Kerala Local Body By Election: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം; എൽഡിഎഫിന് മൂന്നിടത്ത് ഭരണം നഷ്ടമാകും
Kerala Local Body By Election 2024 Result: തൃശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂർ എന്നീ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തതോടെ എൽഡിഎഫിന് മൂന്ന് പഞ്ചായത്തുകളിലെ ഭരണം നഷ്ടമാകും.
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം. ആകെ 31 സീറ്റിൽ 17 സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. 11 സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ ബിജെപി മൂന്ന് സീറ്റുകളും സ്വന്തമാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് എൽഡിഎഫിന് 15 സീറ്റുകളും, യുഡിഎഫിന് 13 സീറ്റുകളും, ബിജെപിക്ക് മൂന്ന് സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ, യുഡിഎഫ് തൃശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂർ എന്നീ പഞ്ചായത്തുകൾ പിടിച്ചെടുത്തതോടെ എൽഡിഎഫിന് മൂന്ന് പഞ്ചായത്തുകളിലെ ഭരണം നഷ്ടമാകും.
നാട്ടികയിൽ യുഡിഎഫ് അഞ്ച്, എൽഡിഎഫ് അഞ്ച് എന്ന അവസ്ഥയിലായിരുന്നു ഇതുവരെ. എന്നാൽ ഇപ്പോൾ നാട്ടികയിലെ ഒൻപതാം വാർഡ് തിരിച്ചുപിടിച്ചതോടെ യുഡിഎഫിന് ആറു സീറ്റ് ലഭിച്ചിരിക്കുകയാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി ബിനു ആണ് 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കിയത്.
അതുപോലെ, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിലെ പന്നൂർ വാർഡും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി ദിലീപ് കുമാർ 127 വോട്ടുകൾക്കാണ് വാർഡ് പിടിച്ചെടുത്തത്. യുഡിഎഫിലെ ഒരു അംഗം മറു പാർട്ടിയിലേക്ക് ചാടിയതിനെ തുടർന്നാണ് യുഡിഎഫിന് ഇവിടെ ഭരണം നഷ്ടമായത്. പാലക്കാട് തച്ചമ്പാറയിലും ഏഴ്-ഏഴ് എന്ന നിലയിലാരുന്നു യുഡിഎഫും എൽഡിഎഫും. എന്നാൽ, വോട്ടെണ്ണലിന്റെ അവസാന നിമിഷങ്ങളിലേക്ക് എത്തിയപ്പോൾ യുഡിഎഫിന് എട്ട് സീറ്റ് ലഭിച്ചു.
ഫലത്തിന്റെ പൂർണരൂപം:
തിരുവനന്തപുരം
- വെള്ളറട പഞ്ചായത്തിലെ കരിക്കാമൻകോഡ് വാർഡ് ബിജെപിയിലെ അഖില മനോജ് 130 വോട്ടുകളുടെ ഭൂരിപക്ഷം നേടി സീറ്റ് നീലനിർത്തി.
കൊല്ലം
- വെസ്റ്റ് കല്ലട പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ സിപിഐയിലെ സിന്ധു 92 വോട്ടുകളുടെ ഭൂരിപക്ഷം നേടിയതോടെ യുഡിഎഫിൽ നിന്നും സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.
- കുന്നത്തൂർ പഞ്ചായത്തിലെ തെറ്റിമുറി വാർഡ് ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാർഥി എൻ തുളസി 164 വോട്ടുകൾക്കാണ് വിജയിച്ചത്.
- ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി വാർഡിൽ സിപിഎം സ്ഥാനാർഥി മഞ്ജു 87 വോട്ടുകൾ നേടി സീറ്റ് നിലനിർത്തി.
- തേവലക്കര ഓഞ്ചായത്തിലെ കോയിവിള തെക്ക് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ അജിതയാണ് 108 വോട്ടുകൾ നേടി സീറ്റ് സ്വന്തമാക്കിയത്.
- തേവലക്കര പഞ്ചായത്തിലെ പാലക്കൽ വടക്കിൽ കോൺഗ്രസിലെ ബിസ്മി അനസ് 148 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ചു. ഇതോടെ എൽഡിഎഫിന് സിറ്റിംഗ് സീറ്റ് നഷ്ടമായി.
- ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് സിപിഎം സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ അഡ്വ. ഉഷാ ബോസ് 43 വോട്ടുകൾക്കാണ് വിജയിച്ചത്.
പത്തനംതിട്ട
- കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂർ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി 1209 വോട്ടിന്റെ ഭൂരിപക്ഷം നേടി സീറ്റ് നിലനിർത്തി.
- പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ശരത് മോഹൻ 245 വോട്ടുകൾ അധികം നേടി സീറ്റ് നിലനിർത്തി.
- നിരണം പഞ്ചായത്തിലെ കിഴക്കുംമുറി എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഇരുപത്തിയെട്ട് വർഷമായി എൽഡിഎഫ് നിലനിർത്തി വന്ന സീറ്റിൽ, കോൺഗ്രസിലെ മാത്യു ബേബി 214 വോട്ടുകൾക്കാണ് വിജയിച്ചത്.
