Kerala High School SAY Exam: മിനിമം മാര്‍ക്ക് നേടാനാകാത്തവര്‍ക്ക് പ്രത്യേക ക്ലാസ്; എട്ടാം ക്ലാസില്‍ കൂടുതല്‍ തോല്‍വിയുള്ളത് വയനാട്ടില്‍
Kerala 8th Class SAY Exam From April 25th: ഹിന്ദിയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് നഷ്ടപ്പെട്ടത്. ഇംഗ്ലീഷില്‍ കുറവ് തോല്‍വിയാണ് രേഖപ്പെടുത്തിയത്. ഇനിയും സ്‌കൂളുകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കാനുണ്ട്. ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് വാങ്ങിക്കണം. മിനിമം മാര്‍ക്ക് എന്ന സമ്പ്രദായത്തെ എതിര്‍ക്കുന്നവര്‍ കുട്ടികളുടെ സ്ഥിതി മനസിലാക്കണമെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു.

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് വാങ്ങിക്കാന്‍ സാധിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 2241 സ്‌കൂളില്‍ നിന്നും ലഭ്യമായ വിവരം അനുസരിച്ച് എട്ടാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ തോല്‍വി ഉള്ളത് വയനാട് ജില്ലയിലാണ്. 6.3 ശതമാനമാണ് ഇവിടെ. കുറവ് തോല്‍വിയുള്ളത് കൊല്ലം ജില്ലയിലാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
ഹിന്ദിയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് നഷ്ടപ്പെട്ടത്. ഇംഗ്ലീഷില്‍ കുറവ് തോല്‍വിയാണ് രേഖപ്പെടുത്തിയത്. ഇനിയും സ്‌കൂളുകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കാനുണ്ട്. ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് വാങ്ങിക്കണം. മിനിമം മാര്‍ക്ക് എന്ന സമ്പ്രദായത്തെ എതിര്‍ക്കുന്നവര്‍ കുട്ടികളുടെ സ്ഥിതി മനസിലാക്കണമെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു.
ഓരോ ജില്ലാടിസ്ഥാനത്തിലും മിനിമം മാര്‍ക്ക് കണക്കുകള്‍ പരിശോധിക്കും. ഒരു വിഷയത്തില്‍ മാത്രം കൂടുതല്‍ കുട്ടികള്‍ തോല്‍ക്കുന്നത് പരിശോധിക്കേണ്ടതുണ്ട്. എഴുത്ത് പരീക്ഷയില്‍ യോഗ്യത മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കണം. ആ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 8 മുതല്‍ 24 വരെ പ്രത്യേക ക്ലാസുകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.




രാവിലെ 9.30 മുതല്‍ 12.30 വരെയായിരിക്കും ക്ലാസുണ്ടായിരിക്കുക. ഏപ്രില്‍ 25 മുതല്‍ പുനപരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 30ന് ഫലം പ്രസിദ്ധീകരിക്കും. അടുത്ത വര്‍ഷം ഏഴാം ക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.