K Balakrishnan: അടിയുറച്ച കോൺഗ്രസ് കുടുംബത്തിൽ നിന്നും ആർഎസ്എസിലേക്ക്; അന്നുമുതൽ ബിജെപിയുടെ സജീവ സാന്നിധ്യം, ആരാണ് കെ ബാലകൃഷ്ണൻ
BJP Candidate K Balakrishnan: അടിയുറച്ച കോൺഗ്രസ് കുടുംബത്തിൽ നിന്നും വരുന്ന ബാലകൃഷ്‍ണൻ, ഏകദേശം 25 വർഷങ്ങൾക്ക് മുൻപാണ് ബിജെപിയിൽ ചേരുന്നത്.
കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ച് കഴിഞ്ഞു. ചേലക്കരയിൽ കെ. ബാലകൃഷ്ണനാണ് മത്സരത്തിനിറങ്ങുന്നത്. നിലവിൽ ചേലക്കരയിലെ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയാണ് കെ ബാലകൃഷ്ണൻ. തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
അടിയുറച്ച കോൺഗ്രസ് കുടുംബത്തിൽ നിന്നും വരുന്ന ബാലകൃഷ്‍ണൻ, ഏകദേശം 25 വർഷങ്ങൾക്ക് മുൻപാണ് ബിജെപിയിൽ ചേരുന്നത്. അന്നുമുതൽ ബിജെപിയുടെ സജീവ സാന്നിധ്യമായ ബാലകൃഷ്ണൻ നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി. രാഷ്ട്രീയ സ്വയംസേവക് സംഘത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തന്റെ പ്രവർത്തനങ്ങളിലൂടെ തൃശ്ശൂരിലെ ജനകളുടെ മനസ്സിൽ ഇടം നേടിയ ബാലകൃഷ്ണൻ തൃശ്ശൂരിൽ ബിജെപിയുടെ ശക്തനായ പോരാളി തന്നെയാണ്.
ALSO READ: നഗരസഭയിലേതുപോലെ പാലക്കാടൻ മണ്ഡലത്തിലും താമര വിരിയിക്കുമോ സി കൃഷ്ണകുമാർ?
2015 മുതൽ തിരുവില്വാമല പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് അംഗമാണ് ബാലകൃഷ്ണൻ. അദ്ദേഹം രണ്ടു തവണ തിരുവില്വാമല പഞ്ചായത്ത് 14 ആം വാർഡ് മെമ്പർ കൂടിയായിരുന്നു. ഇതിനു പുറമെ, ചേലക്കര നിയോജകമണ്ഡലം പ്രസിഡന്റായും, പാർട്ടിയുടെ പഞ്ചായത്ത് ജനറൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു.
തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല സ്വദേശിയായ കെ ബാലകൃഷ്ണൻ (48) കൂടാരംകുന്നു വീട്ടിൽ വേശയുടെ ഏക മകനാണ്. പത്താം ക്ലാസ് വരെയേ പഠിക്കാൻ സാധിച്ചുള്ളൂവെങ്കിലും, പൊതുപ്രവർത്തന രംഗത്ത് നിരവധി സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബാലകൃഷ്ണന്റെ ഭാര്യ സന്ധ്യ മോൾ. ദമ്പതികൾക്ക് ഐശ്വര്യ ബി കൃഷ്ണ, ആതിര ബി കൃഷ്ണ, വൈഷ്ണവ് ബി കൃഷ്ണ എന്നീ മൂന്ന് മക്കളാണുള്ളത്.