- എഴുമറ്റൂർ പഞ്ചായത്തിലെ ഇരുമ്പുകുഴി വാർഡിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി റാണി 48 വോട്ടുകൾക്കാണ് വിജയിച്ചത്.
- അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാർഡ് സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടുകൾ അധികം നേടി നിലനിർത്തി.
ആലപ്പുഴ
- ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് വാർഡ് സിപിഎമ്മിലെ അരുൺദേവ് 1911 വോട്ടുകളുടെ ഭൂരിപക്ഷം നേടി നിലനിർത്തി.
- പത്തിയൂർ പഞ്ചായത്തിലെ എരുവ വാർഡ് കോൺഗ്രസിലെ ദീപക് 99 വോട്ടുകൾ നേടി സിപിഎമ്മിൽ നിന്നും പിടിച്ചെടുത്തു.
കോട്ടയം
- ഈരാറ്റുപേട്ട നഗരസഭയിലെ കുസീവേലി ഡിവിഷൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി റുബീന നാസർ 100 വോട്ടുകൾ അധികം നേടി നിലനിർത്തി.
- അതിരമ്പുഴ പഞ്ചായത്തിലെ ഐടിഐ വാർഡ് കോൺഗ്രസിലെ മാത്യു ടിഡി 216 വോട്ടുകൾ കൂടുതൽ നേടി എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തു.
ഇടുക്കി
- ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി വാർഡ് കോൺഗ്രസ് സ്ഥാനാർഥി സാന്ദ്രമോൾ ചിന്നി 753 വോട്ടുകളുടെ ഭൂരിപക്ഷം നേടി സീറ്റ് നിലനിർത്തി.
- ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിലെ പന്നൂർ വാർഡ് എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ ദിലീപ് കുമാർ 177 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥി ജെയിനിനെ തോല്പിച്ചത്.
തൃശൂർ
- കൊടുങ്ങല്ലൂർ നഗരസഭയിലെ ചേരമാൻ ജുമാ മസ്ജിദ് വാർഡിൽ ബിജെപി സ്ഥാനാർഥി ഗീത റാണി 66 വോട്ടുകൾക്ക് വിജയിച്ച് സീറ്റ് നിലനിർത്തി.
- ചൊവ്വന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ്-പൂശപ്പിള്ളി ഉപതെരഞ്ഞെടുപ്പിൽ 25 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി സെബി വിജയിച്ചു.
- നാട്ടിക പഞ്ചായത്തിലെ ഗോഖലെ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി പി വിനു 115 വോട്ടുകൾക്കാണ് വിജയിച്ചത്.
പാലക്കാട്
- ചാലിശ്ശേരി പഞ്ചായത്തിലെ ചാലിശ്ശേരി മെയിൻ റോഡ് വാർഡ് കോൺഗ്രസ് സ്ഥാനാർഥി സുജിത 104 വോട്ടുകൾ നേടി സീറ്റ് നിലനിർത്തി.
- തച്ചമ്പാറ പഞ്ചായത്തിലെ കോഴിയോട് എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ അലി തേക്കത്ത് 28 വോട്ടുകൾക്കാണ് വിജയിച്ചത്.
- കൊടുവായൂർ പഞ്ചായത്തിലെ സിപിഎം സിറ്റിംഗ് സീറ്റ് എ മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷം നേടി നിലനിർത്തി.
മലപ്പുറം
- മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിർത്തി.
- മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷൻ കോൺഗ്രസ് സ്ഥാനാർഥി ഫൈസൽ മോൻ 43 വോട്ടുകൾ അധികം നേടി സിപിഎമ്മിൽ നിന്നും പിടിച്ചെടുത്തു.
- തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡ് 550 വോട്ടുകളുടെ ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർഥി ലൈല ജലീൽ സിപിഎമ്മിൽ നിന്നും പിടിച്ചെടുത്തു.
- ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡ് 410 വോട്ടുകളുടെ ഭൂരിപക്ഷം നേടി സിപിഎമ്മിലെ അബ്ദുറു കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തു.
കോഴിക്കോട്
- കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാർഡ് കോൺഗ്രസിലെ കൃഷ്ണദാസാണ് 234 വോട്ടുകൾ കൂടുതൽ നേടി സിറ്റിംഗ് സീറ്റ് നിലനിർത്തി.
കണ്ണൂർ
- മാടായി പഞ്ചായത്തിലെ മാടായിയിൽ എൽഡിഎഫ് സ്ഥാനാർഥി മണി പവിത്രൻ 234 വോട്ടുകൾ അധികം നേടി സിറ്റിംഗ് സീറ്റ് നിലനിർത്തി.
- കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം വാർഡിൽ സിപിഎമ്മിലെ രതീഷ് 199 വോട്ടുകളുടെ ഭൂരിപക്ഷം നേടി സിറ്റിംഗ് സീറ്റ് നിലനിർത്തി.