Rahul Mamkootathil: പാലക്കാടൻ കോട്ട കാക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ! കന്നിയങ്കത്തിൽ ചരിത്രം പിറക്കുമോ?
Rahul Mamkootathil: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഹുലിന്റെ പാർട്ടി പ്രവേശനം. കെ.എസ്.യു വിന്റെ യൂണിറ്റ് മുതൽ അഖിലേന്ത്യ തലം വരെയുള്ള ചുമതല വഹിച്ചിത് ശേഷമാണ് യൂത്ത് കോൺഗ്രസിലേക്ക് എത്തിയത്.
ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയകളിലും കോൺഗ്രസിന്റെ മുഖവും നാവുമായി മാറിയ വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരമുഖങ്ങളിൽ രാഹുൽ സാധാരണക്കാരുടെ ശബ്ദമായി മാറി. പാലക്കാട് നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കന്നിയങ്കത്തിന് ഇറങ്ങുന്ന രാഹുലിന് മേൽ പാർട്ടി നൽകുന്ന ഭാരിച്ച ഉത്തരവാദിത്തമാണ്. 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ നെഞ്ചോട് ചേർത്ത മണ്ഡലം കെെവിടരുതെന്ന ഉത്തരവാദിത്തം.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഹുലിന്റെ പാർട്ടി പ്രവേശനം. കെ.എസ്.യു വിന്റെ യൂണിറ്റ് മുതൽ അഖിലേന്ത്യ തലം വരെയുള്ള ചുമതല വഹിച്ചിത് ശേഷം യൂത്ത് കോൺഗ്രസിലേക്ക്. 2007-08 കാലഘട്ടത്തിൽ യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം പ്രസിഡന്റായാണ് സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. കെ.എസ്.യുവിന്റെ വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. കെ.എസ്.യു അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് (2008), യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (എംജി യൂണിവേഴ്സിറ്റി), KSU പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി (2009-2017), കെ.എസ്.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് (2017) എന്ന് ചുമതലകൾ വഹിച്ചു. തുടർന്ന് കെ.എസ്.യുവിന്റെ സംസ്ഥാന നേതൃനിരയിലേക്ക്. KSU സംസ്ഥാന ജനറൽ സെക്രട്ടറി (2017-2018) ആയതിന് പിന്നാലെ 2018-2021കാലയാളവിൽ എൻ.എസ്.യു (I)ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചു. 2021-ലാണ് യൂത്ത് കോൺഗ്രസ് നേതൃനിരയിലേക്ക് എത്തുന്നത്. 2023 വരെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്.
1989 നവംബർ 12 ന് പരേതനായ രാജേന്ദ്രകുറുപ്പിന്റെയും ബീന കുറുപ്പിന്റെയും മകനായാണ് ജനനം. ഇരട്ട ബിരുദാനന്തര ബിരുദമുള്ള രാഹുൽ നിലവിൽ എംജി യൂണിവേഴ്സിറ്റിൽ പിഎച്ച്ഡി ചെയ്യുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായി വിദ്യാഭ്യാസം. അച്ഛൻ വിടവാങ്ങിയതിന് ശേഷം, അദ്ദേഹത്തിന്റെ ഖദറിട്ട നിമിഷത്തെ വൈകാരികതയാണ് തന്നെ കോൺഗ്രസുകാരനാക്കി മാറ്റിയതെന്ന് പല ഇന്റർവ്യൂകളിലും രാഹുൽ പറഞ്ഞിട്ടുണ്ട്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫോട്ടോ ഫിനിഷിലൂടെയാണ് ഷാഫി പറമ്പിൽ മണ്ഡലം നിലനിർത്തിയത്. അപ്രതീക്ഷിതമായെത്തിയാണ് കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ മണ്ഡലത്തിൽ തരംഗം തീർത്തത്. വിജയിക്കുന്നതിന് മുമ്പ് ഓഫീസ് പോലും തുറന്ന മെട്രോ മാനെ ഫോട്ടോ ഫിനിഷിലൂടെയാണ് ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. ഒരുവേള ഇ ശ്രീധരൻ ജയമുറപ്പിച്ചിടത്തു നിന്നാണ് ഷാഫിയുടെ ഹാട്രിക് മുന്നേറ്റം. ഒടുവിൽ ഫലം വരുമ്പോൾ 3,850 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി നിയമസഭയിലേക്ക്.
എന്നാൽ മൂന്ന് വർഷത്തിനിപ്പുറം ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഷാഫിയെ പാലക്കാട് നിർത്തിയത് ബിജെപിയെ ജയിപ്പിക്കാനുള്ള വഴിവെട്ടലാണെന്നും കോൺഗ്രസും ബിജെപിയും തമ്മിലുള്ള കൂട്ടുകച്ചവടമാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുവേളയിൽ സിപിഎമ്മും ഇടതുപക്ഷവും ആരോപിച്ചു. അതുകൊണ്ടു തന്നെ പാലക്കാടൻ കോട്ട നിലനിർത്തുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടമാണ്. ഇവിടേക്കാണ് ജനവിധി തേടാൻ ഷാഫി എത്തുന്നത്.
1956-ലെ മണ്ഡല രൂപീകരണം മുതൽ ഭൂരിഭാഗം തെരഞ്ഞടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്ന പാലക്കാട് ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലമാണെങ്കിലും നല്ല സ്ഥാനാർത്ഥികളെ നിർത്തിയാൽ വിജയം കെെവരിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. ഷാഫി ഇല്ലാത്ത മണ്ഡലം പിടിച്ചടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഒപ്പം ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിച്ചതും ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നു. കോൺഗ്രസിനാണെങ്കിൽ മണ്ഡലം നിലനിർത്തേണ്ടത് അഭിമാന പ്രശ്നവും.