരും സ്ത്രീകളാണ്. വോട്ടർമാരിൽ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ് പ്രായമുള്ളവരുമാണ്. കൂടാതെ, 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാൻസ്‍ജിൻഡർമാരും ഉൾപ്പെടുന്നു. പട്ടികയിൽ 229 പ്രവാസി വോട്ടർമാരുമുണ്ട്.

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി പ്രത്യേക സജ്ജീകരങ്ങൾ ഒരുക്കിയിട്ടുണ്ട്. വെണ്ണക്കര സർക്കാർ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാർക്ക് മാത്രമുള്ള പോളിംഗ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്. മാത്തൂർ എഎൽപി സ്കൂളിലാണ് ഏറ്റവും കൂടുതൽ ഭിന്നശേഷി വോട്ടർമാരുള്ളത്.

ALSO READ: വോട്ട് കാത്ത് ‘പെട്ടി’; ജനം വിധിയെഴുതുന്നു, പാലക്കാട് പോളിങ് ബൂത്തിലേക്ക്‌

ഇന്നത്തെ വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും ഏറെ നിർണായകമാണ്. ഷാഫി പറമ്പിൽ മിന്നും വിജയം കാഴ്ചവെച്ച പാലക്കാട് നിലനിർത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് വിട്ട ഡോ. പി സരിൻ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കൃഷ്ണകുമാറിലൂടെ പാലക്കാട് മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം, സന്ദീപ് വാരിയർ ബിജെപിയിൽ നിന്നും കോൺഗ്രസിൽ ചേർന്നതും മണ്ഡലത്തിൽ വലിയ രീതിയിൽ ചർച്ചയ്ക്ക് ഇടവെച്ചിട്ടുണ്ട്.

ഇതിൽ ആര് പാലക്കാട് പിടിച്ചെടുക്കുമെന്നറിയാൻ നവംബര്‍ 23 വരെ കാത്തിരിക്കണം. പാലക്കാട്, ചേലക്കര, വയനാട് എന്നീ കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും നവംബര്‍ 23നാണ് വോട്ടെണ്ണല്‍. കല്പാത്തി രഥോത്സവത്തെ തുടര്‍ന്നാണ് പാലക്കാട് തിരഞ്ഞെടുപ്പ് വൈകിയത്.

മണ്ഡലത്തിലെ മൂന്ന് ഇടങ്ങളിലായുള്ള ഏഴ് വോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. കൂടാതെ 58 ബൂത്തുകൾ പ്രശ്ന സാധ്യത പട്ടികയിലുണ്ട്. ഈ ബൂത്തുകയിൽ കേന്ദ്ര സുരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ അധിക സുരക്ഷ ഒരുക്കും.